UPDATES

കായികം

കോഹ്‌ലിപ്പടയും, ധോണിപ്പടയും നേര്‍ക്കുനേര്‍; ഐപിഎല്‍ പൂരത്തിന് ഇന്ന് തുടക്കമാകും

മൂന്നു പ്രാവശ്യം ചാമ്പ്യന്‍മാരായ ചെന്നൈ മത്സരിച്ച എല്ലാ സീസണിലും പ്ലേഓഫിലും എത്തി.

ക്രിക്കറ്റ് പ്രേമികളില്‍ ആവേശം വിതറാന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പന്ത്രാണ്ടാം സീസണിന് ഇന്ന് തുടക്കമാകുകയാണ്.  നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടമാണ്  ഇന്ന് അരങ്ങേറുന്നത്.  ഇന്ന് രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സും മുന്‍ ക്യാപ്റ്റന്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സും ഏറ്റുമുട്ടുമ്പോള്‍ ആദ്യ മത്സരത്തില്‍ തന്നെ സൂപ്പര്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

ധോണിപ്പട കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍ മികച്ച ടീം ഉണ്ടായിട്ടും കിരീടം സ്വന്തമാക്കാന്‍ ഇതുവരെ കഴിയാത്ത ബാംഗ്ലൂര്‍ കരുതി തന്നെയാകും ഇറങ്ങുക. അതുകൊണ്ട് വലിയ പ്രതീക്ഷയോടെ തന്നെയാണ് കോഹ്ലിയും സംഘവും. മുപ്പത് പിന്നിട്ടവരുടെ കൂട്ടമാണെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കരുത്തിന് കുറവൊന്നുമില്ല. ധോണിയും വാട്‌സണും ബ്രാവോയും ഡുപ്ലെസിസും റായുഡുവും റെയ്‌നയും കേദാറുമെല്ലാം 30 വയസിന് മുകളിലുള്ളവരാണ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡി പരിക്കേറ്റ് പിന്‍മാറിയത് ചെന്നൈക്ക് തിരിച്ചടിയാണ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമെന്ന നിലയില്‍ മികച്ച പോരാട്ടം തന്നെയാകും ചെന്നെ കാഴ്ചവെയ്ക്കുക. മൂന്നു പ്രാവശ്യം ചാമ്പ്യന്‍മാരായ ചെന്നൈ മത്സരിച്ച എല്ലാ സീസണിലും പ്ലേഓഫിലും എത്തി.

മികവേറിയ താരങ്ങള്‍ ഉണ്ടായിട്ടും കിരീടം തൊടാന്‍ സാധിക്കാതെ വരുന്ന ടീമാണ് ബംഗ്ലൂര്‍. പരാജയങ്ങള്‍ക്ക് കാരണം തെറ്റായ തീരുമാനങ്ങള്‍ തന്നെയായിരുന്നു ക്യാപ്റ്റന്‍ കോഹ്‌ലിയും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ കരുതി തന്നെയാണ് ബാംഗ്ലൂരും. കോഹ്ലി, ഡിവിലിയേഴ്‌സ് വെടിക്കെട്ട് കൂട്ടുകെട്ടിലാണ് ആര്‍സിബിയുടെ ബാറ്റിങ് പ്രതീക്ഷ. ചഹല്‍, ഹെറ്റ്‌മെയര്‍, ശിവം ദുബേ, വാഷിങ്ടന്‍ സുന്ദര്‍ തുടങ്ങിയവരുടെ പ്രകടനവും നിര്‍ണായകമാകും. നേര്‍ക്കുനേര്‍ പോരില്‍ ചെന്നൈയ്ക്കാണ് മുന്‍തൂക്കം. ചെന്നൈ പതിനേഴ് കളിയില്‍ ജയിച്ചപ്പോള്‍ ബാംഗ്ലൂര്‍ ജയിച്ചത് ഏഴ് കളികളില്‍ മാത്രമാണ്. രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവയാണ് ഐപിഎലിലെ മറ്റ് ടീമുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍