UPDATES

കായികം

ബെന്‍ സ്‌റ്റോക്‌സ് അംപയറോട് ആ റണ്‍ വേണ്ടെന്ന് പറഞ്ഞിരുന്നു: ജിമ്മി ആന്‍ഡേഴ്സണ്‍

ഗപ്ടിലിന്റെ ത്രോ ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലെത്തിയപ്പോള്‍ അംപയര്‍ ഇംഗ്ലണ്ടിന് ഡബിളും ബൗണ്ടറിയും ചേര്‍ത്ത് ആറു റണ്‍സാണ് അനുവദിച്ചത്.

ലോകകപ്പ് ഫൈനലില്‍ ഉണ്ടായ വിവാദങ്ങളില്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. വിഷയത്തില്‍ കൂടുതല്‍ താരങ്ങള്‍ പ്രതികരണം അറിയിച്ച് രംഗത്ത് വരികയാണ്. കലാശപോരാട്ടത്തില്‍ കിവീസ് – ഇംഗ്ലണ്ട് 50 ഓവര്‍ മത്സരത്തിലെ ആ ആറു റണ്‍സിനെ ചുറ്റിപറ്റിയുളള ചര്‍ച്ചകളാണ് അധികവും. ഫൈനലിലെ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് അധിമായി ലഭിച്ചത് നാല് റണ്‍സാണ്. മല്‍സരം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെ, രണ്ട് റണ്‍സ് ഓടിയെടുക്കുന്നതിനിടെ ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ത്രോ ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലെത്തിയപ്പോള്‍ ശ്രീലങ്കന്‍ അംപയര്‍ കുമാര്‍ ധര്‍മസേന ഇംഗ്ലണ്ടിന് ഡബിളും ബൗണ്ടറിയും ചേര്‍ത്ത് ആറു റണ്‍സാണ് അനുവദിച്ചത്. മത്സരത്തില്‍ ഈ റണ്‍ നിര്‍ണായകമാകുകയും ചെയ്തു. ഇതോടെ മല്‍സരം ടൈയില്‍ അവസാനിക്കുകയും സൂപ്പര്‍ ഓവറിലേക്കു നീളുകയും ചെയ്തു. അവിടെയും 15 റണ്‍സ് വീതമെടുത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ മല്‍സരത്തിലും സൂപ്പര്‍ ഓവറിലുമായി നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

ഏറെ വിവാദങ്ങളണ്ടാക്കിയ ആ ആറു റണ്‍സില്‍ ഓവര്‍ത്രോ വഴി ലഭിച്ച നാലു റണ്‍സ് വേണ്ടെന്ന് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ വിജയശില്‍പിയായ ബെന്‍ സ്റ്റോക്‌സ് അംപയറോട് ആവശ്യപ്പെട്ടതായി പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് താരവും ബെന്‍ സ്റ്റോക്‌സിന്റെ സുഹൃത്തുമായ പേസ് ബൗളര്‍ ജിമ്മി ആന്‍ഡേഴ്‌സനാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. റണ്ണൗട്ടില്‍നിന്നു രക്ഷപ്പെടാന്‍ ക്രീസിലേക്ക് ഡൈവ് ചെയ്ത സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടിയാണ് ഗപ്ടിലിന്റെ ത്രോ നേരെ ബൗണ്ടറിയിലേക്കു പോയത്. വീണിടത്തുനിന്ന് എണീറ്റ സ്റ്റോക്‌സ് ഇരു കൈകളും വശങ്ങളിലേക്കു നീട്ടി അതു മനഃപൂര്‍വം സംഭവിച്ചതല്ലെന്ന് ആംഗ്യം കാട്ടിയിരുന്നു. ഇതിനു പിന്നാലെ ആ ബൗണ്ടറി വേണ്ടെന്ന് സ്റ്റോക്‌സ് അംപയറോടു പറഞ്ഞെന്നാണ് ആന്‍ഡേഴ്‌സന്റെ വെളിപ്പെടുത്തല്‍.

‘കഴിഞ്ഞ ദിവസം ഈ സംഭവത്തേക്കുറിച്ച് ഞാന്‍ മൈക്കല്‍ വോണുമായി (മുന്‍ ഇംഗ്ലണ്ട് നായകനും കമന്റേറ്ററും സംസാരിച്ചിരുന്നു. ഓവര്‍ത്രോയിലൂടെ ലഭിച്ച ആ നാലു റണ്‍സ് വേണ്ടെന്ന് അപ്പോള്‍ത്തന്നെ അംപയറോടു പറഞ്ഞതായി മല്‍സരശേഷം കണ്ടപ്പോള്‍ സ്റ്റോക്‌സ് വോണിനോടു പറഞ്ഞുവത്രേ. വോണ്‍ ഇക്കാര്യം എന്നോടും പറഞ്ഞു. എന്നാല്‍ നിയമമനുസരിച്ച് ആ ഓവര്‍ത്രോയ്ക്ക് നാലു റണ്‍സ് കൂട്ടിയല്ലേ തീരൂ.’ ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

‘ക്രിക്കറ്റിലെ മര്യാദയനുസരിച്ച് സ്റ്റംപ് ലക്ഷ്യമാക്കി എറിഞ്ഞ പന്ത് ബാറ്റ്‌സ്മാന്റെ ദേഹത്തോ ബാറ്റിലോ തട്ടി ഗതിമാറിയാല്‍ വീണ്ടും റണ്ണിനായി ശ്രമിക്കാറില്ല. എന്നാല്‍, പന്തു നേരെ ബൗണ്ടറി കടന്നാല്‍ നിയമമനുസരിച്ച് നാലു റണ്‍സ് നല്‍കണം. ഇക്കാര്യത്തില്‍ ആര്‍ക്കുമൊന്നും ചെയ്യാനില്ല’ ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍