ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന റെക്കോഡിലെത്താന്‍ രോഹിതിന് നാല് സിക്സുകള്‍ മതി
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും ഉപനായകന്‍ രോഹിത് ശര്‍മ്മയേയും കാത്തിരിക്കുന്നത് ടി20യിലെ മറ്റൊരു റെക്കോര്‍ഡ്. കുട്ടിക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ കോഹ്‌ലിയും രോഹിതും മത്സരിക്കും.
ഇപ്പോള്‍ 20 അര്‍ധസെഞ്ച്വറിയുമായി ഇരുവരും പട്ടികയില്‍ ഒന്നാമതാണ്. ഫ്ളോറിഡയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അര്‍ധ സെഞ്ചറി നേടുന്നത്ആരാണോ? അവര്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തും. 62 ഇന്നിങ്സുകളില്‍ നിന്നാണ് കോഹ്‌ലി 20 അര്‍ധ സെഞ്ച്വറി നേടിയത്. എന്നാല്‍ രോഹിത് ശര്‍മ്മയ്ക്ക് ഈ നേട്ടത്തിലെത്താന്‍ 86 ഇന്നിംഗ്‌സകുള്‍ വേണ്ടി വന്നു. അതേസമയം പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഏറെ പിന്നിലാണ്. 16 അര്‍ധ സെഞ്ചുറികളാണ് ഗുപ്റ്റിലിന്റെ അക്കൗണ്ടിലുള്ളത്.
ഇതുകൂടാതെ രോഹിതിനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോഡ് മറികടക്കാനുള്ള അവസരം കൂടിയാണ്. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന റെക്കോഡിലെത്താന്‍ രോഹിതിന് നാല് സിക്സുകള്‍ മതി. അങ്ങനെയെങ്കില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിനെ രോഹിതിന് മറികടക്കാം. ഗെയ്ലിന്റെ അക്കൗണ്ടില്‍ 105 സിക്സാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള രോഹിത് ഇതുവരെ 102 സിക്സ് നേടിയിട്ടുണ്ട്. 103 സിക്സ് നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് രണ്ടാം സ്ഥാനത്ത്. ഫ്ളോറിഡയില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ഇന്ത്യ- വിന്‍ഡീസ് ആദ്യ ട്വന്റി-20.