UPDATES

ട്രെന്‍ഡിങ്ങ്

കപിലിന്റെ ആ മാസ്മരിക ഇന്നിംഗ്‌സിന് 36 വയസ്‌

കപിലിന്റെ ഈ നിര്‍ണായക പ്രകടനമാണ് 1983 ലെ ലോകകപ്പ് നേട്ടത്തിലെ ഫൈനല്‍ പ്രവേശത്തിലേക്ക് ഇന്ത്യയെ എത്തിച്ചത്.

1983 ലെ ലോകകപ്പ് ക്രിക്കറ്റ് ആരാധകരുടെ മനസില്‍ മറക്കാനാകാത്ത ഒന്നായിരുന്നു. ക്രിക്കറ്റ് ജനകീയമാക്കിയതും, ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ക്രിക്കറ്റ് ഒരു ലഹരിയായി സിരകളില്‍ കേറിയതും ഇംഗ്ലണ്ടിലെ ട്രെന്‍ഡ് ബ്രിഡ്ജില്‍ നടന്ന ഇന്ത്യ-സിംബാബുവെ മത്സരത്തോടു കൂടിയാണ്. ഈ ലോകകപ്പ് കിരീട നേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ചത് ഈ മത്സരത്തിലെ കപില്‍ ദേവ് എന്ന ഓള്‍ റൗണ്ടറുടെ  മനോഹര ഇന്നിംഗ്‌സായിരുന്നു. കപില്‍ ഏകദിനത്തില്‍ കുറിച്ച ഒരേയൊരു സെഞ്ചുറിയും ഇതായിരുന്നു. ഇന്ന് ജൂണ്‍ 18 കപിലിന്റെ മാസ്മരിക ഇന്നിംഗ്‌സ് പിറന്നിട്ട് 36 വര്‍ഷമായിരിക്കുന്നു.

സിംബാബുവെക്കെതിരായ ഇന്ത്യയുടെ മത്സരം ഇങ്ങനെയായിരുന്നു.  ടോസ് നേടി കപില്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോയി. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ സണ്ണി(ഗവാസ്‌കര്‍) ഡ്രസിങ് റൂമില്‍ തിരിച്ചെത്തി. തുടര്‍ന്ന് പതിവ് പോലെ ഒറ്റ അക്കങ്ങളുമായി ബാക്കി മുന്‍ നിരക്കാരും കൂടാരം കേറി. ശ്രീകാന്ത്, അമര്‍നാഥ്, സന്ദീപ് പട്ടേല്‍, യശ്പാല്‍ ശര്‍മ്മ അങ്ങനെ ഇന്ത്യ 17/ 5 എന്ന നിലയിലേക്കു കൂപ്പു കുത്തി. ഈ സമയം ഇന്ത്യന്‍ ടോട്ടല്‍ 100 പോലും കടക്കില്ലെന്നും ഉറപ്പായിരുന്നു. ഈ സമയത്താണ് കപില്‍ ദേവ് ക്രീസിലെത്തുന്നത്. പിന്നീട് കപിലിന്റെ ബാറ്റിംഗില്‍ നിന്ന് ഒരു വന്‍ റണ്ണൊഴുക്ക് തന്നെയായിരുന്നു.ആ അവസരത്തില്‍ ആക്രമിച്ച് കളിക്കുകയെന്ന അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നു. കാര്യമായ പിന്തുണ കൊടുക്കാന്‍ ഇന്ത്യന്‍ നിരയില്‍ കൂടെ ആരുമുണ്ടായില്ലെങ്കിലും കപില്‍ ഒറ്റയ്ക്കു ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ലോക ക്രിക്കറ്റിലെ ക്ലാസിക് ഒറ്റയാന്‍ പോരാട്ടമായിരുന്നു ഇത്.

തന്നിലൊരു മാസ്സ് ബാറ്‌സ്മാന്‍ ഒളിച്ചു കിടപ്പുണ്ടെന്ന കാര്യം ലോകത്തെ വിളിച്ചറിയിക്കുന്ന പെര്‍ഫോമന്‍സ് ആയിരുന്നു കപിലെന്ന ഫാസ്റ്റ് ബൗളര്‍ മത്സരത്തിലൂടെ ചെയ്തത്. മത്സരത്തില്‍ എല്ലാവരും ശ്രദ്ധിച്ച മറ്റൊരു കാര്യം ഇതായിരുന്നു.  മറ്റുള്ള ബാറ്റ്‌സ്മാന്മാരുടെ മേല്‍ ആധിപത്യം കാണിച്ച കരനെയും റോസനെയും കണക്കിന് ശിക്ഷിച്ചായിരുന്നു കപില്‍ കസറിയത്.

60 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 266/ 8.ഇതില്‍ 175 റണ്‍സും പിറന്നത് കപിലിന്റെ ബാറ്റില്‍ നിന്നും ആണ്. 138 പന്തുകളില്‍ നിന്നും 16 ബൗണ്ടറികളുടെയും ആറ് കൂറ്റന്‍ സികസറുകളുടെയും അകമ്പടിയോടു കൂടിയാണ് ഈ പ്രകടനം എന്നത് കൂടുതല്‍ മാറ്റുരക്കുന്നു. ബൗളിങ്ങിലും മുന്നില്‍ നിന്ന് നയിച്ചത് കപില്‍ തന്നെ, 11 ഓവര്‍ എറിഞ്ഞു 32 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യക്കു 31 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. ഈ ജയത്തിന്റെ ബലത്തിലായിരുന്നു ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനം. കപിലിന്റെ ഈ നിര്‍ണായക പ്രകടനമാണ് 1983 ലെ ലോകകപ്പ് നേട്ടത്തിലെ ഫൈനല്‍ പ്രവേശത്തിലേക്ക് ഇന്ത്യയെ എത്തിച്ചത്. കപിലിന്റെ ഈ മാസ്മരിക ഇന്നിംഗ്‌സ് പിറന്നത് 1983 ജൂണ്‍ 18 നായിരുന്നു. അതെ അദ്ദേഹത്തിന്റെ ഈ ഇന്നിംഗ്‌സ് 36 വര്‍ഷത്തിന് ശേഷവും ക്രിക്കറ്റ് ആരാധകര്‍ നെഞ്ചിലേറ്റുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍