UPDATES

കായികം

ക്യാപ്റ്റന്‍ കൂള്‍ അല്ല, ധോണിയെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍; താരത്തിന് മാച്ച് ഫീയുടെ അമ്പതു ശതമാനം പിഴയും

സംഭവത്തില്‍ മുന്‍ ഇംഗ്ലണ്ട് നായകനും ഐപിഎല്ലില്‍ കമന്റേറ്ററുമായി മൈക്കല്‍ വോന്‍ ഉള്‍പ്പെടെ പ്രമുഖര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തി.

ഐപിഎലില്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ചെന്നൈ നായകന്‍ മഹേന്ദ്രസിംഗ് ധോണിക്ക് പിഴ. മൈതാനത്ത് ഇറങ്ങി അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്തതിനാണ് മാച്ച് ഫീസിന്റെ 50 ശതമാനമാണ് പിഴയായി ചുമത്തിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായി ഇന്നലെ നടന്ന മത്സരത്തിലെ അവസാന ഓവറിലാണ് സംഭവം. ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ ഓവറിലെ ഒരു പന്ത് ഹൈറ്റ് നോബോളിനായി പ്രധാന അമ്പയര്‍ ആദ്യ നോബോളിനായി കൈയ്യുയര്‍ത്തിയെങ്കിലും പിന്നീട് പിന്‍വലിച്ചു.

സാധരണയില്‍ കവിഞ്ഞ് കുത്തി പൊങ്ങുന്ന നോബോള്‍ വിളിക്കുക തന്റെ ചുമതലയല്ലെന്ന തിരിച്ചറിവാവാം പ്രധാന അമ്പയര്‍ ഉല്‍ഹാസ് ഗാന്ധേയെ ഈ തിരുത്തലിനു കാരണമാക്കിയത്. ലെഗ് അമ്പയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ് പ്രധാന അമ്പയറെ തിരുത്തുകയായിരുന്നുവെന്ന് വേണം മനസ്സിലാക്കുവാന്‍. എന്നാല്‍ മത്സരത്തിന്റെ ആവേശത്തില്‍ ക്യാപ്റ്റന്‍ കൂള്‍ തന്റെ കൂള്‍ സ്വഭാവം കൈവിടുന്നതും പതിവിനു വിപരീതമായി ഗ്രൗണ്ടില്‍ ഇറങ്ങി തീരുമാനം ചോദ്യം ചെയ്യുന്നതുമാണ് പിന്നീട് കണ്ടത്. ഇതിനിടെ ധോണിയ്‌ക്കെതിരെ ബെന്‍ സ്റ്റോക്‌സും മറ്റു രാജസ്ഥാന്‍ താരങ്ങളും തര്‍ക്കവുമായി എത്തിയെങ്കിലും തീരുമാനം നിലനില്‍ക്കുമെന്ന് അമ്പയര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ധോണി ഡഗ്ഔട്ടിലേക്ക് മടങ്ങി.

സംഭവത്തില്‍ മുന്‍ ഇംഗ്ലണ്ട് നായകനും ഐപിഎല്ലില്‍ കമന്റേറ്ററുമായി മൈക്കല്‍ വോന്‍ ഉള്‍പ്പെടെ പ്രമുഖര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തി. പ്രമുഖ ക്രിക്കറ്റ് വൈബ്‌സൈറ്റായ ‘ക്രിക്ബസി’ല്‍ ലൈവ് കമന്ററിയുമായി ഉണ്ടായിരുന്ന വോന്‍ ധോണിയുടെ നീക്കത്തില്‍ പ്രതികരണം ഇങ്ങനെ ആയിരുന്നു. ക്യാപ്റ്റനിതാ ഡഗ് ഔട്ടില്‍നിന്ന് പിച്ചിലേക്ക് ഇറങ്ങുന്നു. ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇത് എം.എസ്. ധോണിയാണെന്ന് എനിക്കറിയാം. ഈ രാജ്യത്ത് അദ്ദേഹത്തിന് ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള അവകാശമുണ്ടെന്നും അറിയാം. ക്യാപ്റ്റനെന്ന നിലയില്‍ മൈതാനത്തിറങ്ങാനും അവിടെ പോയി അംപയറിനു നേരെ കൈചൂണ്ടി ക്ഷുഭിതനായി സംസാരിക്കാനും നിങ്ങള്‍ക്ക് അവകാശമില്ല. ഒരു ക്യാപ്റ്റനെന്ന നിലയില്‍ തീര്‍ത്തും മോശം മാതൃകയാണ് ഇവിടെ ധോണി നല്‍കുന്നത്. ചിലപ്പോള്‍ നമ്മള്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നെന്നു വരില്ല. അതിനെ അതിന്റെ രീതിയില്‍ കാണുകയാണ് വേണ്ടത്. നിങ്ങള്‍ എല്ലാവരും ആരാധിക്കുന്ന ഇതിഹാസമായിരിക്കാം. എന്നാലും ഗ്രൗണ്ടിലിറങ്ങാന്‍ അനുവാദമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍