90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മല്‍സരങ്ങളിലും ധോണി ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന് മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ലോകകപ്പിലെ അവസാന മത്സരത്തോടെ താരം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായി പിടിഐ ആണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
2004 ഡിസംബറില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി, ചാംപ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സമ്മാനിച്ച ഏക നായകനാണ്. ജൂലൈ 14ന് ലോര്‍ഡ്സില്‍ നടക്കുന്ന ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ കിരീടം നേടി ഇതിഹാസ നായകന് ഉജ്വല യാത്രയയപ്പ് നല്‍കാനാണ് ടീമിന്റെ ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യാന്തര കരിയറില്‍ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മല്‍സരങ്ങളിലും ധോണി ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍നിന്ന് 2014ല്‍ തന്നെ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തില്‍ 50.58 റണ്‍ ശരാശരിയില്‍ 10,723 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 10 സെഞ്ചുറിയും 72 അര്‍ധസെഞ്ചുറിയും ഇതിലുള്‍പ്പെടുന്നു. കരിയറിന്റെ തുടക്കക്കാലത്ത് പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 183 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരില്‍ ഏകദിനത്തില്‍ മാത്രം 317 ക്യാച്ചുകളും 122 സ്റ്റംപിങ്ങുകളുമുണ്ട്. ഇതിനിടെ രണ്ട് ഏകദിനങ്ങളില്‍ ബോളിങ്ങിലും കൈവച്ച ധോണി ഒരു വിക്കറ്റും നേടി. ഇന്നും ഏകദിനത്തിലെ ‘ബെസ്റ്റ് ഫിനിഷര്‍’ ആയി അറിയപ്പെടുന്ന താരം കൂടിയാണ് ധോണി. ട്വന്റി20 മല്‍സരങ്ങളില്‍നിന്ന് 37.60 റണ്‍ ശരാശരിയില്‍ 1617 റണ്‍സും ധോണി നേടി. ഇതില്‍ രണ്ട് അര്‍ധസെഞ്ചുറികളുമുണ്ട്. ട്വന്റി20യില്‍ 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങും ധോണിയുടെ പേരിലുണ്ട്.