UPDATES

കായികം

ഇന്ത്യന്‍ ജേഴ്‌സി കാവിവല്‍ക്കരിക്കുന്നുവെന്ന് കോണ്‍ഗ്രസും എസ്പിയും; കാവിയെ ഇത്രയേറെ ഭയക്കുന്നത് എന്തിനെന്ന് ബിജെപി

ജൂണ്‍ 30ന് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീം ഓറഞ്ച് ജെഴ്‌സിയില്‍ ഇറങ്ങുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം ജേഴ്സിക്ക് ഓറഞ്ച് നിറം തെരഞ്ഞെടുത്തതിനെതിരെ കോണ്‍ഗ്രസ്-എസ് പി നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാത്തിനെയും കാവിവല്‍ക്കരിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മി ആരോപിച്ചു. രാജ്യം മുഴുവന്‍ കാവി അടിക്കാനാണ് മോദിയുടെ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിക്കും കാവി നിറം നല്‍കുന്നത്. ജഴ്‌സികള്‍ക്കായി നിറം തിരഞ്ഞെടുക്കുന്നെങ്കില്‍ അത് ത്രിവര്‍ണമായിരിക്കണമെന്നും അബു അസ്മി അവകാശപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എയായ നസീം ഖാനും ഓറഞ്ച് നിറം ജേഴ്സിക്ക് തെരഞ്ഞെടുത്തതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ മറുപടിയുമായി ബിജെപി, ശിവസേന നേതാക്കളും രംഗത്തെത്തി. ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയില്‍ വരെ രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ്, എസ്പി നേതാക്കള്‍ ചെയ്യുന്നതെന്ന് ബിജെപി എംഎല്‍എ രാം കഥം പറഞ്ഞു. എന്തുകൊണ്ട് ജഴ്‌സിക്കു കാവി നിറം ആയിക്കൂട?. എന്തുകൊണ്ടാണ് അവര്‍ കാവിയെ ഇത്രയേറെ ഭയക്കുന്നത്?. ബിജെപി പതാകയില്‍ കാവിയും പച്ചയുമുണ്ട്. ക്രിക്കറ്റ് ജഴ്‌സിയുടെ നിറം ക്രിക്കറ്റ്താരങ്ങള്‍ തീരുമാനിക്കട്ടെ. പ്രതിപക്ഷം അതിനു നില്‍ക്കരുതെന്നും ബിജെപി എംഎല്‍എ വാദിച്ചു. പ്രതിപക്ഷത്തിന്റെ നിലപാടു ബാലിശമാണെന്ന് ശിവസേന വക്താവ് മനിഷ കയന്ദെയും പറഞ്ഞു.

ജൂണ്‍ 30ന് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീം ഓറഞ്ച് ജെഴ്‌സിയില്‍ ഇറങ്ങുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ടെലിവിഷന്‍ സംപ്രേക്ഷണമുള്ള ഐസിസി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ആതിഥേയരൊഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഹോം, എവേ ജേഴ്‌സികള്‍ വേണമെന്ന് നിബന്ധന ഐസിസി കര്‍ശനമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഓറഞ്ച് ജേഴ്‌സി ധരിച്ചിറങ്ങാനുള്ള തീരുമാനമെടുത്തത്. ഓറഞ്ച് ജേഴ്‌സിയിലെ കോളറില്‍ നീല സ്ട്രിപ്പുമുണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍