UPDATES

കായികം

ലോക ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി നേപ്പാളിന്റെ കൗമാര താരം

യുഎഇയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 58 പന്തില്‍ 55 റണ്‍സ് നേടിയാണ് താരം റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ലോക ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി നേപ്പാള്‍ ക്രിക്കറ്റിലെ കൗമാര താരം. ക്രിക്കറ്റില്‍ 20 വര്‍ഷത്തോളമായി ആരും തകര്‍ക്കാതിരുന്ന റെക്കോര്‍ഡാണ് 16 കാരനായ താരം നേടിയത്. വര്‍ഷങ്ങളായുള്ള ഈ ലോക റെക്കോര്‍ഡ് തിരുത്തിയത് നേപ്പാളിന്റെ രോഹിത് പൗഡലാണ്. നേട്ടം കൈവരിച്ചതോടെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുകയാണ് താരം.

ഏകദിന ക്രിക്കറ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് രോഹിത് തന്റെ പേരിലേക്ക് മാറ്റിയത്. 1999ല്‍ പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി നെയ്റോബിയില്‍ ശ്രീലങ്കയ്ക്കെതിരേ നേടിയ റെക്കോര്‍ഡാണ് വഴിമാറിയത്. നേരത്തെ ഈ റെക്കോര്‍ഡ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്നു. 16 വയസും 213 ദിവസവും ഉള്ളപ്പോഴാണ് സച്ചിന്‍ ആദ്യ അര്‍ധ സെഞ്ച്വറി ഏകദിനത്തില്‍ നേടുന്നത്. യുഎഇയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 58 പന്തില്‍ 55 റണ്‍സ് നേടിയാണ് താരം റെക്കോര്‍ഡ് സ്വന്തമാക്കിയത്. 16 വയസും 146 ദിവസവുമാണ് രോഹിതിന്റെ പ്രായം.

ആദ്യ ഏകദിനം മൂന്ന് വിക്കറ്റിന് പരാജയപ്പെട്ട നേപ്പാള്‍ രണ്ടാം മത്സരത്തില്‍ 145 റണ്‍സിനാണ് ജയിച്ചത്. രോഹിതിനെ കൂടാതെ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സോംപാല്‍ കാമിയും നേപ്പാള്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഒന്‍പതു വിക്കറ്റിന് 242 റണ്‍സെടുത്ത നേപ്പാളിനെതിരേ യുഎഇ വെറും 97 റണ്‍സിന് പുറത്തായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍