UPDATES

കായികം

രോഹിത് ശര്‍മ്മയെ ടെസ്റ്റ് ഓപ്പണറാക്കുന്നത്; എതിര്‍പ്പുമായി മുന്‍ താരം

ഏകദിന, ട്വന്റി20 ടീമുകളില്‍ സ്ഥിരം സാന്നിധ്യമാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും സമ്പൂര്‍ണ മികവു പുറത്തെടുക്കാന്‍ രോഹിത്തിനു സാധിച്ചിട്ടില്ല

രോഹിത് ശര്‍മ്മയെ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറാക്കുമെന്ന പ്രഖ്യാപനം മുന്‍ താരങ്ങളും ആരാധകരും കൈയടിച്ചാണ് സ്വീകരിച്ചത്. സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയ താരങ്ങളും ഈ തീരുമാനത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ ടെസ്റ്റില്‍ ലോകേഷ് രാഹുലിനു പകരം രോഹിത് ഓപ്പണറാകുന്നതിനോട് വിയോജിപ്പ് അറിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നയന്‍ മോംഗിയ. രോഹിത്തിനെ ടെസ്റ്റിലും ഓപ്പണറാക്കിയുള്ള പരീക്ഷണം വിജയിക്കാന്‍ സാധ്യത കുറവാണ്. ടെസ്റ്റ് ഓപ്പണര്‍ എന്നത് ഒരു സ്‌പെഷലൈസ്ഡ് ജോലിയാണെന്നും മോംഗിയ പറഞ്ഞു.

‘വിക്കറ്റ് കീപ്പിങ് പോലെ സ്‌പെഷലൈസ്ഡ് സ്വഭാവമുള്ള ജോലിയാണ് ഓപ്പണറുടേതും. പരിമിത ഓവര്‍ മല്‍സരങ്ങളില്‍ രോഹിത് നമ്മുടെ സ്ഥിരം ഓപ്പണറാണ് എന്നത് ശരിയാണ്. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ മനോഭാവമാണ് വേണ്ടത്. അല്ലെങ്കില്‍ ഏകദിന, ട്വന്റി20 മല്‍സരങ്ങളിലേതു പോലെ ഏതു പന്തും അടിച്ചകറ്റാന്‍ ശ്രമിക്കണം. ടെസ്റ്റ് ക്രിക്കറ്റിന്റെ രീതികള്‍ക്കനുസരിച്ച് രോഹിത് സ്വന്തം ശൈലി മാറ്റുന്നത് നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം തന്റെ സ്വാഭാവികമായ കളിയോടു നീതി പുലര്‍ത്തട്ടെ. ശൈലി മാറ്റാന്‍ ശ്രമിച്ചാല്‍ ഏകദിന, ട്വന്റി20 മല്‍സരങ്ങളിലെ അദ്ദേഹത്തിന്റെ മികവിനെയും അതു ദോഷകരമായി ബാധിക്കാന്‍ സാധ്യതയേറെയാണ്’ മോംഗിയ ചൂണ്ടിക്കാട്ടി.

ഏകദിന, ട്വന്റി20 ടീമുകളില്‍ സ്ഥിരം സാന്നിധ്യമാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും സമ്പൂര്‍ണ മികവു പുറത്തെടുക്കാന്‍ രോഹിത്തിനു സാധിച്ചിട്ടില്ല. 27 മല്‍സരങ്ങള്‍ മാത്രം നീളുന്ന ടെസ്റ്റ് കരിയറില്‍ മൂന്നു സെഞ്ചുറിയും 10 അര്‍ധസെഞ്ചുറിയും സഹിതം 39.62 റണ്‍സ് ശരാശരിയില്‍ 1585 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയതോടെ താരത്തെ ഓപ്പണിങ്ങില്‍ പരീക്ഷിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍