UPDATES

കായികം

ലൂക്ക മോഡ്രിച്ച് വാക്ക് പാലിച്ചു: മെസിയുടെ അര്‍ജന്റീനയ്ക്ക് വേണ്ടി ക്രൊയേഷ്യ ഐസ് ലാന്റിനെ തോല്‍പ്പിച്ചു

മെസിയുടെ അര്‍ജന്റീനയ്ക്ക് വേണ്ടി ഞങ്ങള്‍ ഐസ് ലാന്റിനെ തോല്‍പ്പിക്കും എന്നാണ് ലൂക്ക മോഡ്രിച്ച് പറഞ്ഞത്. റോസ്‌തോവ് ഓണ്‍ ഡോണിലെ റോസ്‌തോവ് അറീനയില്‍ അത് തന്നെ നടന്നു.

ഒടുവില്‍ ലൂക്ക മോഡ്രിച്ച് വാക്ക് പാലിച്ചു. മെസിക്ക് വേണ്ടി, മെസിയുടെ അര്‍ജന്റീനയ്ക്ക് വേണ്ടി ഞങ്ങള്‍ ഐസ് ലാന്റിനെ തോല്‍പ്പിക്കും എന്നാണ് ലൂക്ക മോഡ്രിച്ച് പറഞ്ഞത്. റോസ്‌തോവ് ഓണ്‍ ഡോണിലെ റോസ്‌തോവ് അറീനയില്‍ അത് തന്നെ നടന്നു. 2-1ന് ഐസ് ലാന്റിനെ തോല്‍പ്പിച്ച് ഒമ്പത് പോയിന്റുകളോടെ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലേയ്ക്ക് കടന്നു. നിഷ്‌നിയില്‍ അര്‍ജന്റീനയുടെ ഹൃദയം തകര്‍ത്തെങ്കിലും ഇവിടെ ക്രൊയേഷ്യ അര്‍ജന്റീനയ്ക്ക് കൈത്താങ്ങായി.

ആദ്യ മത്സരത്തില്‍ ഐസ് ലാന്റുമായുള്ള മത്സരം സമനിലയില്‍ ഒതുങ്ങുകയും രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍ക്കുകയും ചെയ്തിരുന്ന അര്‍ജന്റീന ഗ്രൂപ്പില്‍ തന്നെ ലോകകപ്പില്‍ നിന്ന് പുറത്താകും എന്ന ഘട്ടത്തില്‍ നില്‍ക്കുമ്പോളാണ് നൈജീരിയ ഐസ് ലാന്റിനെ തോല്‍പ്പിച്ച് അര്‍ജന്റീനയ്ക്ക് ആശ്വാസം പകരുന്നത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഏറെ ഉദ്യോഗജനകമായ മത്സരത്തില്‍ നൈജീരിയയെ 2-1ന് അര്‍ജന്റീന തോല്‍പ്പിച്ചു. റോസ്‌തോവില്‍ ക്രൊയേഷ്യ ഐസ് ലാന്റിനേയും. പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ പ്രധാന കളിക്കാര്‍ക്ക് വിശ്രമം നല്‍കിയായിരിക്കും ഐസ് ലാന്റിനെ നേരിടുകയെന്ന് ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്‌കോ ഡാലിക് പറഞ്ഞപ്പോള്‍ അര്‍ജന്റൈന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂടിയിരുന്നു. എ റെബിക്കിനേയും ഇവാന്‍ റാക്റ്റികിനേയും അവര്‍ ബഞ്ചിലിരുത്തി. എന്നാല്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ച് ലൈനപ്പിലെത്തി. അര്‍ജന്റീനയുടെ ആശങ്കകളെല്ലാം നീങ്ങി.

ആദ്യ പകുതിയില്‍ ക്രൊയേഷ്യയുടെ ഭാഗത്ത് നിന്ന് കാര്യമായ ആക്രമണമുണ്ടായിരുന്നില്ല. ഹാല്‍ഫ്‌ ടൈം വിസില്‍ മുഴങ്ങുമ്പോള്‍ ആരും ഗോള്‍ നേടിയിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ അവര്‍ ആക്രമണം ശക്തമാക്കി. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ 51ാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ നൈജീരിയയുടെ വിക്ടര്‍ മോസസ് അര്‍ജന്റൈന്‍ വല കുലുക്കി സ്‌കോര്‍ 1-1 എന്ന് ആക്കിയിരുന്നു. അതേസമയം ക്രൊയേഷ്യ – ഐസ് ലാന്റ് മത്സരത്തില്‍ ആദ്യ ഗോള്‍ പിറക്കുന്നത് 53ാം മിനുട്ടില്‍. ക്രൊയേഷ്യയുടെ മിലന്‍ ബാഡല്‍ജിന്റെ ഗോള്‍. 76ാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ ഗില്‍ഫി സിഗുര്‍ഡ്‌സണ്‍ ഐസ് ലാന്റിന്റെ മറുപടി നല്‍കി. ദെജാന്‍ ലോവ്‌റെന്റെ ഹാന്‍ഡ് ബോളാണ് ക്രൊയേഷ്യക്ക് വിനയായത്. സ്‌കോര്‍ 1-1. ക്രൊയേഷ്യന്‍ ആരാധകരേക്കാള്‍ സമ്മര്‍ദ്ദം സ്‌കോര്‍ അറിഞ്ഞിട്ടുണ്ടാവാനിടയുള്ള അര്‍ജന്റീന് ആരാധകര്‍ക്കായിരിക്കും ഈ സമയം. 86ാം മിനുട്ടില്‍ അര്‍ജന്റീനയുടെ രക്ഷകനായി മാര്‍ക്കസ് റോഹോ അവതരിക്കുന്നു. സ്‌കോര്‍ 2-1. അപ്പുറത്ത് 90ാം മിനുട്ടില്‍ ക്രൊയേഷ്യക്ക് വേണ്ടി ഇവാന്‍ പെരിസികിന്റെ ഗോള്‍. അര്‍ജന്റീന അകത്തേയ്ക്കും ഐസ് ലാന്റ് പുറത്തേക്കും. ക്രൊയേഷ്യയോടും നൈജീരിയയോടും നന്ദി പറയാതിരിക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിയില്ല – ഐസ് ലാന്റിനെ തോല്‍പ്പിച്ചതിന്.

മെസിക്ക് വേണ്ടി, മെസിയുടെ അര്‍ജന്റീനയ്ക്ക് വേണ്ടി ഞങ്ങള്‍ ഐസ് ലാന്റിനെ തോല്‍പ്പിക്കും: ലൂക മോഡ്രിക്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍