UPDATES

കായികം

രഹാനെയുടെ ഇന്നിംഗ്‌സ് കരകയറ്റി; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയില്‍

163 പന്തില്‍ നിന്ന് പത്ത് ഫോറുകള്‍ അടക്കം 81 റണ്‍സാണ് അജിങ്ക്യ രഹാനെ സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തി. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 68.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 203 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 200 റണ്‍സ് പോലും ഇന്ത്യ നേടില്ലെന്ന് തോന്നിയിടത്ത് നിന്ന് അജിങ്ക്യ രഹാനെയുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് നേട്ടമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ മായങ്ക് അഗര്‍വാളും തൊട്ടുപിന്നാലെ ചേതേശ്വര്‍ പൂജാരയും പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 7 റണ്‍സ് മാത്രം. പിന്നീടെത്തിയ വിരാട് കോഹ്‌ലിക്കും കാര്യമായി ഒന്നും ചെയ്യനായില്ല. 9 റണ്‍സ് മാത്രമെടുത്ത കോഹ്ലിയെ ഗബ്രിയേല്‍ വീഴ്ത്തി. 25 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമായപ്പോള്‍ ലോകേഷ് രാഹുലും അജിങ്ക്യ രഹാനെയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ 93 റണ്‍സ് ആയപ്പോള്‍ ലോകേഷ് മടങ്ങി. എന്നാല്‍ ഓപ്പണറായി എത്തിയ ലോകേഷ് രാഹുല്‍ 97 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയാണ് പുറത്തായത്.

ലോകേഷ് രാഹുല്‍ മടങ്ങിയെങ്കിലും അജിങ്ക്യ രഹാനെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. അഞ്ചാം വിക്കറ്റില്‍ ഹനുമാന്‍ വിഹാരിയുമായി ചേര്‍ന്നും അജിങ്ക്യ രഹാനെ സ്‌കോര്‍ ഉയര്‍ത്തി. 56 പന്തില്‍ നിന്ന് 32 റണ്‍സാണ് വിഹാരി നേടിയത്. സ്‌കോര്‍ ബോര്‍ഡില്‍ 189 റണ്‍സായപ്പോഴാണ് ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായത്. 163 പന്തില്‍ നിന്ന് പത്ത് ഫോറുകള്‍ അടക്കം 81 റണ്‍സാണ് അജിങ്ക്യ രഹാനെ സ്വന്തമാക്കിയത്. 20 റണ്‍സുമായി ഋഷഭ് പന്തും മൂന്ന് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ക്രീസിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് മൂന്ന് വിക്കറ്റുകളും, ഷനോന്‍ ഗബ്രിയേല്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസന്‍ ഹോള്‍ഡര്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍