UPDATES

കായികം

രോഹിത് മറുവശത്തുണ്ടെങ്കില്‍ പിന്നെ എല്ലാം അനായാസമാണ് ക്യാപ്റ്റന്‍ കോഹ്‌ലി

47 പന്തുകള്‍ ശേഷിക്കെയാണ് വീന്‍ഡിസിനെതിരെ ഇന്ത്യ അനായാസ ജയം നേടിയത്.

രോഹിത് ശര്‍മ്മ പുറത്താകാതെ നേടിയ 152 റണ്‍സിന്റെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഇന്നലെ പരാജയപ്പെടുത്തിയത്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 323 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യക്ക് രണ്ടാം വിക്കറ്റില്‍ ക്യപ്റ്റന്‍ വിരാട് കോഹ് ലിയും(140) രോഹിത് ശര്‍മ്മ(152) ചേര്‍ന്ന് നേടിയ റണ്‍സ് കൂട്ടുകെട്ടാണ് വിജയം സമ്മാനിച്ചത്. ഏകദിനത്തില്‍ വിന്‍ഡീസിനെതിരേ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡാണ് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേര്‍ന്ന് കുറിച്ചത്. 47 പന്തുകള്‍ ശേഷിക്കെയാണ് വീന്‍ഡിസിനെതിരെ ഇന്ത്യ അനായാസ ജയം നേടിയത്. ജയം പൂര്‍ത്തിയാക്കുമ്പോള്‍ രോഹിത്തിനൊപ്പം 22 റണ്‍സുമായി അമ്പാട്ടി റായുഡു പുറത്താവാതെ നിന്നു.

അതേസമയം വെസ്റ്റ് ഇന്‍ഡീസ് നിര ബാറ്റിംഗില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു. രോഹിതിനൊപ്പം മികവോടെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തങ്ങള്‍ ഇരുവരും ചേര്‍ന്നുള്ള അഞ്ചാമത്തെയോ ആറാമത്തെയോ ഇരുന്നൂറു റണ്‍സ് കൂട്ടുകെട്ടായിരുന്നു ഇതെന്നും കോഹ്‌ലി പറഞ്ഞു. രോഹിത് ഷര്‍മ്മ മറുവശത്ത് ഉണ്ടെങ്കില്‍ എല്ലാം അനായാസമാണെന്നും കോഹ്‌ലി പറഞ്ഞു.

മത്സരത്തില്‍ 88 പന്തുകളില്‍ നിന്നാണ് രോഹിത് ശര്‍മ്മ തന്റെ 36 ാം സെഞ്ച്വറി നേടിയത്. സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യയില്‍ കളിച്ച ഏകദിനങ്ങളില്‍ നിന്നു മാത്രം 4000 റണ്‍സ് തികയ്ക്കാന്‍ രോഹിത്തിനു കഴിഞ്ഞു. ഇതിനായി വെറും 87 ഇന്നിംഗ്സുകള്‍ മാത്രമേ രേഹിതിന് വേണ്ടിവന്നുള്ളൂ. 107 പന്തുകളില്‍ നിന്നും 21 ബൗണ്ടറികളും രണ്ടു സിക്സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്സ്. അദ്ദേഹത്തിന്റെ 36ാമത് ഏകദിന സെഞ്ച്വറി നേട്ടം കൂടിയാണിത്.

കരിയറിലെ മൂന്നാമത്തെ ഏകദിന സെഞ്ച്വറി നേടിയ വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മെയറിന്റെ സെഞ്ച്വറി നേട്ടം വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഏകദിനത്തില്‍ ഏറ്റവും കുറച്ച് ഇന്നിങ്സുകളില്‍ ഈ നേട്ടം കൈവരിച്ച വെസ്റ്റ് ഇന്‍ഡീസ് താരമെന്ന റെക്കോര്‍ഡ് ഇതോടെ അദ്ദേഹത്തിന്റെ പേരിലായി. 13 ഇന്നിങ്സുകളില്‍ നിന്നാണ് ഹെറ്റ്മെയര്‍ മൂന്നു സെഞ്ച്വറികള്‍ കണ്ടെത്തിയത്. 16 ഇന്നിങ്സുകളില്‍ നിന്നും മൂന്നു സെഞ്ച്വറികള്‍ നേടിയ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്സിനെ അദ്ദേഹം പിന്തള്ളുകയായിരുന്നു.

നേരത്തേ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റിച്ചുകൊണ്ട് വിന്‍ഡീഡ് തകര്‍ത്തടിക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 322 റണ്‍സ് അവര്‍ അടിച്ചെടുത്തു. ഷിംറോണ്‍ ഹെറ്റ്മിറിന്റെ (106) തകര്‍പ്പന്‍ സെഞ്ച്വറിയാണ് വിന്‍ഡീസിന് കരുത്തായത്. വെറും 78 പന്തുകളില്‍ ആറു വീതം ബൗണ്ടറികളും സിക്സറുമുള്‍പ്പെട്ടതാണ് ഹെറ്റ്മിറിന്റെ ഇന്നിങ്സ്. കിരെണ്‍ പൊള്ളാര്‍ഡാണ് (51) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 39 പന്തുകളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്സറുമുള്‍പ്പെട്ടതായിരുന്നു പവെലിന്റെ ഇന്നിങ്സ്. ചന്ദര്‍പോള്‍ ഹേംരാജ് (9), ഷെയ് ഹോപ്പ് (32), മര്‍ലോണ്‍ സാമുവല്‍സ് (0), റോവ്മെന്‍ പവെല്‍ (22), ജാസണ്‍ ഹോള്‍ഡര്‍ (38), ആഷ്ലി നഴ്സ് (2) എന്നിവരാണ് പുറത്തായ താരങ്ങള്‍. മറുപടി ബാറ്റിംഗിനിലറങ്ങിയ ഇന്ത്യക്ക് മത്സരത്തില്‍ തുടക്കത്തിലെ തന്നെ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായിരുന്നു. ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ ഒഷാനെ തോമസിന്റെ പന്തിലാണ് ധവാന്‍ പുറത്തായത്.
മൂന്നു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചഹലാണ് ഇന്ത്യന്‍ ബൗളിങില്‍ തിളങ്ങിയത്. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഖലീല്‍ അഹമ്മദിന് ഒരു വിക്കറ്റ് ലഭിച്ചു. പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച വിശാഖപട്ടണത്തു നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍