UPDATES

കായികം

PREVIEW: ഒന്നാംസ്ഥാനം ഉറപ്പിക്കാന്‍ ഇന്ത്യ; തിരിച്ചുവരാന്‍ വിന്‍ഡീസ്

നീണ്ട സ്‌പെല്ലുകള്‍ ചെയ്യുന്നതില്‍ പേരുകേട്ട വിന്‍ഡീസ് പേസ് നിര നാട്ടിലെ തങ്ങളുടെ മികവ് ഉപഭൂഖണ്ഡത്തിലും തുടര്‍ന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച പരീക്ഷണമാകും.

Avatar

അമീന്‍

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച രാജ്‌കോട്ടില്‍ തുടക്കമാകുന്നു. രണ്ടു ടെസ്റ്റുകള്‍ മാത്രമുള്ള പരമ്പരയില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ കളിച്ച അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ 1-4 തോല്‍വിയുടെ ക്ഷീണം മറക്കുക മാത്രമല്ല പരമ്പരയിലെ കനത്ത തോല്‍വി ഇന്ത്യയുടെ ടെസ്റ്റ് റാങ്കിങിലെ ഒന്നാം സ്ഥാനത്തിനും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഈ പരമ്പരയുടെയുടെയും ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ പരമ്പരയുടെ ഫലങ്ങള്‍ ആശ്രയിച്ചിരിക്കും ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാംസ്ഥാനം. വിന്‍ഡീസ് പരമ്പരയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ പര്യടത്തിനു പോകുന്ന ഇന്ത്യക്ക് ഒന്നാംസ്ഥാനത്തിനായി വരും നാളുകളില്‍ കടുത്ത പോരാട്ടം തന്നെ നടത്തേണ്ടി വരും. അതിനാല്‍, ഓസീസ് പരമ്പരയ്ക്ക് മുമ്പുള്ള തയ്യാറെടുപ്പ് കൂടിയാണ് നാട്ടില്‍ നടക്കുന്ന വിന്‍ഡീസിനെതിരായ പോരാട്ടം.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ടീമില്‍ നിന്ന് ഒരുപിടി മാറ്റവുമായാണ് ഇന്ത്യ വിന്‍ഡീസിനെതിരെ ഇറങ്ങുന്നത്. ഇംഗ്ലണ്ട് പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായ ഓപ്പണര്‍മാരെ മാറ്റിയത് സ്വാഭാവിക നടപടിയായി. മുരളി വിജയും ശിഖര്‍ ധവാനും ടീമിന് പുറത്താണ്. ഏഷ്യാ കപ്പില്‍ പരമ്പരയിലെ താരമായ ധവാനെ ടീമില്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലാണ് ഓപ്പണിങില്‍ ഉറപ്പുള്ള ഒരാള്‍. രാജ്‌കോട്ടില്‍ മുംബൈയുടെ യുവതാരം പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമാണ് ഓപ്പണിങില്‍ രാഹുലിന്റെ പങ്കാളിയാവാന്‍ സാധ്യതയുള്ളവര്‍. ഇവരില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന പൃഥ്വി ഷാ രാജ്‌കോട്ടില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് നിലവില്‍ ടീം വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍.

ഏഷ്യാകപ്പില്‍ പുറത്തിരുന്ന വിരാട് കോഹ്ലി ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ടൂര്‍ണമെന്റില്‍ ക്യാപ്റ്റനായും ഓപ്പണറായും മിന്നുന്ന പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ഒരിക്കല്‍ക്കൂടി തഴഞ്ഞു. ഓപ്പണിങ് സ്ഥാനത്തേക്ക് രോഹിത്തിനെ പരിഗണിക്കണമെന്ന ആവശ്യം വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് താരത്തിന് പതിനാലംഗ ടീമില്‍ കൂടി ഇടം നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയില്‍ ടീമിലുണ്ടായിട്ടും ഒരവസരം പോലും ലഭിക്കാതിരുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ കരുണ്‍ നായരെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ചേതേശ്വര്‍ പൂജാര, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവര്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്താകും മധ്യനിരയില്‍ ബാറ്റ് വീശുക.

വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റില്‍ നാലു സെഞ്ച്വറികളുള്ള ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ടീമില്‍ സ്ഥാനമുറപ്പാണ്. രണ്ട് സ്പിന്നര്‍മാരുമായാണ് ടീം ഇറങ്ങുന്നതെങ്കില്‍ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ക്കേ സ്ഥാനം ലഭിക്കൂ. അതേസമയം, ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ പ്രധാന പേസര്‍മാരായ ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമമനുവദിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ടീമിലില്ലാത്തത് ഇന്ത്യയുടെ പേസാക്രമണത്തിന്റെ മൂര്‍ച്ച കാര്യമായി കുറയ്ക്കും. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് പേസ് നിരയിലുള്ളത്. ഓസീസ് പര്യടനത്തിന് അവകാശവാദമുന്നയിക്കാന്‍ ഇവര്‍ക്ക് ലഭിക്കുന്ന അവസരമാകും വിന്‍ഡീസ് പരമ്പര.

ഇന്ത്യന്‍ മണ്ണില്‍ സമീപകാലത്തെ പ്രകടനം അത്ര മെച്ചമല്ലെങ്കിലും മോശമായ ടീമല്ല വെസ്റ്റിന്‍ഡീസിന്റേത്. കഴിവു കൊണ്ടും കളി കൊണ്ടും ടീമിനെ ജയിപ്പിക്കാനാകുന്ന താരങ്ങള്‍ വിന്‍ഡീസിനുണ്ട്. ടെസ്റ്റ് റാങ്കിങില്‍ എട്ടാംസ്ഥാനത്തുള്ള വിന്‍ഡീസിന് തിരിച്ചുവരവ് നടത്താനുള്ള അവസരം കൂടിയാണ് രണ്ടു ടെസ്റ്റുകള്‍ മാത്രമുള്ള പരമ്പര. ഒരു ടെസ്റ്റ് ജയിച്ചാല്‍ പോലും ഒന്നാം നമ്പര്‍ ടീമിനെതിരെ പരമ്പര ഉറപ്പാക്കാനാകുമെന്നത് ജേസണ്‍ ഹോള്‍ഡറുടെ ടീമിനെ സംബന്ധിച്ചിടത്തോളം ആവേശകരമാണ്. ജൂലൈയില്‍ നടന്ന ബംഗ്ലാദേശിനെതിരായ പരമ്പര 2-0ന് തൂത്തുവാരിയ ആത്മവിശ്വാസത്തോടെയാണ് അവര്‍ എത്തുന്നതും.

ഷായ് ഹോപ്, ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ്, സുനില്‍ ആംബ്രിസ്, കീറണ്‍ പവല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വിന്‍ഡീസ് ബാറ്റിങ് നിര മോശമല്ല. മുന്‍നിരയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്ന ക്യാപ്ടന്‍ ജേസണ്‍ ഹോള്‍ഡറും കെമര്‍ റോച്ചും ഷെയ്ന്‍ ഡോവ്രിക്കുമൊക്കെ ഉള്‍പ്പെടുന്ന ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റിങ് നിരയ്ക്ക് നല്‍കുന്ന ആഴമാണ് വെസ്റ്റിന്‍ഡീസിനെ കൂടുതല്‍ അപകടകാരികളാക്കുന്നത്. ഇംഗ്ലണ്ടിനെതിരെ അവസാന അഞ്ചു വിക്കറ്റുകള്‍ നേടുന്നതില്‍ വന്ന പാകപ്പിഴകളാണ് ഇന്ത്യക്ക് പലപ്പോഴും വിജയം നഷ്ടമാക്കിയത് എന്നത് ആതിഥേയ ടീമിനെ സംബന്ധിച്ച് അത്ര നല്ല സൂചനയല്ല നല്‍കുന്നത്.

പേസ് ബൗളിങ്ങില്‍ കരുത്തരാണ് വിന്‍ഡീസ്. കെമര്‍ റോച്ച്, ജേസണ്‍ ഹോള്‍ഡര്‍, ഷാനന്‍ ഗബ്രിയേല്‍ തുടങ്ങിയവരാണ് വിന്‍ഡീസ് പേസ് നിര നയിക്കുന്നത്. നീണ്ട സ്‌പെല്ലുകള്‍ ചെയ്യുന്നതില്‍ പേരുകേട്ട വിന്‍ഡീസ് പേസ് നിര നാട്ടിലെ തങ്ങളുടെ മികവ് ഉപഭൂഖണ്ഡത്തിലും തുടര്‍ന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച പരീക്ഷണമാകും. വിന്‍ഡീസ് പേസ് നിരയിലെ അപകടകാരിയായ കെമര്‍ റോച്ച് ആദ്യ ടെസ്റ്റിനുണ്ടാവില്ല എന്നത് ഇന്ത്യക്ക് ആശ്വാസകരമാണ്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ വെറും എട്ടു റണ്‍സ് വിട്ടുകൊടുത്താണ് റോച്ച് അഞ്ചു വിക്കറ്റെടുത്തത്. മുത്തശ്ശി മരിച്ചതിനാല്‍ റോച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍, കീമോ പോളിനെയും ഷെര്‍മന്‍ ലൂയിസിനെയും പോലുള്ള മികച്ച പേസര്‍മാര്‍ അവസരം കാത്ത് വിന്‍ഡീസ് നിരയിലുണ്ട്.

ബാറ്റ് കൊണ്ടും പന്തുകൊണ്ടും ടീമിന്റെ രക്ഷകനാകുന്ന ക്യാപ്റ്റന്‍ ഹോള്‍ഡറും സൂക്ഷിക്കേണ്ട താരമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 33.50 ശരാശരിയില്‍ 805 റണ്‍സിനൊപ്പം 59 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട് വിന്‍ഡീസ് നായകന്‍. ലെഗ് സ്പിന്നര്‍ ദേവേന്ദ്ര ബിഷൂവാണ് വിന്‍ഡീസ് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുന്നത്. 32 ടെസ്റ്റുകളില്‍ 106 വിക്കറ്റുകള്‍ നേടിയിട്ടുള്ള ബിഷൂവിന് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ലഭിക്കുന്ന മികച്ച അവസരമാണ് ഇന്ത്യന്‍ പരമ്പര. ബാറ്റിങ് ഓള്‍റൗണ്ടര്‍ റോസ്റ്റണ്‍ ചേസും യുവതാരം ജോമെല്‍ വരിക്കാനുമാകും സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ബിഷുവിന് പിന്തുണയേകുക.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍