UPDATES

കായികം

വിന്‍ഡീസ് കുപ്പായത്തില്‍ ഇനി ബ്രാവോ ഇല്ല!

2004ലാണ് ബ്രാവോ അരങ്ങേറിയത്. വിന്‍ഡീസിനായി 40 ടെസ്റ്റുകളും, 164 ഏകദിനങ്ങളും, 66 ടി20 മത്സരങ്ങളും കളിച്ചു.

വെസ്റ്റഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള തര്‍ക്കങ്ങള്‍ക്കിടെ ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ അന്താരാഷ്ട്ര കിക്കറ്റില്‍നിന്നും നിന്നും വിരമിച്ചു. ഫ്രാഞ്ചൈസികള്‍ക്കുവേണ്ടി ടി20യില്‍ തുടരുമെന്ന് താരം അറിയിച്ചിട്ടുണ്ട്. 2016 സെപ്റ്റംബറിലാണ് അവസാനമായി 35കാരനായി ബ്രാവോ വിന്‍ഡീസിനായി കളിച്ചത്.

2012, 2016 വര്‍ഷങ്ങളില്‍ വിന്‍ഡീസ് ടി20 ലോകകപ്പ് നേടുമ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ബ്രാവോ. ഏറെക്കാലമായി ബോര്‍ഡുമായുള്ള ശീത സമരത്തിലായിരുന്ന ബ്രാവോ പലവട്ടം താന്‍ ഇനി വിന്‍ഡീസിനു വേണ്ടി കളിക്കുകയില്ലെന്ന് അറിയിച്ചിരുന്നു. ക്ലബ്ബുകള്‍ക്കുവേണ്ടി ടി20യില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ബ്രാവോയ്ക്ക് ദേശീയ ടീമില്‍ ഇടം ലഭിച്ചിരുന്നില്ല.

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി എന്നും തര്‍ക്കത്തിലായിരുന്നതിനാല്‍ ബ്രാവോയ്ക്ക് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ ഇടം ലഭിച്ചില്ല. 2014ല്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ടീമിന്റെ ക്യാപ്റ്റനായിരുന്ന താരം പാതിവഴിയില്‍വെച്ച് പരമ്പര ബഹിഷ്‌കരണം നടത്തിയത് ഏറെ വിവാദമായിരുന്നു.

വെസ്റ്റിന്‍ഡീസിനായി 2004ലാണ് ബ്രാവോ അരങ്ങേറിയത്. 40 ടെസ്റ്റുകളും, 164 ഏകദിനങ്ങളും, 66 ടി20 മത്സരങ്ങളും രാജ്യത്തിനായി കളിച്ചു. ടെസ്റ്റില്‍ 2200 റണ്‍സും 86 വിക്കറ്റുകളും, ഏകദിനത്തില്‍ 2986 റണ്‍സും 199 വിക്കറ്റുകളും, ടി20യില്‍ 1142 റണ്‍സും 52 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടി20 മത്സരത്തില്‍ 2016ലാണ് അവസാനമായി വെസ്റ്റിന്‍ഡീസിനായി ഇറങ്ങിയത്.

‘രാജ്യത്തിനുവേണ്ടി അരങ്ങേറി 14 വര്‍ഷത്തിനുശേഷം വിരമിക്കുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്ന് ബ്രാവോ പറഞ്ഞു. എനിക്കാവുന്ന രീതിയില്‍ ആത്മാര്‍ഥതയോടെ രാജ്യത്തിനുവേണ്ടി കളിച്ചു. തന്റെ കരിയറില്‍ നേട്ടമുണ്ടാക്കാന്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയുണ്ട്. കുടുംബത്തിനും മുന്‍ കളിക്കാര്‍ക്കും ആരാധകര്‍ക്കുമെല്ലാം ഈ അവസരത്തില്‍ നന്ദി പറയുന്നു. ലോകമെങ്ങുമുള്ള കളിക്കളത്തില്‍ കളിക്കാനായത് ഭാഗ്യമായി കരുതുന്നു. വരും തലമുറയ്ക്ക് അവസരം കൊടുക്കുന്നതിനുമായി തന്റെ മുന്‍ഗാമികള്‍ ചെയ്തത് പോലെ താനും വഴിമാറിക്കൊടുക്കും’ എന്നാണ് ബ്രാവോ തന്റെ റിട്ടയര്‍മെന്റ് കുറിപ്പില്‍ പറഞ്ഞത്.

വിരമിച്ചെങ്കിലും ഐപിഎല്‍ പോലുള്ള വേദികളില്‍ ബ്രാവോയെ കാണാം. ഐപിഎല്ലില്‍ ചെന്നൈ ടീമിനുവേണ്ടി കളിക്കുന്നുണ്ട്. സിപിഎല്ലില്‍ നൈറ്റ് റൈഡേഴ്‌സിനായും, ബിബിഎല്ലില്‍ മെല്‍ബണ്‍ ടീമിനായും, പിഎസ്എല്ലില്‍ പെഷവാര്‍ ടീമിനായും കളിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍