UPDATES

ക്യാപ്റ്റന്‍ രോഹിത്ത്, നിങ്ങള്‍ പ്രവചിച്ച ആ ‘സൂര്യന്‍’ ഉദിച്ചിരിക്കുന്നു!

ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച ശേഷം രോഹിത്ത് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു ”Sun will rise again tomorrow ??” (സൂര്യന്‍ നാളെ വീണ്ടുമുദിക്കും). ടീമില്‍ ഉള്‍പ്പെടുത്താതിലുള്ള തന്റെ പ്രതിഷേധവും തിരിച്ചുവരുമെന്ന ആത്മവിശ്വാസവും രോഹിത് ഈ വാക്കുകളില്‍ ഒതുക്കിയിരുന്നു.

Avatar

അമീന്‍

രണ്ടു മാസം മുമ്പ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാതെ പോയതില്‍ ഒട്ടുംതന്നെ സന്തോഷവാനായിരുന്നില്ല ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്ത് ശര്‍മ. ഏകദിന, ടി-20 ടീമുകളില്‍ അവിഭാജ്യ ഘടകമായ രോഹിത്തിന് 18 അംഗ ടെസ്റ്റ് ടീമില്‍ പോലും ഇടംപിടിക്കാനായില്ല. ടീം പ്രഖ്യാപിച്ച ശേഷം രോഹിത്ത് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു ”Sun will rise again tomorrow ??” (സൂര്യന്‍ നാളെ വീണ്ടുമുദിക്കും). ടീമില്‍ ഉള്‍പ്പെടുത്താതിലുള്ള തന്റെ പ്രതിഷേധവും തിരിച്ചുവരുമെന്ന ആത്മവിശ്വാസവും രോഹിത് ഈ വാക്കുകളില്‍ ഒതുക്കിയിരുന്നു. ആ പ്രവചനം സത്യമാകാന്‍ താരത്തിന് ഏറെയൊന്നും കാത്തിരിക്കേണ്ടി വന്നില്ല. 74 ദിവസങ്ങള്‍ക്കിപ്പുറം ഇന്ത്യക്ക് ഏഴാം ഏഷ്യാകപ്പ് സമ്മാനിച്ച് രോഹിത് തന്റെ പ്രവചനം സത്യമാക്കിയിരിക്കുന്നു.

തുടര്‍ച്ചയായ കളികളും പുറംവേദയും മൂലം സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയ്ക്ക് വിശ്രമം നല്‍കിയപ്പോള്‍ ഏഷ്യാകപ്പില്‍ ടീമിനെ നയിക്കാന്‍ മാനേജ്‌മെന്റിന് മുന്നില്‍ രോഹിത് ശര്‍മയേക്കാള്‍ മികച്ച ഓപ്ഷനുകളൊന്നും ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിര കോഹ്‌ലിയുടെ അഭാവത്തില്‍ ഓലപ്പാമ്പുകളായിരിക്കുമെന്ന് കരുതിയ എതിര്‍ ടീമുകള്‍ക്ക് മുന്നിലാണ് രോഹിത്ത് തന്ത്രജ്ഞനായ ക്യാപ്റ്റന്റെയും സ്ഥിരതയാര്‍ന്ന ഓപ്പണറുടെയും റോളില്‍ അവതരിക്കുന്നത്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് രോഹിത്ത് ടീം ഇന്ത്യയെ ഏഴാം ഏഷ്യാകപ്പില്‍ എത്തിച്ചത്. ടുര്‍ണമെന്റില്‍ രോഹിത്ത് നയിച്ച എല്ലാ കളികളിലും ഇന്ത്യ ജയിച്ചു. രോഹിത്ത് ഉള്‍പ്പെടെയുള്ള പ്രധാ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയ അഫ്ഗാനിസ്ഥാനെതിരായ മത്സരം ടൈ ആയെങ്കിലും ടീമിനെ നയിച്ചത് എം.എസ്.ധോണിയായിരുന്നു.

ഏഷ്യാകപ്പില്‍, തന്റെ അലസതയൊക്കെ വിട്ട് ക്യാപ്റ്റന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത ഒരു മികച്ച കളിക്കാരനെയാണ് രോഹിത്തില്‍ കാണാനായത്. ഓപ്പണിങ് വിക്കറ്റില്‍ ശിഖര്‍ ധവാനോടൊപ്പം രോഹിത് ഉണ്ടാക്കിയ കൂട്ടുകെട്ടുകളാണ് ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകമായത്. ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍മാരും ഇവര്‍ തന്നെ. ധവാന്‍ അഞ്ചു കളികളില്‍ രണ്ടു സെഞ്ച്വറികള്‍ ഉള്‍പ്പെടെ 342 റണ്‍സെടുത്ത് ടൂര്‍ണമെന്റിലെ താരമായപ്പോള്‍ രോഹിത് ഇത്രയും മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 317 റണ്‍സെടുത്തു. പാക്കിസ്ഥാനെതിരെ ഇരുവരും ചേര്‍ന്നെടുത്ത് 210 റണ്‍സ് ഏകദിന ചരിത്രത്തിലെ തന്നെ അവര്‍ക്കെതിരായ ഇന്ത്യയുടെ വലിയ കൂട്ടുകെട്ടാണ്.

റണ്‍വേട്ടയില്‍ മുന്നില്‍ ധവാനാണെങ്കിലും എല്ലാ കളികളിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ രോഹിത്തിനായി. കൂടുതല്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചതും രോഹിത് തന്നെ. 23, 52, 83*, 111*, 48 എന്നിങ്ങനെയാണ് പരമ്പരയില്‍ രോഹിത്തിന്റെ സ്‌കോറുകള്‍. ഇതില്‍ സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയുമുള്ള മത്സരങ്ങളില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് ടീം വിജയതീരത്തെത്തും വരെ രോഹിത് ക്രീസില്‍ ഉണ്ടായിരുന്നു. രോഹിത്തിന്റെ പ്രകടനസ്ഥിരത അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരിയിലും പ്രതിഫലിക്കുന്നുണ്ട്. 105.66 ആണ് പരമ്പരയിലെ ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റിങ് ശരാശരി. ശരാശരിയില്‍ രണ്ടാംസ്ഥാനത്തുള്ള പാക് താരം ഷുഐബ് മാലിക്കിനുള്ളത് 70.33 മാത്രം. ടോപ്പ് സ്‌കോറര്‍ ധവാനാകട്ടെ 68.40ഉം.

ക്യാപ്റ്റനെന്ന നിലയിലും രോഹിത്തിന്റെ റെക്കോഡുകള്‍ അമ്പരപ്പിക്കുന്നതാണ്. 2017ലെ ശ്രീലങ്കന്‍ പര്യടനത്തിലാണ് രോഹിത് ആദ്യമായി ഇന്ത്യന്‍ ക്യാപ്റ്റനാകുന്നത്. കോഹ്‌ലിയ്ക്ക് വിശ്രമം നല്‍കിയ സാഹചര്യത്തിലായിരുന്നു അന്നും ക്യാപറ്റന്‍ സ്ഥാനം രോഹിത്തിനെ തേടിയെത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര 2-1നും ടി-20 പരമ്പര 3-0നും രോഹിത്ത് ടീം ഇന്ത്യക്ക് നേടിക്കൊടുത്തു. പിന്നീട് ഈ വര്‍ഷം നടന്ന ശ്രീലങ്കയും ബംഗ്ലാദേശും ഉള്‍പ്പെട്ട നിതാഹാസ് ട്രോഫിയിലും രോഹിത്ത് ടീമിനെ നയിച്ചപ്പോള്‍ ഫലം മറ്റൊന്നായിരുന്നില്ല. ഗ്രൂപ്പ് സ്റ്റേജിലെ നാലില്‍ മൂന്ന് മത്സരങ്ങളിലും ജയിച്ച് ഒന്നാമതെത്തിയ ടീം ഫൈനലില്‍ ബംഗ്ലാദേശിനെ അവസാന പന്തില്‍ തോല്‍പിച്ച് കപ്പില്‍ മുത്തമിട്ടു. ദിനേശ് കാര്‍ത്തിക്കിന്റെ വെടിക്കെട്ടാണ് ടീമിനെ വിജയിപ്പിച്ചതെങ്കിലും ഫൈനലില്‍ അര്‍ധസെഞ്ച്വറി നേടിയ രോഹിത്തിന്റെ പ്രകടനമാണ് ടീമിനെ ബംഗ്ലാ സ്‌കോറിനോടടുപ്പിച്ചത്.

മുംബൈ രഞ്ജി ക്യാപ്റ്റനെന്ന നിലയിലും ഇപ്പോള്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെന്ന നിലയിലും തിളങ്ങുന്ന രോഹിത്തിന് ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം പുതുമയല്ല. നിര്‍ണായക ഘട്ടത്തില്‍ ടീമിനെ കൈകാര്യം ചെയ്യാന്‍ രോഹിത്തിന് ഐപിഎല്ലിലെ പരിചയം തുണയാകുന്നു. 2013 മുതല്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്ന രോഹിത് മൂന്ന് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളും നേടിയിട്ടുമുണ്ട്.

ഇരുപതാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ രോഹിത്ത് ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രതിഭാധനരായ കളിക്കാരില്‍ ഒരാളാണ്. വിരാട് കോഹ്‌ലിയ്‌ക്കൊപ്പമോ ഒരുപക്ഷേ അതിലേറെയോ പ്രതിഭയുള്ളയാള്‍. പന്ത് ടൈം ചെയ്യുന്നതിലും ക്ലാസിക് പവര്‍ ഹിറ്റിങ്ങിലും നിലവില്‍ രോഹിത്തിനോളം കഴിവുള്ളയാള്‍ ലോകക്രിക്കറ്റിലില്ലെന്നു തന്നെ പറയാം. രോഹിത്ത് ഏഷ്യാകപ്പില്‍ തുടര്‍ച്ചയായി പ്രയോഗിച്ച അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്ക് ഷോട്ടായ ‘ഷോര്‍ട്ട് ആം പഞ്ച്’ അതിന് സാക്ഷ്യം പറയും. പിന്നെ അന്താരാഷ്ട്ര ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറായ 264 ഉള്‍പ്പെടെയുള്ള മൂന്ന് ഇരട്ട സെഞ്ച്വറികളും.

ഇന്നിങ്‌സിന്റെ തുടക്കത്തിലുള്ള പതര്‍ച്ചയും അലസമായ ഷോട്ടുകളിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന പ്രവണതയുമാണ് രോഹിത് ശര്‍മ എന്ന ക്രിക്കറ്റ് പ്രതിഭയെ പിന്നോട്ടുവലിക്കുന്നത്. എന്നാല്‍, പന്ത് കണക്ട് ചെയ്തു തുടങ്ങിയാല്‍ സമകാലിക ക്രിക്കറ്റിലെ മികച്ചവരായി കണക്കാക്കപ്പെടുന്ന വിരാട് കോഹ്‌ലി, ജോ റൂട്ട്, സ്റ്റീവന്‍ സ്മിത്ത്, കെയ്ന്‍ വില്ല്യംസണ്‍ എന്നിവരൊക്കെ രോഹിത്തിന് മികവിന് പിന്നിലേ വരൂ. കഴിഞ്ഞ ഒന്നര വര്‍ഷമായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്ത് അസാമാന്യ സ്ഥിരത പുലര്‍ത്തുന്നുമുണ്ട്.

2017-ന് ശേഷം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ കോഹിലിയ്ക്ക് പിന്നില്‍ രണ്ടാമതുണ്ട് രോഹിത്. ക്യാപ്റ്റനായ ശേഷം വിരാട് കോഹ്‌ലി ടെസ്റ്റില്‍ പുറത്തെടുത്ത പ്രകടനമികവിന് തുല്യമായ പ്രകടനമാണ് രോഹിത്ത് ഏകദിനത്തില്‍ ഇപ്പോള്‍ കാഴ്ചവെക്കുന്നത്. കളിയിലുള്ള ആ ഏകാഗ്രതയും സ്ഥിരതയും നിലനിര്‍ത്താനായാല്‍ അസാമാന്യ പ്രതിഭയുള്ള രണ്ടു ബാറ്റ്‌സ്മാന്‍മാരുടെ പടയോട്ടത്തിനാകും ലോകം സാക്ഷ്യം വഹിക്കുക. തന്റെ റെക്കോഡുകള്‍ ആരെങ്കിലും മറികടക്കുന്നെങ്കില്‍ അത് രോഹിതോ കോഹ്‌ലിയോ ആയിരിക്കുമെന്ന് പ്രവചിച്ചത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. സച്ചിന്റെ ആ പ്രവചനം രണ്ടുപേരുടെ കാര്യത്തിലും ശരിയാകുമോ എന്ന സംശയം ജനിപ്പിക്കുന്ന നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

2013-ല്‍ ടെസ്റ്റില്‍ അരങ്ങേറിയ രോഹിത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വെറും 25 ടെസ്റ്റുകളില്‍ മാത്രമാണ് അവസരം ലഭിച്ചത്. മൂന്ന് സെഞ്ച്വറിയും ഒമ്പത് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 1479 റണ്‍സാണ് സമ്പാദ്യം. എന്നാല്‍, തുടര്‍ച്ചയായി അവസരം ലഭിച്ചാല്‍ ഈ പ്രതിഭ ടെസ്റ്റിലും ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്നുറപ്പ്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികളും നീണ്ട ഫോര്‍മാറ്റിലുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അമ്പതിനു മുകളില്‍ ശരാശരിയുമുള്ള രോഹിത്തിന് നീണ്ട ഇന്നിങ്‌സുകള്‍ കളിക്കാനാവില്ലെന്ന് ആരും പറയില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പത്തൊമ്പതാം വയസ്സില്‍ തന്നെ ട്രിപ്പിള്‍ സെഞ്ച്വറിയും നേടിയിട്ടുണ്ട് താരം.

ഇംഗ്ലണ്ട് പരമ്പരയില്‍ ഉള്‍പ്പെടെ ദയനീയമായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ എന്തുകൊണ്ട് ആ സ്ഥാനത്തേക്ക് രോഹിത്തിനെ പരിഗണിച്ചുകൂടാ എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. മധ്യനിര ബാറ്റ്‌സ്മാനായി പരിമിത ഓവര്‍ കരിയര്‍ ആരംഭിച്ച രോഹിത്ത് ഓപ്പണറായ ശേഷം എന്തു മാറ്റമാണ് ഉണ്ടായതെന്ന് ക്രിക്കറ്റ് ലോകം കണ്ടതുമാണ്. അതേ, രോഹിത്തെന്ന സൂര്യന്‍ കൂടുതല്‍ ശക്തിയില്‍ ജ്വലിച്ചു തുടങ്ങിയിരിക്കുന്നു. ആ വെളിച്ചം കണ്ടില്ലെന്ന് നടിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഇനിയുമായെന്നു വരില്ല.

‘ബദ്ധവൈരികള്‍’ക്കെതിരെ ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എല്ലില്‍ ആവേശത്തുടക്കം

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍