UPDATES

കായികം

‘സച്ചിന്‍ ക്രിക്കറ്റ് ദൈവമായിരിക്കാം എന്നാല്‍ ധോനിയാണ് ക്രിക്കറ്റിന്റെ രാജാവ്’:എഹ്‌സാന്‍ ഖാന്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും എം.എസ് ധോനിയുടെയും വിക്കറ്റുകള്‍ എടുക്കുന്നതായി പലപ്പോഴും സ്വപ്‌നം കാണാറുണ്ടെന്നും താരം പറയുന്നു.

യുഎയില്‍ നടന്ന ഏഷ്യകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യക്കെതിരെ മത്സരിച്ച് പൊരുതി തോറ്റ ടീമാണ് അരങ്ങേറ്റക്കാരായ ഹോങ്കോങ് ടീം. ഇന്ത്യയോട് തോല്‍വി വഴങ്ങിയെങ്കിലും മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും ഹോങ്കോങ് നിരയില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഒരു റണ്‍സ് പോലും തികയ്ക്കാന്‍ അനുവദിക്കാതെ മടക്കിയ ഹോങ്കോങ് സ്പിന്നറാണ് എഹ്‌സാന്‍ ഖാന്‍.

ധോനിയുടെ വിക്കറ്റ് നേടാനായതോടെ സ്വപ്‌നം സാക്ഷാത്കരിച്ചെന്നാണ് താരം പറയുന്നത്. മത്സരത്തില്‍ 26 റണ്‍സിന്റെ പരാജയം ഏറ്റ് വാങ്ങി ഹോങ്കോങ് ടീം പുറത്തുപോയെങ്കിലും തന്റെ ഭാവി പരിപാടികള്‍ പുറത്തുവിട്ടിരിക്കുകയാണ് എഹ്‌സാന്‍ ഖാന്‍.

തന്റെ ക്രിക്കറ്റ് കരിയറിനെക്കുറിച്ച് എഴുതാനിരിക്കുന്ന പുസ്തകത്തിലെ പ്രധാന അധ്യായം ധോണിയെക്കുറിച്ചാണെന്നാണ് എഹ്‌സാന്‍ പറയുന്നത്. ക്രിക്കറ്റ് ജീവിതത്തില്‍ താന്‍ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ധോനിയാണ് മുന്‍നിരയിലുള്ളത്. പുസ്തകത്തില്‍ ക്രിക്കറ്റിന്റെ രാജാവ് എന്ന അധ്യായത്തിലാണ് ധോനിയെ കുറിച്ച് എഴുതുന്നത്. സച്ചിന്‍ ക്രിക്കറ്റിന്റെ ദൈവമാണെങ്കില്‍ ധോനി ക്രിക്കറ്റ് രാജാവാണ് താരം പറയുന്നു.

15 ഏകദിന മത്സരങ്ങളില്‍ നിന്നായി ഹോങ്കോങിന് വേണ്ടി എഹ്‌സാന്‍ ഖാന്‍ 29 വിക്കറ്റ് നേടിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും എം.എസ് ധോനിയുടെയും വിക്കറ്റുകള്‍ എടുക്കുന്നതായി പലപ്പോഴും സ്വപ്‌നം കാണാറുണ്ടെന്നും താരം പറയുന്നു. സച്ചിന്റെ വിക്കറ്റ് എടുക്കാന്‍ കഴിയാത്തത് നിരാശയുണ്ടാക്കുന്നതായും എന്നാല്‍ ധോണിയെ പുറത്താക്കാന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്നതായും എഹ്‌സാന്‍ ഖാന്‍ കൂട്ടിച്ചേർത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍