UPDATES

കായികം

തോല്‍വിക്ക് പിന്നാലെ കോഹ്‌ലിക്ക് ഐസിസിയുടെ താക്കീത്

കോഹ്‌ലി കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗികമായ ഹിയറിങ് കൂടാതെ തന്നെ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സന്‍ നടപടി സ്വീകരിക്കുകയായിരുന്നു

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പരയിലെ അവസാന ട്വന്റി 20 മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് ഐസിസിയുടെ മുന്നറിയിപ്പ്. മൈതാനത്തെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് കോഹ്‌ലിക്കെതിരെ ഐസിസി താക്കീതുമായി എത്തിയത്. അതിരുവിട്ട പെരുമാറ്റത്തെ തുടര്‍ന്ന് താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്.

മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്സിന്റെ അഞ്ചാം ഓവറില്‍ പന്തടിച്ച് ബൗളേഴ്‌സ് എന്‍ഡിലേക്ക് റണ്‍സെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ താരം ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെ തോളുകൊണ്ട് ഇടിച്ചതിനാണ് കോഹ്‌ലിക്കെതിരെ ഐസിസി നടപടിയെടുത്തത്. എതിര്‍ ടീം താരത്തിന്റെ ശരീരത്തില്‍ മന:പൂര്‍വം തട്ടിയതിലൂടെ ഐസിസി പെരുമാറ്റച്ചട്ടത്തിലെ 2.12 വകുപ്പ് പ്രകാരമുള്ള കുറ്റം കോഹ്‌ലി ചെയ്തതായി ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഐ.സി.സി പെരുമാറ്റച്ചട്ടമനുസരിച്ച് ലെവല്‍ ഒന്ന് കുറ്റമാണിത്. ഒരു രാജ്യാന്തര മത്സരത്തിനിടെ സഹതാരം, അമ്പയര്‍, സപ്പോര്‍ട്ട് പാനലിലെ അംഗം, മാച്ച് റഫറി തുടങ്ങി ആരുടെയെങ്കിലും (കാണികള്‍) ദേഹത്ത് അപകടകരമായ രീതിയില്‍ സ്പര്‍ശിക്കുന്നത് വിലക്കുന്നതാണ് ഈ വകുപ്പ്. ഇതോടെ 2016 സെപ്റ്റംബറില്‍ ഐസിസി പെരുമാറ്റച്ചട്ടം പുതുക്കിയ ശേഷം മൂന്നാം തവണയാണ് കോഹ്‌ലിക്ക് ഡീമെറിറ്റ് പോയന്റ് ലഭിക്കുന്നത്. കോഹ്‌ലി കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗികമായ ഹിയറിങ് കൂടാതെ തന്നെ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സന്‍ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും ഐസിസി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലും ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തിലും മോശം പെരുമാറ്റത്തിന്റെ പേരില്‍ കോഹ്‌ലിക്ക് ഡീമെറിറ്റ് പോയന്റ് ലഭിച്ചിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍