UPDATES

കായികം

ഐപിഎല്‍ താരലേലം ഇന്ന് ജയ്പുരില്‍: ലേലത്തില്‍ 346 കളിക്കാര്‍, 2 കോടി അടിസ്ഥാനവിലയുള്ള ഒമ്പതു കളിക്കാരും വിദേശികൾ

കഴിഞ്ഞ സീസണ്‍ വരെ റിച്ചാര്‍ഡ് മാഡ്ലിയായിരുന്നു ലേല ചുമതലയെങ്കില്‍ ഇത്തവണ ഹ്യൂഗ് എഡ്മെയ്ഡസാണ് ലേലത്തിനു നേതൃത്വം നല്‍കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് പൂരത്തിന്റെ അടുത്ത സീസണിനുള്ള താരലേലം ഇന്ന് നടക്കും. രാജസ്ഥാനിലെ ജയ്പൂരാണ് താരലേലം നടക്കുന്നത്. ഉച്ചയ്ക്കു ശേഷം 2.30നാണ് ലേലത്തിന് തുടക്കമാവുക. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്ട്സ്റ്റാറിലും ലേലത്തിന്റെ തല്‍സമയം സംപ്രേക്ഷണം ഉണ്ടാകും. താരങ്ങളെ സ്വന്തമാക്കാന്‍ എട്ടു ഫ്രാഞ്ചൈസികളും മത്സരിച്ച് ലേലത്തില്‍ പങ്കെടുക്കും. 346 കളിക്കാരെയാണ് ഇത്തവണ ലേലത്തിനു വച്ചിരിക്കുന്നത് ഇതില്‍ 227 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്.

കഴിഞ്ഞ സീസണ്‍ വരെ റിച്ചാര്‍ഡ് മാഡ്ലിയായിരുന്നു ലേല ചുമതലയെങ്കില്‍ ഇത്തവണ ഹ്യൂഗ് എഡ്മെയ്ഡസാണ് ലേലത്തിനു നേതൃത്വം നല്‍കുന്നത്. ലേല മിയമങ്ങള്‍ ഇങ്ങനെ താരങ്ങളുടെ പേര് അടിസ്ഥാന വില അനുസരിച്ച് വിളിക്കുമ്പോള്‍ താല്‍പ്പര്യമുള്ള ഫ്രാഞ്ചൈസികള്‍ തങ്ങളുടെ പേരോട് കൂടിയ ബോര്‍ഡ് ഉയര്‍ത്തിക്കാണിക്കും. ഏറ്റവുമുയര്‍ന്ന തുക വിളിക്കുന്ന ഫ്രാഞ്ചൈസിക്കാവും താരത്തെ ലഭിക്കുക. കൂടുതല്‍ ടീമുകള്‍ രംഗത്തുണ്ടെങ്കില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി മാത്രം ശേഷിക്കുന്നതു വരെ ലേലം തുടരും. എന്നാല്‍ ഒരു താരത്തിന്റെ പേര് വിളിക്കുമ്പോള്‍ ഒരു ഫ്രാഞ്ചൈസിയും താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കില്‍ അടുത്ത കളിക്കാരനിലേക്കു നീങ്ങും. വില്‍ക്കപ്പെടാത്ത കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി അവസാന റൗണ്ടില്‍ ഒരു തവണ കൂടി ലേലം നടക്കും. നേരത്തേ ഓരോ ടീമിന്റെയും സാലറി ക്യാപ്പ് 80 കോടി ആയിരുന്നെങ്കിലും അടുത്ത സീസണില്‍ ഇത് 82 കോടി ആയി ഉയര്‍ത്തിയിട്ടുണ്ട്. അതാത് ടീമുകള്‍ നിലനിര്‍ത്തിയിരിക്കുന്ന താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കില്ല.

ലേലത്തില്‍ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായി രണ്ടു കോടിയുള്ള ഇന്ത്യയില്‍ നിന്നുള്ള ഒരു താരം പോലുമില്ലെന്നതു ശ്രദ്ധേയമാണ്. രണ്ടു കോടി അടിസ്ഥാനവിലയുള്ള ഒമ്പതു കളിക്കാരും വിദേശികളാണ്. ഇംഗ്ലണ്ടിന്റെ സാം കറെന്‍, ക്രിസ് വോക്സ്, ദക്ഷിണാഫ്രിക്കയുടെ കോളിന്‍ ഇന്‍ഗ്രാം, ശ്രീലങ്ക്യുടെ ലസിത് മലിങ്ക, ആഞ്ചലോ മാത്യൂസ്, ഓസ്ട്രേലിയയുടെ ഷോണ്‍ മാര്‍ഷ്, ഡാര്‍സി ഷോര്‍ട്ട്, ന്യൂസിലാന്‍ഡിന്റെ ബ്രെന്‍ഡന്‍ മക്കുല്ലം, കോറി ആന്‍ഡേഴ്സന്‍ എന്നിവര്‍ക്കാണ് രണ്ടു കോടിയുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയുള്ളത് പേസര്‍ ജയദേവ് ഉനാട്ഘട്ടിവാണ്. 1.5 കോടിയാണ് താരത്തിന്റെ വില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍