UPDATES

വീഡിയോ

തകര്‍പ്പന്‍ ക്യാച്ചുമായി സ്മിത്ത് മാജിക്; കൈയ്യടിച്ച് ആരാധകര്‍

പരമ്പരയിലുടനീളം മികച്ച ഫോമിലായിരുന്നു സ്മിത്ത്

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കിന് ശേഷം ആഷസ് പരമ്പരയിലൂടെ തിരിച്ചെത്തിയ ഓസീസ് താരം സ്റ്റീവ്   സ്മിത്താണ് കുറച്ചു ദിവസങ്ങളായി ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ബാറ്റിംഗിലും ഫീല്‍ഡിലും തിളങ്ങിയ സ്മിത്ത് തന്നെയാണ് ആഷസ് പരമ്പരയിലെ ഹീറോ. അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം ഫീല്‍ഡിലും താന്‍ മികച്ചതെന്ന് തെളിയിക്കുകയായിരുന്നു താരം. മൂന്നാം ദിനം ക്രിസ് വോക്സിനെ പുറത്താക്കിയ ആ ഡൈവിങ് ക്യാച്ച് സ്മിത്തിന് കൈയ്യടി നേടിക്കൊടുക്കുകയാണ്.

മാര്‍ഷ് എറിഞ്ഞ എണ്‍പത്തിയേഴാം ഓവറിന്റെ അവസാന പന്തിലായിരുന്നു സംഭവം. ഓഫ് സ്റ്റമ്പിന് പുറത്തുകൂടി പറന്ന മാര്‍ഷിന്റെ ഔട്ട്സ്വിങ്ങര്‍ ഡ്രൈവ് ചെയ്യാനായിരുന്നു വോക്സിന്റെ ശ്രമം. എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിലൂടെ ബൗണ്ടറിയിലെത്തുമെന്ന് കരുതിയ പന്ത് സെക്കന്‍ഡ് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന സ്മിത്ത് വലത്തോട്ട് പറന്ന് ഒറ്റക്കൈ കൊണ്ട് പന്ത് കൈപിടിയിലാക്കി.

2005ലെ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ആന്‍ഡ്രൂ സ്ട്രോസ് എടുത്ത സൂപ്പര്‍മാന്‍ ക്യാച്ചാണ് ഇതു കണ്ട പലര്‍ക്കും ഓര്‍മ വന്നത്. ഈ സൂപ്പര്‍മാന്‍ ക്യാച്ചിലൂടെ വോക്സിനെ മടക്കുമ്പോള്‍ ഏഴിന് 305 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് 24 റണ്‍സ് കൂടി ചേര്‍ത്ത് ഓസ്ട്രേലിയക്ക് മുന്നില്‍ 399 റണ്‍സന്റെ വിജയലക്ഷ്യം ഇട്ടുകൊടുത്ത് ഓള്‍ഔട്ടാവുകയും ചെയ്തു. പരമ്പരയിലുടനീളം മികച്ച ഫോമിലായിരുന്നു സ്മിത്ത്. 144, 142, 92, 211, 82, 80, 23 എന്നിങ്ങനെയായിരുന്നു സ്മത്തിന്റെ സ്‌കോര്‍.

പരമ്പരയിലെ അവസാനത്തെ മത്സരം ഇംഗ്ലണ്ട് ജയിച്ചതോടെ ആഷസ് പരമ്പര 2-2ന് സമനിലയിൽ കലാശിച്ചു.  പരമ്പര സമനിലയിൽ അവസാനിച്ചെങ്കിലും കഴിഞ്ഞ തവണ ആഷസ് കിരീടം നേടിയ ഓസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തി. അവസാനമായി 1972ലാണ് അവസാനമായി ആഷസ് പരമ്പര സമനിലയിൽ  അവസാനിച്ചത്. അന്നും പരമ്പര 2-2ന് തന്നെയാണ് അവസാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍