UPDATES

കായികം

വീണ്ടും മലിംഗ മാജിക്; ന്യൂസിലാന്‍ഡിനെതിരെ തകര്‍പ്പന്‍ ബൗളിംഗ്

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സിലൊതുങ്ങി.

ന്യൂസിലാന്‍ഡിനെതിരെയുള്ള ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ തകര്‍പ്പന്‍ ബൗളിംഗുമായി ശ്രീലങ്കയുടെ ലസിത് മലിംഗ. തുടര്‍ച്ചയായ നാല് പന്തുകളില്‍ നാല് മുന്‍നിര ബാറ്റ്‌സ്മാന്മാരെ പുറത്താക്കിയാണ് മലിംഗ താരമായത്. രണ്ടാം ഇന്നിംഗ്‌സിന്റെ മൂന്നാമത്തെ ഓവറിലായിരുന്നു മലിംഗ മാജിക്. മലിംഗയുടെ മികവില്‍ ശ്രീലങ്ക 37 റണ്‍സിന് വിജയിച്ചു. സ്‌കോര്‍: ശ്രീലങ്ക-20 ഓവറില്‍ എട്ടിന് 125, ന്യൂസിലാന്‍ഡ് 16 ഓവറില്‍ 88ന് പുറത്ത്. മലിംഗ നാല് ഓവറില്‍ ആറ് റണ്‍സ് വിട്ടുനല്‍കി അഞ്ച് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ന്യൂസിലാന്‍ഡ് നേടി.

മലിംഗയുടെ രണ്ടാമത്തെ ഓവറിലെ മൂന്നാം പന്തിലായിരുന്നു വിക്കറ്റ് വേട്ടയുടെ തുടക്കം. ഓപ്പണര്‍ കോളിന്‍ മണ്‍റോയുടെ കുറ്റിതെറിപ്പിച്ച മലിംഗ തൊട്ടടുത്ത പന്തില്‍ ഹാമിഷ് റൂതര്‍ഫോഡിനെ എല്‍ബിയില്‍ കുരുക്കി. അഞ്ചാം പന്തില്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. അവസാന പന്തില്‍ റോസ് ടെയ്‌ലറെയെും എല്‍ബിയില്‍ കുരുക്കിയതോടെ മലിംഗ തുടര്‍ച്ചയായ നാല് വിക്കറ്റ് നേട്ടം ആഘോഷിച്ചു. ന്യൂസിലാന്‍ഡ് നിരയുടെ അഞ്ചാം വിക്കറ്റും മലിംഗയാണ് നേടിയത്. ടിം സീഫെര്‍ട്ടിനെ ഗുണതിലകയുടെ കൈകളിലെത്തിച്ചാണ് മലിംഗ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സിലൊതുങ്ങി. 24 റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ലയാണ് ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീതം നേടിയ മിച്ചല്‍ സാന്റ്‌നറും ടോഡ് ആസ്‌ലെയുമാണ് ശ്രീലങ്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. അന്താരാഷ്ട്ര് ട്വന്റി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളറെന്ന നേട്ടവും മത്സരത്തിലൂടെ ലസിത് മലിംഗ സ്വന്തമാക്കി. 76 മത്സരത്തില്‍നിന്നാണ് മലിംഗയുടെ നേട്ടം. അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ടി20യില്‍ മലിംഗയുടെ വിക്കറ്റ് നേട്ടം 104 ആയി. ആറ് റണ്‍വ് വഴങ്ങി അഞ്ച് വിക്കറ്റ് പ്രകടനവും മലിംഗയുടെ കരിയറിലെ മികച്ച പ്രകടനമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍