UPDATES

കായികം

ടിം മുര്‍ത്താഗിന്റെ മാജിക്കില്‍ അയര്‍ലന്‍ഡ്; ലോകകപ്പ് ബാധിച്ചെന്ന് ഇംഗ്ലണ്ട് പരിശീലകന്‍

മാര്‍ക്ക് അഡെയര്‍ 32 റണ്‍സിന് 3 വിക്കറ്റും ബോയ്ഡ് റാങ്കിന്‍ 5 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുമെടുത്തു.

ലോകകപ്പ് നേടി  പത്ത് ദിവസത്തിന് ശേഷം ടെസ്റ്റില്‍ അയര്‍ലന്‍ഡിനെ നേരിട്ട ഇംഗ്ലീഷ് നിര ഇന്നലെ തകര്‍ന്നടിയികുയായിരുന്നു. പേര് കേട്ട ഇംഗ്ലണ്ട് ബാറ്റിംഗ് നിര 85 റണ്‍സിന് പുറത്താകുകയായിരുന്നു. ഈ നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടമായിരുന്നു. അയര്‍ലന്‍ഡ് അവരുടെ ആദ്യ ഇന്നിംഗ്‌സില്‍ 207 റണ്‍സാണ് നേടിയത്. 122 റണ്‍സ് കടവുമായി രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം കളി അവസാനിക്കുമ്‌ബോള്‍ 0/0 എന്ന നിലയിലാണ്. 9 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത പേസര്‍ ടിം മുര്‍ത്താഗാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 37കാരനായ മുര്‍ത്താഗ് കരിയറിലാകെ 2 ടെസ്റ്റുകള്‍ മാത്രമാണ് ഇതിനു മുന്‍പു കളിച്ചിട്ടുള്ളത്. കൗണ്ടി ക്രിക്കറ്റില്‍ മിഡില്‍സെക്‌സിന്റെ താരമാണു മുര്‍ത്താഗ്.

മാര്‍ക്ക് അഡെയര്‍ 32 റണ്‍സിന് 3 വിക്കറ്റും ബോയ്ഡ് റാങ്കിന്‍ 5 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുമെടുത്തു. മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ അയര്‍ലന്‍ഡ് ബോളര്‍മാര്‍ വേഗം കൊണ്ടല്ല, കൃത്യത കൊണ്ടാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ വ്യത്യസ്തമായ ഒരു റെക്കോര്‍ഡാണ് അയര്‍ലന്‍ഡിന്റെ ബോയ്ഡ് റാങ്കിന്‍ ഇന്നലെ സ്വന്തമാക്കിയത്. ഇഫ്തിഖര്‍ അലി ഖാന്‍ പട്ടൗഡി കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനുവേണ്ടി കളിച്ചശേഷം ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന ആദ്യ താരമാണു ബോയ്ഡ്. 1932-34ല്‍ ഇംഗ്ലിഷ് ടീമില്‍ കളിച്ച പട്ടൗഡി സീനിയര്‍ പിന്നീട് 1946ല്‍ ഇന്ത്യയ്ക്കുവേണ്ടി ഇംഗ്ലണ്ടിനെതിരെ കളിച്ചു. 2014ല്‍ ഇംഗ്ലണ്ടിനുവേണ്ടി ആഷസ് പരമ്പരയിലെ ഒരു മത്സരത്തില്‍ ബോയ്ഡ് കളിച്ചിട്ടുണ്ട്. ഇന്നലെ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചതോടെ ബോയ്ഡ് ഇംഗ്ലണ്ടിനുവേണ്ടിയും ഇംഗ്ലണ്ടിനെതിരെയും കളിക്കുന്ന ഒന്‍പതാമത്തെ താരമായി.

അതേസമയം ലോകകപ്പ് തങ്ങളെ ബാധിച്ചെന്നാണ് ഇംഗ്ലണ്ട് ബാറ്റിംഗ് പരിശീലകന്‍ ഗ്രഹാം തോര്‍പ്പ് പറഞ്ഞത്. ലോകകപ്പിന് ഒരാഴ്ച ശേഷം മത്സരത്തിനിറങ്ങിയത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചു. സാഹചര്യങ്ങളെ ക്ഷമയോടെ നേരിടണമായിരുന്നു. എന്നാല്‍ അവിടെ പരിഭ്രാന്തരാകരുത്. കുറച്ചു പേര്‍ ക്രിസില്‍ പിടിച്ച് നില്‍ക്കേണ്ടിയിരുന്നു. അടുത്ത വാരം ആരംഭിക്കുന്ന ആഷസ് മത്സരത്തിനെ കുറിച്ചാണ് താരങ്ങളുടെ ചിന്ത. ലോകകപ്പിന് ശേഷം താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കേണ്ടിയിരുന്നുവെന്നും ഗ്രഹാം തോര്‍പ്പ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍