UPDATES

കായികം

വാതുവെപ്പ് വിവാദം; ഇടനിലക്കാരന്‍ സഞ്ജീവ് ചാവ്ലയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്

മാര്‍ച്ചില്‍ നടന്ന ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം ഒത്തുകളിക്കുന്നതിനായി സഞ്ജീവ് ചാവ്‌ലയില്‍ നിന്നും ഹാന്‍സ്യെ ക്രോണ്യെ പണം വാങ്ങിയതിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഡല്‍ഹി പോലീസ് പിടിച്ചെടുത്തിരുന്നു.

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യേ ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായ 2000 ലെ ക്രിക്കറ്റ് വാതുവെപ്പിലെ  ഇടനിലക്കാരന്‍ സഞ്ജീവ് ചാവ്ലയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. കേസ് യുകെ ഹോം സെക്രട്ടറിക്ക് കൈമാറിയിതായാണ് റിപോര്‍ട്ടുകള്‍. 1996ല്‍ ഇന്ത്യയില്‍നിന്നും രക്ഷപ്പെട്ട് ലണ്ടനിലേക്ക് കടന്ന ഇയാളെ സ്‌കോട്ട് ലാന്‍ഡ് യാര്‍ഡ് പോലീസ് 2016 ജൂണില്‍ പിടികൂടിയിരുന്നു.

2000 ഏപ്രിലിലാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ ക്രിക്കറ്റ് വാതുവെപ്പിന്റെ വിവരങ്ങള്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്. മാര്‍ച്ചില്‍ നടന്ന ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം ഒത്തുകളിക്കുന്നതിനായി സഞ്ജീവ് ചാവ്‌ലയില്‍ നിന്നും ഹാന്‍സ്യെ ക്രോണ്യെ പണം വാങ്ങിയതിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഡല്‍ഹി പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കം ലോകോത്തര കളിക്കാരും കോഴക്കളികളില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞു. അന്നു മുതല്‍ സഞ്ജീവ് ചാവ്ലയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു വരികയായിരുന്നു. ടെലിഫോണ്‍ സംഭാഷണം ചോര്‍ന്നതിനെത്തുടര്‍ന്ന് ഇയാള്‍ പിടികൊടുക്കാതെ  മുങ്ങിയിരിക്കുകയായിരുന്നു.

2000ലെ ക്രിക്കറ്റ് വാതുവെപ്പു കേസിലെ കുറ്റപത്രം 2013 ലാണ് ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സ്യെ ക്രോണ്യയെ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ആരോപണ വിധേയരായ ഇന്ത്യന്‍ കളിക്കാരെയെല്ലാം ഒഴിവാക്കിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റനും കോണ്‍ഗ്രസ് എംപിയുമായ മുഹമ്മദ് അസറുദ്ദീന്‍, മുന്‍ ക്രിക്കറ്റര്‍ അജയ് ജഡേജ,ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹര്‍ഷ്‌ലെ ഗിബ്‌സ്,നിക്കി ബോയെ എന്നിവരെയാണ്‌ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയത്.  ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. ലണ്ടന്‍ ആസ്ഥാനമാക്കി വാതുവെപ്പ് നടത്തിയ കേസില്‍ പ്രധാനപ്രതികള്‍ സഞ്ജീവ് ചാവ്‌ല, മന്‍മോഹന്‍ കട്ടാര്‍, കൃഷ്ണകുമാര്‍, ദല്‍ഹി സ്വദേശിയായ വാതുവെപ്പുകാരന്‍ രാജേഷ് കല്‍റ,സുനില്‍ ദാര എന്ന ബിട്ടു എന്നിവരായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍