UPDATES

കായികം

ധോണി യുഗം അവസാനിച്ചോ ?വ്യത്യസ്ത അഭിപ്രായങ്ങളുമായി ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ കാലം കഴിഞ്ഞിട്ടില്ലെന്നും ധോണിക്ക് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറയുന്നത്.

അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മത്സരത്തിനുള്ള ഇന്ത്യന്‍ ടിമിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. പരിചയ സമ്പന്നരെയും മികച്ച ഫോമില്‍ തുടരുന്ന താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് പൊതു അഭിപ്രായം. എന്നാല്‍ ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നത് മുന്‍ ക്യാപ്റ്റന്‍ ധോണിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ്. പരിചയ സമ്പന്നത ഏറെയുള്ള ധോണി ടീമില്‍ വേണമെന്ന് പറയുമ്പോള്‍ ബാറ്റിംഗില്‍ മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും ചിലര്‍ പറയുന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് 2019 ലെ ലോകകപ്പ് വരെ മുന്‍ നായകന്‍ ധോണിയെ ആവശ്യമാണെന്നാണ് ബാറ്റിങ്ങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. ധോണിയുടെ അനുഭവ സമ്പത്തും ഉപദേശങ്ങളും അടുത്ത ലോകകപ്പിലും വിരാടിന് ഗുണമാകുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ‘ഏകദിന ക്രിക്കറ്റില്‍ കുറച്ച് നാള്‍കൂടി ധോണി തുടരുമെന്നതില്‍ യാതൊരു സംശയവുമില്ല. അദ്ദേഹം ബൗളേഴ്സുമായി ഹിന്ദിയില്‍ സംസാരിച്ച് ഫീല്‍ഡില്‍ വ്യത്യാസങ്ങള്‍ വരുത്തും. അത് കോഹ്ലിക്ക് വളരെ ഉപകാരപ്പെടുകയും ചെയ്യുമെന്നും ഗവാസ്‌കര്‍ പറയുന്നു.

അതേസമയം ധോണിയെ ട്വിന്റി20 ടീമില്‍ നിന്ന് ഒഴിവാക്കിയത്‌ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നാണ്‌ സൗരവ് ഗാംഗുലി പറയുന്നത്. ട്വിന്റി20 ലെ ധോണിയുടെ പ്രകടനം മോശമാണ്. അതുകൊണ്ട് തന്നെ 2020 ലെ ട്വന്റി20 ലോകകപ്പില്‍ ധോണിയുണ്ടാകുമെന്ന് തോന്നുന്നില്ല. ധോണിയുടെ മോശം പ്രകടനം കാരണമാണ് സെലക്ടര്‍മാര്‍ അവസരം നിഷേധിക്കുന്നത്. നന്നായി കളിക്കുന്ന റിഷഭ് പന്തിനെ പോലെയുള്ള താരങ്ങള്‍ ഇപ്പോള്‍ ഫോമിലാണെന്നും അവര്‍ക്ക് അവസരം നല്‍കുന്നു ഗാംഗുലി പറയുന്നു.

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ കാലം കഴിഞ്ഞിട്ടില്ലെന്നും ധോണിക്ക് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറയുന്നത്. ഇന്ത്യ ഇപ്പോള്‍ കീപ്പിംഗിലെ രണ്ടാമനെ കണ്ടെത്തുകയാണെന്നും അതുകൊണ്ട് ദിനേശ് കാര്‍ത്തിക്കിനും റിഷഭ് പന്തിനും അവസരം നല്‍കുന്നു എംഎസ്‌കെ പ്രസാദ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍