മോയിന്‍ അലി എറിഞ്ഞ അവസാന ഓവറില്‍ നിന്ന് 13 റണ്‍സ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളു
വിരാട് കോഹ്‌ലിയും മോയിന്‍ അലിയും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂരിന് വിജയം. നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയ കോഹ്‌ലി പടയുടെ സ്‌കോര്‍ പിന്‍തുടര്‍ന്ന കൊല്‍ക്കത്തയെ കരകയറ്റാന്‍ ആന്‍ഡ്രേ റസ്സലും നിതീഷ് റാണയ്ക്കും കഴിഞ്ഞില്ല. ലക്ഷ്യത്തിനു 10 റണ്‍സ് അകലെ കൊല്‍ക്കത്തയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വിജയം. അഞ്ചാം വിക്കറ്റില്‍ 118 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ജയം നേടിയെടുക്കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞില്ല.
79/4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് റസ്സല്‍-റാണ കൂട്ടുകെട്ടിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്. 25 പന്തില്‍ നിന്ന് 59 റണ്‍സുമായി ഇരുവരും ചേര്‍ന്ന് 16 ഓവറുകള്‍ പിന്നിടുമ്പോള്‍ കൊല്‍ക്കത്തയെ 138 റണ്‍സിലേക്ക് എത്തിക്കുകയായിരുന്നു. അവസാന നാലോവറില്‍ 76 റണ്‍സായിരുന്നു വിജയത്തിനായി കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്.
പിന്നീട് കടന്നാക്രമിച്ച കൊല്‍ക്കത്ത വിജയ ലക്ഷ്യം 12 പന്തില്‍ 43 റണ്‍സായി മാറ്റി. മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ 19ാം ഓവറിലെ ആദ്യ പന്ത് റസ്സലിനു റണ്‍സെടുക്കാനായില്ലെങ്കിലും അടുത്ത പന്ത് വൈഡായി തീര്‍ന്നു. ഓവറിലെ രണ്ടാം പന്തും റസ്സലിനെ നിര്‍ത്തി ഡോട്ടാക്കി മാറ്റിയതോടെ ആര്‍സിബി വിജയം പ്രതീക്ഷിച്ചു തുടങ്ങി. എന്നാല്‍ അവസാന മൂന്ന് പന്തുകള്‍ സിക്‌സര്‍ നേടി റസ്സല്‍ തന്റെ അര്‍ദ്ധ ശതകവും അവസാന ഓവറില്‍ 24 റണ്‍സ് വിജയ ലക്ഷ്യമാക്കി മാറ്റുകയും ചെയ്തു.
മോയിന്‍ അലി എറിഞ്ഞ അവസാന ഓവറില്‍ നിന്ന് 13 റണ്‍സ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളു. 25 പന്തില്‍ 65 റണ്‍സ് നേടി റസ്സല്‍ അവസാന ഓവറില്‍ റണ്ണൗട്ടായപ്പോള്‍ നിതീഷ് റാണ 46 പന്തില്‍ നിന്ന് 85 റണ്‍സ് നേടി പുത്താകാതെ നിന്നു. അതേസമയം 58 പന്തുകളില്‍ നിന്നും 100 റണ്‍സുമായി വിരാട് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ കൊല്‍ക്കത്ത ബൌളര്‍മാര്‍ കുറച്ചൊന്നുമല്ല വിയര്‍ത്തത്. കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും ഒമ്പത് ഫോറുകളും നാല് സിക്‌സറുകളും പിറന്നു. 28 പന്തുകളില്‍ നിന്നുമാണ് മോയിന്‍ അലി 66 റണ്‍സ് അടിച്ചുകൂട്ടിയത്. ബംഗളുരുവിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കാനുള്ള വഴി വെച്ചതും അലിയുടെ ഇന്നിംഗ് തന്നെയാണ്. ആറ് സിക്‌സറുകളും അഞ്ച് ഫോറുകളും പറത്തി മോയിന്‍ അലി വിരാടിനൊപ്പം കളം നിറഞ്ഞാടി.