UPDATES

പാകിസ്താന്‍ സ്പിന്‍ ഇതിഹാസം അബ്ദുള്‍ ഖാദിര്‍ അന്തരിച്ചു

അബ്ദുള്‍ ഖാദിറിന്റെ നിര്യാണം തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളെയാണ് നഷ്ടമാക്കിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

വിഖ്യാത പാകിസ്താന്‍ ലെഗ് സ്പിന്നര്‍ അബ്ദുള്‍ ഖാദിര്‍ അന്തരിച്ചു. 63 വയസായിരുന്നു. ലാഹോറിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇതുവരെ അബ്ദുള്‍ ഖാദിറിന്‌ ഹൃദയസംബന്ധമായ പ്രശ്‌നമൊന്നും ഇല്ലായിരുന്നു എന്ന് മകന്‍ സല്‍മാന്‍ ഖാദിര്‍ വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. പ്രത്യേക ശൈലി മൂലം ഡാന്‍സിംഗ് ബൗളര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 67 ടെസ്റ്റുകളില്‍ നിന്ന് 236 വിക്കറ്റുകളും 104 ഏകദിനങ്ങളില്‍ നിന്ന് 132 വിക്കറ്റുകളും അബ്ദുള്‍ ഖാദിര്‍ വീഴ്ത്തി.

1955 സെപ്റ്റംബര്‍ 15ന് ലാഹോറിലാണ് അബ്ദുള്‍ ഖാദിന്റെ ജനനം. 1977ല്‍ ലാഹോറില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും 1983ല്‍ ബിര്‍മിംഗ്ഹാമില്‍ ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തിലും അരങ്ങേറി. അവസാന ടെസ്റ്റ് വെസ്റ്റ് ഇന്‍ഡീസിനെതിരെ 1990ലായിരുന്നു. 1993ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഷാര്‍ജയിലായിരുന്നു അവസാന ഏകദിനം

നൃത്തസമാനമായ ബൗളിംഗിലൂടെയും മാരകമായ ഗൂഗ്ലികളിലൂടെയും ഫ്‌ളിപ്പറുകളിലൂടെയും എതിര്‍ ടീമുകളുടെ പേടി സ്വപ്‌നമായി മാറിയിരുന്നു 80കളില്‍ അബ്ദുള്‍ ഖാദിര്‍. ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ഖാദിര്‍. 1989ലെ അരങ്ങേറ്റ മത്സരത്തില്‍ പാക് ബൗളിംഗ് നിരയുടെ ആക്രമണത്തില്‍ മുറിവേറ്റ 16കാരനായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കല്‍ പിന്നീട് അബ്ദുള്‍ ഖാദിറിന്റെ ഒരു ഓവറില്‍ നാല് സിക്‌സര്‍ പറത്തിയാണ് മറുപടി നല്‍കിയത്. അന്ന് സച്ചിനെ അഭിനന്ദിക്കാന്‍ അബ്ദുള്‍ ഖാദിര്‍ മടി കാണിച്ചില്ല. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍ അടക്കമുള്ള ലെഗ് സ്പിന്നര്‍മാര്‍ പ്രചോദനമായി കണ്ടിരുന്നത് അബ്ദുള്‍ ഖാദിറിനെയായിരുന്നു.

അബ്ദുള്‍ ഖാദിറിന്റെ നിര്യാണം തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളെയാണ് നഷ്ടമാക്കിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

വസീം അക്രം, ഷൊഐബ് അക്തര്‍ തുടങ്ങിയ മുന്‍ പാക് താരങ്ങളും അബ്ദുള്‍ ഖാദിറിനെ അനുസ്മരിച്ച് രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍