UPDATES

ട്രെന്‍ഡിങ്ങ്

മറക്കില്ല യുവി ആ ആറു സിക്സറുകള്‍; ആ പോരാട്ടവീര്യവും

2011 ഏകദിന ലോകകപ്പ് ഇന്ത്യ നേടിയപ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയാണ് യുവി ആരാധകരെ കൈയ്യിലെടുത്തത്.

മൈതാനത്തും ജീവിതത്തിലും പോരാട്ട വീര്യത്തിന്റെ ഉദാത്ത മാതൃക കാണിച്ചു തന്ന താരം. എതിരാളികളെ പിന്തുടര്‍ന്ന് തോല്‍പ്പിക്കേണ്ടി വരുന്ന ഘട്ടങ്ങളില്‍ ഇന്ത്യയുടെ മധ്യനിരയ്ക്ക് ശക്തി നല്‍കിയ യുവരാജ്. മനസില്‍ ഉറപ്പിച്ച വിജയം നേടിയെടുക്കാന്‍ പൊരുതി കളിച്ച താരം. ബാറ്റിംഗിന് പുറമെ ബൗളിംഗിലും പ്രതിസന്ധി ഘട്ടങ്ങളിലെ രക്ഷകന്‍. മൈതാനത്ത് ഒരു വശത്ത് മുഹമ്മദ് കൈഫ് റണ്‍ ഒഴുക്ക് തടയാന്‍ പന്തിനെ ഓടി തോല്‍പ്പിക്കുമ്പോള്‍ മറുവശത്ത് പോയന്റില്‍ പന്തിനൊപ്പം കുതിച്ച് ചാടി ബൗണ്ടറി കാത്ത യുവി. മൈതാനത്തിന് പുറത്തും താരത്തിന്റെ പ്രകടനം പോരാട്ടവീര്യം നിറഞ്ഞതായിരുന്നു. ശ്വാസകോശത്തില്‍ കാന്‍സര്‍ പിടിപ്പെട്ടതിന് ശേഷം മാസങ്ങളോളം ആശുപത്രികിടക്കയിലായിരുന്നെങ്കിലും വെല്ലുവിളികള്‍ ഏറ്റെടുത്ത് ക്രിക്കറ്റിന്റെ പിച്ചിലേക്ക് വീണ്ടും പാഞ്ഞടുത്തു.

സൗരവ് ഗാംഗുലിക്ക് കീഴില്‍ തുടങ്ങി, ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം കളിച്ചു, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, ജവഗല്‍ ശ്രീനാഥ് എന്നിവര്‍ക്കൊപ്പവും മൈതാനത്ത് ഇറങ്ങി. ക്രിക്കറ്റിനെ പ്രണയിച്ച് പടിയിറങ്ങുന്ന യുവിക്ക് ക്രിക്ക്റ്റ് വന്‍ നേട്ടങ്ങളാണ് സമ്മാനിച്ചത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ലോകക്രിക്കറ്റില്‍ ആരാധകരെ നേടിയെടുത്ത താരമായിരുന്നു ഇന്ത്യയുടെ യുവരാജ് സിംഗ്. സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഏറെ ആരാധക ശ്രദ്ധപിടിച്ച് പറ്റിയ താരം രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ട്വന്റി-ട്വന്റി, ഏകദിന ലോകകപ്പുകള്‍ ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരം, 2007-ലെ ട്വന്റി-20 ക്രിക്കറ്റില്‍ ഒരോവറിലെ മുഴുവന്‍ പന്തുകളിലും സിക്‌സറിടിച്ച താരം, 2011-ല്‍ നീലപ്പടയുടെ ഉയര്‍ത്തെഴുന്നേല്‍പിന് നിര്‍ണായകമായ താരം ഇങ്ങനെ യുവിക്ക് ആരാധകര്‍ക്കിടയില്‍ വിശേഷണങ്ങള്‍ ഏറെയാണ്.

”ഇന്ത്യന്‍ മുന്‍ താരം യോഗ് രാജ് സിങ്ങിന്റെ മകനായതിനാല്‍, ക്രിക്കറ്റല്ലാതെ മറ്റൊരു കായിക ഇനത്തില്‍ പരീക്ഷണം നടത്താന്‍ പേടിയായിരുന്നു”വെന്ന് യുവരാജ് പറയുന്നു. ”എനിക്ക് ക്രിക്കറ്റ് ഇഷ്ടമാണ്, പക്ഷേ ഞാനതിനെ വെറുക്കുകയും ചെയ്യുന്നു. ഇന്ന് എനിക്കുള്ളതെല്ലാം നല്‍കിയത് ക്രിക്കറ്റാണ്, അതുകൊണ്ടാണ് എനിക്ക് സ്‌നേഹമുള്ളത്. മാനസികമായി ഏറെ ബുദ്ധിമുട്ടാക്കിയതിനാലാണ് ക്രിക്കറ്റിനെ വെറുക്കുന്നത്”- വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍മ്പ് യുവിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 1983-ലെ ലോകകപ്പ്‌ ടീമില്‍ തന്നെ ഉള്‍പ്പെടുത്താത്തതിന് അച്ഛന്‍ മകനിലൂടെ പ്രതികാരം ചെയ്തതായിരുന്നു യുവരാജിന്റെ ക്രിക്കറ്റ് ജീവിതം. തുടക്കകാലത്ത് താന്‍ അതിന്റെ സമ്മര്‍ദ്ദങ്ങള്‍ ഏറെ അനുഭവിച്ചിരുന്നുവെന്ന് യുവരാജ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. യോഗ് രാജ് സിംഗിന്റെ മകനായ തനിക്ക് മുന്നില്‍ മറ്റ് ഓപ്ഷനുകള്‍ ഇല്ലായിരുന്നു എന്ന് ഇന്നലെ യുവി പറഞ്ഞതും അതുകൊണ്ട് തന്നെ.

വ്യത്യസ്തമായ ബാറ്റിംഗ് ശൈലി കൊണ്ട് കൈയ്യടി നേടിയ യുവി ഇന്ത്യന്‍ ടീമിന്റെ ചരിത്രത്തിലെ വിശ്വസ്തനായ ഏറ്റവും നല്ല മധ്യനിര ബാറ്റ്‌സ്മാന്‍ ആയിരുന്നു. കുറഞ്ഞ പന്തുകളില്‍ കൂടുതല്‍ റണ്‍സ് അതായിരുന്നു താരത്തിന്റെ രീതി. പേസ് ബൗളര്‍മാരെ കടന്നാക്രമിച്ചിരുന്ന താരം സ്പിന്നിനെയും അനായാസം നേരിട്ടിരുന്നു. കൂടുതല്‍ ബാക്ക് ലിഫ്റ്റ് ചെയ്തുള്ള കളിയാണ് താരത്തെ ബാറ്റിംഗില്‍ വ്യത്യസ്തമാക്കിയത്. ബൗള്‍ ലംങ്ത് വളരെ കൃത്യമായി മുന്‍കൂട്ടി അറിയാന്‍ യുവിക്ക് സാധിച്ചിരുന്നു. ഒരു കാലത്ത് പൊരുതി നേടുന്നതില്‍ സൗരവ് ഗാംഗുലിയുടെ വജ്രായുധങ്ങളായിരുന്നു യുവരാജും ദ്രാവിഡും ഹര്‍ഭജനും സഹീര്‍ഖാനുമെല്ലാം. ഇന്ത്യന്‍ ടീമില്‍ യുവിക്ക് ശേഷം മികച്ച മധ്യനിര ബാറ്റ്‌സ്മാന്റെ വിടവ് നികത്താന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ ലോകകപ്പില്‍ ഉള്‍പ്പെടെ ബാറ്റിംഗില്‍ നാലാമന്‍ ആര് എന്ന ചോദ്യം ഉയര്‍ന്നപ്പോഴും യുവരാജിന്റെ പേര് ഉയര്‍ന്നു. എന്നത് താരത്തിന് കിട്ടിയ വലിയ അംഗീകാരം തന്നെ ആയിരുന്നു.

ഇന്ത്യയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും രക്ഷകനായി എത്തിയിരുന്നു യുവി. 2011 ലോകകപ്പില്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ യുവിയിലെ കരുത്തനായ പ്രതിഭയുടെ പ്രകടനവും നിര്‍ണായകമായി. ഇന്ത്യ കളിച്ച ഒമ്പത് കളികളില്‍ നാലിലും യുവരാജ് ആയിരുന്നു മാന്‍ ഓഫ് ദി മാച്ച്, ഒപ്പം മാന്‍ ഓഫ് ദി സീരീസും. സച്ചിന്‍ തെന്‍ഡുല്‍റുടെ അവസാന ലോകകപ്പായിരുന്നു അത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് മാന്യമായ യാത്രയയപ്പ് നേടികൊടുത്തതില്‍ യുവരാജിന്റെ പങ്കും അന്ന് ശ്രദ്ധിക്കപ്പെട്ടു. അന്ന് സച്ചിനെ കെട്ടിപിടിച്ച് കരയുന്ന യുവിയുടെ ചിത്രം മതി താരത്തിന്റെ ക്രിക്കറ്റിനോടുണ്ടായിരുന്ന വൈകാരികമായ ബന്ധം വെളിപ്പെടുത്താന്‍. ഈ ലോകകപ്പിന് ശേഷമാണ് യുവിക്ക് കാന്‍സര്‍ ബാധിച്ചുവെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകം ഞെട്ടലോടെ സ്വീകരിച്ചത്. പിന്നീട് മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷം താരം വീണ്ടും ക്രിക്കറ്റ് പിച്ചിലേക്ക്. രണ്ടാം വരവ് വേണ്ടത്ര രീതിയില്‍ ശോഭിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. പലപ്പോഴും ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു.

2000-ല്‍ ശ്രീലങ്കയില്‍ നടന്ന ഐസിസി അണ്ടര്‍-19 ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് യുവരാജ് സിംഗിന് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. മുഹമ്മദ് കൈഫ് നായകനായ ടീമില്‍ യുവരാജ് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ആതിഥേയരായ ശ്രീലങ്കയെ തോല്പിച്ച് ഇന്ത്യ കന്നി കിരീടം നേടിയതിന് പുറമേ യുവരാജ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായും തെരഞ്ഞെടുക്കപ്പെട്ടു. അധികം കാത്തിരിക്കേണ്ടി വന്നില്ല. അതേവര്‍ഷം ഒക്ടോബറില്‍ തന്നെ ഇന്ത്യന്‍ ടീമിലേയ്ക്ക് വിളിയെത്തി. കെനിയയിലെ നെയ്‌റോബി വേദിയായ ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റിനുള്ള ടീമിലാണ് യുവരാജിനെ ഉള്‍പ്പെടുത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ കെനിയയ്‌ക്കെതിരേ യുവരാജ് ബാറ്റ് ചെയ്യുന്നതിന് മുന്‍പ് ഇന്ത്യ ജയിച്ചു. എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന രണ്ടാം മത്സരത്തില്‍ യുവരാജ് കൊടുങ്കാറ്റായി. 84 റണ്‍സ് നേടിയ യുവിയുടെ മികവില്‍ ഇന്ത്യ ഓസീസിനെ 20 റണ്‍സിന് തോല്പിച്ചു. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്വന്തമാക്കി യുവി.

പിന്നീടങ്ങോട്ട് ടീം ഇന്ത്യയില്‍ യുവരാജ് സ്ഥാനം ഉറപ്പിക്കുകയായിരുന്നു. നീലപ്പടയുടെ മധ്യനിരയുടെ വിശ്വസ്തന്‍. എത്‌ വെല്ലുവിളിയും ഏറ്റെടുത്ത് എതിരാളികളെ പരാജയപ്പെടുത്തുമെന്ന ഉറച്ചമനസോടെ പൊരുതുന്ന താരം. ബാറ്റ്‌കൊണ്ട് നേടാന്‍ കഴിയാത്തിടത്ത് ബൗളുകൊണ്ട് നേട്ടം കൊയ്തവന്‍. ഏത് വെല്ലുവിളിയും ഏറ്റെടുത്ത് ഇന്ത്യയെ വിജയതീരത്ത് എത്തിക്കുമായിരുന്നു യുവരാജ്. നോക്കൗട്ട് ടുര്‍ണമെന്റിന് ശേഷം പല മത്സരങ്ങളിലും യുവി ടീമിന്റെ ജയത്തില്‍ നിര്‍ണായകമായി.

എം.എസ് ധോണി ഇന്ത്യന്‍ നായക സ്ഥാനത്തേക്കു കയറിയപ്പോഴും യുവരാജിലെ പ്രതിഭയുടെ പ്രകടനം നിര്‍ണായകമായിരുന്നു. 2007-ല്‍ പ്രഥമ ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യ നേടിയതോടെയാണ് ധോണി നായകസ്ഥാനം ഉറപ്പിക്കുന്നത്. ടൂര്‍ണമെന്റില്‍ യുവരാജ് മിന്നുന്ന ഫോമിലായിരുന്നു. സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ നേടിയ ആറ് സിക്‌സറുകള്‍ ഇപ്പോഴും ആരാധകര്‍ തെരഞ്ഞ് പിടിച്ച് കാണുന്നു. മത്സരത്തില്‍ 12 പന്തില്‍ യുവരാജ് അര്‍ധശതകം പൂര്‍ത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അര്‍ധശതകമെന്ന ഈ റിക്കാര്‍ഡ് ഇതുവരെ തിരുത്തപ്പെട്ടിട്ടില്ല. അന്ന് ക്യാപ്റ്റന്‍ ആന്‍ഡ്ര്യൂ ഫ്ലിന്റോഫ് പ്രകോപിപ്പിച്ചതും മുന്‍ മത്സരത്തില്‍ മസ്കരാനാസ് തനിക്കെതിരെ അഞ്ചു ബോളുകളില്‍ സിക്സറുകള്‍ നേടിയതുമായിരുന്നു ബ്രോഡിലൂടെ യുവി കണക്ക് തീര്‍ത്തത്.  സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ 30 പന്തില്‍ 70 റണ്‍സ് അടിച്ചുകൂട്ടി യുവരാജ് മാന്‍ ഓഫ് ദ മാച്ചായി. മത്സരത്തില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളര്‍മാരില്‍ ഒരാളായ ബ്രറ്റ് ലീയ്‌ക്കെതിരേ നേടിയ 119 മീറ്റര്‍ സിക്‌സറും എടുത്തു പറയേണ്ടതാണ്.

2011 ഏകദിന ലോകകപ്പ് ഇന്ത്യ നേടിയപ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയാണ് യുവി ആരാധകരെ കൈയ്യിലെടുത്തത്. 362 റണ്‍സും 15 വിക്കറ്റും നേടി ലോകകപ്പിലെ നാല് മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ചായി. ഈ ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരേയുള്ള മത്സരത്തില്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ അഞ്ച് വിക്കറ്റും അര്‍ധശതകവും സ്വന്തമാക്കി. ലോകകപ്പിലെ ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റും അര്‍ധശതകവും നേടിയ ഏക താരവും യുവരാജ് തന്നെ. ശ്രീലങ്കയുടെ അരവിന്ദ ഡിസില്‍വ (1996), ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്‌നര്‍ (1999) എന്നിവര്‍ക്ക് ശേഷം ഒരു ലോകകപ്പില്‍ നാല് മാന്‍ ഓഫ് ദ മാച്ചുകള്‍ നേടുന്ന ഏക താരവുമായി യുവരാജ്.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍