UPDATES

കായികം

37 പന്തില്‍ സെഞ്ച്വറി നേടിയ ബാറ്റ് സച്ചിന്‍റേത്; രഹസ്യം വെളിപ്പെടുത്തി അഫ്രീദിയുടെ ആത്മകഥ

ആത്മകഥയില്‍ ഗംഭീറിനെ കുറിച്ചുള്ള അഫ്രീദിയുടെ വാക്കുകളും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ക്രിക്കറ്റ് ലോകത്തിന് മുന്നിലേക്ക് പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷഹീദ് അഫ്രീദിയുടെ ആത്മകഥ എത്തുകയാണ്. അഫ്രീദി തന്റെ ഗെയിം ചെയിഞ്ചര്‍ എന്ന ആത്മകഥയില്‍ പ്രായത്തെ കുറിച്ച് പറഞ്ഞത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. താന്‍ ജനിച്ചത് 1975 ലാണ് എന്നാല്‍ രേഖകളില്‍ ഇത് 1980 ആണെന്നാണ് താരം ആത്മകഥയില്‍ പറയുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് അഫ്രിദിയുടെ പേരിലാണ്. രേഖകള്‍ പ്രകാരം 16 ാം വയസിലാണ് താരം ഈ നേട്ടം കൊയ്തത്. ആത്മകഥയില്‍ 1975 ലാണ് താന്‍ ജനിച്ചതെന്ന് പറയുമ്പോള്‍ വന്‍ വിവാദങ്ങളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. താരത്തിന്റെ ഈ റെക്കോര്‍ഡ് തന്നെ ഇല്ലാതായേക്കും. ആത്മകഥയില്‍ ഗംഭീറിനെ കുറിച്ചുള്ള അഫ്രീദിയുടെ വാക്കുകളും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വ്യക്തിത്വമില്ലാത്തയാളെന്നും നെഗറ്റീവ് മനോഭാവമുള്ളയാളെന്നുമൊക്കെയാണ് ഗംഭീറിനെ പുസ്തകത്തില്‍ അഫ്രീദി വിശേഷിപ്പിച്ചിരിക്കുന്നത്.

1996ല്‍ കരിയറിലെ തന്റെ ആദ്യ സെഞ്ചുറി തീര്‍ത്തത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ബാറ്റ് ഉപയോഗിച്ചാണെന്നാണ് അഫ്രീദിയുടെ മറ്റൊരു വെളിപ്പെടുത്തല്‍. 37 പന്തില്‍ നിന്നാണ് താരം തന്റെ ആദ്യ സെഞ്ചുറി കുറിച്ചത്. ഈ സെഞ്ച്വറി കുറിക്കാന്‍ സച്ചിന്റെ ബാറ്റ് എങ്ങനെ കിട്ടിയെന്നും താരം വിശദമാക്കുന്നുണ്ട്. പാകിസ്താന്റെ സ്പോര്‍ട്സ് ഗുഡ്സ് മാനുഫാക്ടറിങ് കാപിറ്റലായ സിയാല്‍കോട്ടിലേക്കായി സച്ചിന്‍ തന്റെ പ്രിയപ്പെട്ട ബാറ്റുകളില്‍ ഒന്ന് പാക് ക്രിക്കറ്റ് താരം വഖാര്‍ യുനിസിന് നല്‍കി. പക്ഷേ സിയാല്‍കോട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം വഖാര്‍ ആ ബാറ്റ് തനിക്ക് നല്‍കി. ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതിന് മുന്‍പാണ് വഖാര്‍ എനിക്ക് സച്ചിന്റെ ബാറ്റ് നല്‍കിയത്. നയ്റോബിയില്‍ അഫ്രീദി ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി സ്വന്തമാക്കിയത് സച്ചിന്റെ ബാറ്റുകൊണ്ട് കളിച്ചാണെന്ന് ചുരുക്കം…ക്രിക്കറ്റ് ലോകം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത രഹസ്യമാണ് അഫ്രീദി തന്റെ ആത്മകഥയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍