UPDATES

കായികം

മൈതാനത്ത് ഇറങ്ങിയപ്പോള്‍ കൂകി വിളിച്ചവര്‍ക്ക് മറുപടി; ഇതെന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന കാര്യമെന്ന് സ്റ്റീവ് സ്മിത്ത്

പന്ത് ചുരണ്ടല്‍ വിവാദത്തിലെ ഒരു വര്‍ഷം നീണ്ട വിലക്കിന് ശേഷം സ്മിത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു ആഷസ്.

ടെസ്റ്റ് ക്രിക്കറ്റിലേക്ക് തകര്‍പ്പന്‍ തിരിച്ചു വരവറിയിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ക്രിസിലെത്തിയ ഒരു താരത്തെ സംബന്ധിച്ച് നാല് ഇന്നിങ്‌സ് കൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാമനാകുകയെന്നത് അത്ഭുതം തന്നെയാണ്.

സ്റ്റീവ് സ്മിത്തിന്റെ തോളിലേറിയ ഓസ്ട്രേലിയ ആഷസ് ടെസ്റ്റ് പരമ്പരയുടെ നാലാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ഇന്നിംഗ്സില്‍ 211, രണ്ടാം ഇന്നിംഗ്സില്‍ 85-ഉം റണ്‍സ് നേടിയ സ്മിത്തിന്റെ മികവില്‍ 185 റണ്‍സിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തകര്‍ത്തത്. സ്മിത്തിന് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും.

ഇംഗ്ലണ്ടില്‍ വെച്ച് ആഷസ് കിരീടം നേടുകയെന്നത് തന്റെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന കാര്യമാണെന്നാണ് സ്റ്റീവ് സ്മിത്ത് മത്സര ജയത്തിന് ശേഷം പ്രതികരിച്ചത്. മത്സരത്തില്‍ നിര്‍ണായക പ്രകടനത്തിലുടെ ടീമിനെ വിജയ തീരത്ത് എത്തിച്ച സ്മിത്ത് ആഷസ് പരമ്പരയിലെ അടുത്ത ടെസ്റ്റും ജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കാനാണ് ആഗ്രഹമെന്നും സ്മിത്ത് പറഞ്ഞു. പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം ക്രിക്കറ്റില്‍ നിന്ന് വിലക്കിയ സ്മിത്തിന്റെ തിരിച്ച് വരവിലെ ആദ്യ ടെസ്റ്റ് കൂടിയായിരുന്നു ഈ ആഷസ് പരമ്പര. ഈ പരമ്പരയില്‍ 5 ഇന്നിംഗ്‌സ് മാത്രം കളിച്ച സ്മിത്ത് 671 റണ്‍സ് നേടിയിരുന്നു.

അവിശ്വസനീയം എന്നാണ് സ്മിത്തിന്റെ തിരിച്ചു വരവിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കുകയാണ് സ്മിത്ത്. ആഷസിലെ തന്റെ മൂന്നാം ഇരട്ട സെഞ്ച്വറി നേടിയ സ്മിത്ത് ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും വിരാട് കോഹ്‌ലിയെ മറികടന്ന് സ്വന്തമാക്കിക്കഴിഞ്ഞു. വെറും നാല് ഇന്നിങ്‌സ് മാത്രം കളിച്ച സ്മിത്താണ് ഈ വര്‍ഷത്തെ ടെസ്റ്റ്ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായത്.

പന്ത് ചുരണ്ടല്‍ വിവാദത്തിലെ ഒരു വര്‍ഷം നീണ്ട വിലക്കിന് ശേഷം സ്മിത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു ആഷസ്. ബാറ്റിംഗിനിറങ്ങിയപ്പോഴെല്ലാം സ്മിത്തിനെ ഇംഗ്ലീഷ് കാണികള്‍ കൂക്കിവിളിച്ചു. പക്ഷേ അതിനെല്ലാം ബാറ്റ് കൊണ്ടുതന്നെ മറുപടി കൊടുത്തു. മടങ്ങിവരവിലെ ആദ്യ ടെസ്റ്റിലെ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി. അടുത്ത ടെസ്റ്റില്‍ ശരീരം ലക്ഷ്യമാക്കിയുള്ള ആര്‍ച്ചറുടെ ബൗളിംഗിനെ അതിജീവിച്ച് 92 റണ്‍സ്.

ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് രണ്ട് ടെസ്റ്റ് കളിച്ചപ്പോഴേ ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വിരാട് കോഹ്ലിയില്‍ നിന്ന് തിരിച്ചുപിടിച്ചു സ്മിത്ത്. പരിക്ക് ഭേദമാകാത്തനാല്‍ മൂന്നാം ടെസ്റ്റില്‍ കളിച്ചില്ല. നാലാം ടെസ്റ്റില്‍ ഇരട്ടസെഞ്ച്വറിയുമായി കുറവ് തീര്‍ത്തു. ആഷസില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം, ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം, തുടര്‍ച്ചയായ മൂന്ന് ആഷസില്‍ 500 ലധകം റണ്‍സ് നെടുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്നീ നേട്ടങ്ങളെല്ലാം സ്മിത്ത് സ്വന്തം പേരിനൊപ്പം ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍