UPDATES

കായികം

വിവാദങ്ങൾ പവാറിന് വിനയായി; ഡബ്ല്യു വി രാമൻ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ

ഇന്ത്യയ്ക്കുവേണ്ടി 11 ടെസ്റ്റുകളും 27 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് ഡബ്ല്യു വി രാമന്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഡബ്ല്യു വി രാമനെ  നിയോഗിച്ചതായി ബിസിസി െഎ. ഇന്ത്യയുടെ പുരുഷ ടീം മുന്‍ പരിശീലകനും മുൻ‌ ദക്ഷിണാഫ്രിക്കന്‍ താരവുമായ ഗാരി കിര്‍സ്റ്റ്യന്‍ ആയിരുന്നു രാമനൊപ്പം അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ടീമിന്റെ താത്കാലിക പരിശീലകനായിരുന്ന രമേഷ് പവാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും അഭിമുഖത്തിനുശേഷം പരിഗണിച്ചില്ല.

ഇന്ത്യയ്ക്കുവേണ്ടി 11 ടെസ്റ്റുകളും 27 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് ഡബ്ല്യു വി രാമന്‍. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്ക് വാദ്, ശാന്തന്‍ രംഗസ്വാമി എന്നിവരടങ്ങിയ കമ്മറ്റിയാണ് മുന്‍ പുരുഷ ടീം പരിശീലകന്‍ ദക്ഷിണാഫ്രിക്കയുടെ ഗാരി കിര്‍സ്റ്റ്യന്‍, ഡബ്ല്യു വി രാമന്‍ എന്നിവരെ നിര്‍ദ്ദേശിച്ചത്. പുതിയ പരിശീലകനെ സംബന്ധിച്ച് ബിസിസിഐ ഉടന്‍ പ്രഖ്യാപനം നടത്തും. താത്കാലിക പരിശീലകനായിരുന്ന രമേഷ് പവാറിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ പരിശീലകനായി ബിസിസിഐ ശ്രമം ആരംഭിച്ചത്.

വനിതാ ടി20 ലോകകപ്പിനിടെ മിതാലി രാജുമായി രമേഷ് പവാര്‍ കൊമ്പുകോര്‍ത്തത് ഏറെ വിവാദമായിരുന്നു. അതേസമയം, വനിതാ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നിവര്‍ പിന്നീട് പവാറിനെ തന്നെ വീണ്ടും പരിശീലകനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജനുവരിയില്‍ നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡ് പര്യടനമാണ് പുതിയ പരിശീലകന്റെ ആദ്യ വെല്ലുവിളി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍