ഇന്ത്യ എ രണ്ടിന് 14 റണ്‍സെന്ന നിലയില്‍ പതറവെയാണ് ഗില്‍ ക്രീസിലെത്തിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ നിന്നും തഴയപ്പെട്ടതിന് ശേഷം തകര്‍പ്പന്‍ പ്രകടനവുമായി ശുഭ്മാന്‍ ഗില്‍. വെസ്റ്റ് ഇന്‍ഡീസ് എയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും അനൗദ്യോഗിക ടെസ്റ്റിലാണ് ഗില്‍ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് കളിച്ചത്. ഇന്ത്യന്‍ എ ടീമിനായി ഡബിള്‍ സെഞ്ച്വറി നേടിയ ഗില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡും തകര്‍ത്തു.
വിദേശത്ത് ഇന്ത്യക്കു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിനാണ് ഗില്‍ അവകാശിയായത്. മല്‍സരത്തില്‍ 204 റണ്‍സുമായി താരം പുറത്താവാതെ നിന്നു. 20 വയസ്സും 124 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഗംഭീറിന്റെ ഡബിള്‍ സെഞ്ച്വറി നേട്ടം. 2002ലായിരുന്നു താരത്തിന്റെ റെക്കോര്‍ഡ് പ്രകടനം. ഈ റെക്കോര്‍ഡാണ് 19 വയസ്സും 334 ദിവസവും പ്രായമുള്ള ഗില്‍ പഴങ്കഥയാക്കിയത്. വിന്‍ഡീസ് എയ്ക്കെതിരേ ഏകദിന ശൈലിയിലാണ് ഗില്‍ ബാറ്റ് വീശിയത്. നാലാമനായി ഇറങ്ങിയ ഗില്‍ 250 പന്തില്‍ 19 ബൗണ്ടറികളും രണ്ടു സിക്സറുമടക്കമാണ് 204 റണ്‍സെടുത്തത്.
ഇന്ത്യ എ രണ്ടിന് 14 റണ്‍സെന്ന നിലയില്‍ പതറവെയാണ് ഗില്‍ ക്രീസിലെത്തിയത്. നായകന്‍ ഹനുമാ വിഹാരിക്കൊപ്പം 315 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയ ഗില്‍ ടീമിനെ മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു. വിന്‍ഡീസില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം കൂടിയായി ഗില്‍ മാറി. ജെഫ്രി ഗ്രീനിഡ്ജും (18 വയസ്സ് 301 ദിവസം), ഫ്രാങ്ക് വോറെല്‍ (19 വയസ്സ്, 197 ദിവസം) എന്നിവരാണ് പട്ടികയില്‍ മുന്നിലുള്ളത്.