ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മ 25-ാം സെഞ്ചുറി പൂര്‍ത്തിയാക്കി കഴിഞ്ഞു.
ഇംഗ്ലണ്ട് ലോകകപ്പില്‍ മികച്ച ഇന്നിംഗ്‌സുകളുമായി ഇന്ത്യയൂടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ സൂപ്പര്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 440 റണ്‍സുമായി റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആറാമതാണ് രോഹിത്. മൂന്ന് സെഞ്ചുറിയുമായി കൂടുതല്‍ സെഞ്ചുറികള്‍ നേടിയവരുടെ പട്ടികയില്‍ ഒന്നാമതും. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഈ ലോകകപ്പിലെ തന്റെ മൂന്നാം സെഞ്ചുറി കുറിച്ച രോഹിത് ശര്‍മ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരുന്നു. ഒരേ ലോകകപ്പില്‍ മൂന്നു സെഞ്ചുറിനേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.
2003 ലോകകപ്പില്‍ സൗരവ് ഗാംഗുലി മൂന്നു സെഞ്ചുറി നേടിയിരുന്നു. ഒരു ലോകകപ്പില്‍ ഏറ്റവുധികം സെഞ്ചുറികള്‍ എന്ന നേട്ടത്തില്‍ ഗാംഗുലിക്ക് ഒപ്പമാണ് രോഹിത് എത്തിയത്.
കഴിഞ്ഞ ലോകകപ്പില്‍ നാലു സെഞ്ചുറി നേടിയ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് ഈ പട്ടികയില്‍ മുന്നില്‍. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്ക് എതിരെയായിരുന്നു രോഹിതിന്റെ ഈ ലോകകപ്പിലെ സെഞ്ചുറികള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ 122 റണ്‍സ് നേടിയ രോഹിത് പാകിസ്താനെതിരെ 140 റണ്‍സും ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 102 റണ്‍സും നേടി. ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മ 25-ാം സെഞ്ചുറി പൂര്‍ത്തിയാക്കി കഴിഞ്ഞു. 206-ാം ഇന്നിങ്‌സിലാണ് രോഹിതിന്റെ നേട്ടം.