UPDATES

കായികം

മിതാലിയുടെ രഹസ്യ കത്ത് ചോര്‍ന്നു :വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറി

കത്ത് ചോര്‍ന്നതെങ്ങനെയെന്ന് ഉടന്‍ തന്നെ അറിയിക്കണമെന്ന് സിഇഒ രാഹുല്‍ ജോഹ്രിയോടും ക്രിക്കറ്റ് ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരിമിനോടും അമിതാഭ് ചൗധരി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിതാലി രാജ് ബിസിസിഐക്ക് അയച്ച കത്ത് എങ്ങനെയാണ് ചോര്‍ന്നതെന്ന് ബിസിസിഐ സെക്രട്ടറി. പരിശീലകന്‍ രമേശ് പവാറിനും കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അംഗം ഡയാന എഡുല്‍ജിക്കുമെതിരെ മിതാലി ആരോപണങ്ങള്‍ ഉന്നയിച്ച് എഴുതിയ കത്താണ് ചോര്‍ന്നത്. കത്ത് ചോര്‍ന്നത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി സിഇഒ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്കും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജിഎം സാബ കരിമിനും കത്തയച്ചു.

ലോക വനിത ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയുള്ള സെമിയില്‍ ഇന്ത്യയുടെ സീനിയര്‍ താരം മിതാലി രാജിനെ കളിപ്പിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് തനിക്കെതിരേ ടീമിലെ ഉന്നത സ്ഥാനീയര്‍ നീക്കം നടത്തുന്നുവെന്നും, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം ഡയാന എഡുല്‍ജിയും ടീം കോച്ച് രമേശ് പവാറും തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും താരം രഹസ്യകത്തിലൂടെയാണ് ബിസിസിഐ സമിതിയെ അറിയിച്ചത്. മിതാലി കത്തിലൂടെ അറിയിച്ച ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി ഇന്നലെ പുറത്തു വന്നിരുന്നു. രഹസ്യമായി നല്‍കിയ മിതാലിയുടെ കത്ത് ചോര്‍ന്നതെന്ന കാര്യം തന്നെ അമ്പരപ്പിപ്പിക്കുന്നതായും കത്തിലെ വിഷയങ്ങള്‍ ആരോപണ വിധേയര്‍ക്കും ബിസിസിഐക്കും മാനക്കേടുണ്ടാക്കിയതായും അമിതാഭ് ചൗധരി പറഞ്ഞു.

കത്ത് ചോര്‍ന്നതെങ്ങനെയെന്ന് ഉടന്‍ തന്നെ അറിയിക്കണമെന്ന് സിഇഒ രാഹുല്‍ ജോഹ്രിയോടും ക്രിക്കറ്റ് ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരിമിനോടും അമിതാഭ് ചൗധരി ആവശ്യപ്പെട്ടു. ലോകകപ്പില്‍ മിന്നും ഫോമില്‍ നില്ക്കുന്ന സമയത്താണ് മിതാലിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. സെമിയില്‍ ഇന്ത്യ തോല്ക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍