UPDATES

കായികം

യാന നവോട്‌ന: ടെന്നീസ് കോര്‍ട്ടിലെ ചെക് വസന്തം

1993ലെ വിംബിള്‍ഡണ്‍ ഫൈനല്‍സില്‍ വനിത ടെന്നീസിലെ എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളായ സ്‌റ്റെഫി ഗ്രാഫിനെതിരായ ഐതിഹാസിക പോരാട്ടത്തിന്റെ പേരിലാണ് അവര്‍ ഓര്‍മ്മിക്കപ്പെടുക.

ഒരൊറ്റ സിംഗിള്‍സ് ഗ്രാന്റ്സ്ലാം കിരീടത്തില്‍ മാത്രമേ മുത്തമിടാന്‍ സാധിച്ചുള്ളുവെങ്കിലും ഇന്നലെ അന്തരിച്ച ചെക്കസ്ലോവാക്യയുടെയും പിന്നീട് ചെക് റിപബ്ലിക്കിന്റെയും ടെന്നീസ് താരം യാന നവോട്ട്‌ന മറക്കാനാവാത്ത ഓര്‍മ്മകളാണ് കായിക പ്രേമികള്‍ക്ക് സമ്മാനിച്ചത്. 1998ല്‍ വിംബിള്‍ഡണ്‍ സിംഗ്ള്‍സ് ചാമ്പ്യനായ അവര്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ കളിച്ചിട്ടുണ്ട്. 12 ഗ്രാന്‍ഡ്സ്ലാം ഡബിള്‍സ് കിരീടങ്ങളും നാല് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും നേടിയ അവര്‍ 1997ല്‍ ലോക രണ്ടാം നമ്പര്‍ താരമായിരുന്നു.

എന്നാല്‍ ഇത്തരം കണക്കുകളുടെ പേരിലൊന്നുമല്ല യാന ടെന്നീസ് പ്രേമികളുടെ മനസില്‍ ഇടംപിടിച്ചത്. 1993ലെ വിംബിള്‍ഡണ്‍ ഫൈനല്‍സില്‍ വനിത ടെന്നീസിലെ എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളായ സ്‌റ്റെഫി ഗ്രാഫിനെതിരായ ഐതിഹാസിക പോരാട്ടത്തിന്റെ പേരിലാണ് അവര്‍ ഓര്‍മ്മിക്കപ്പെടുക. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ സ്റ്റെഫി വിജയിച്ചെങ്കിലും രണ്ടാം സെറ്റില്‍ അവരെ നിലംതൊടാന്‍ അനുവദിക്കാതെ 6-1ന് നവോട്ട്‌ന വിജയിച്ചു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ 4-1ന് അവര്‍ ലീഡ് ചെയ്യുകയും ആറാം ഗെയിമില്‍ ഗെയിം പോയിന്റില്‍ എത്തുകയും ചെയ്തിരുന്നു. 5-1ന്റെ ലീഡ് എന്ന കൈയെത്തും ദൂരത്ത് വച്ചാണ് അവര്‍ ഡബിള്‍ ഫോള്‍ട്ട് വരുത്തിയത്. അതില്‍ പിടിച്ചകയറിയ സ്റ്റെഫി തുടര്‍ച്ചയായി അഞ്ച് ഗെയിമുകള്‍ ജയിച്ചുകൊണ്ട് ചാമ്പ്യനാവുകയും ചെയ്തു. വികാരം അടക്കാനാവാതെ പൊട്ടിക്കരഞ്ഞ യാനയെ ആശ്വസിപ്പിക്കുന്ന കെന്റ് രാജകുമാരി ചിത്രം ഇപ്പോഴും ടെന്നീസ് പ്രേമികളുടെ മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നു. എക്കാലത്തെയും മികച്ച ഫൈനല്‍ എന്നാണ് കെന്റ് രാജകുമാരി കാതറീന്‍ ആ മത്സരത്തെ വിശേഷിപ്പിച്ചത്.

1999ല്‍ കളിയില്‍ നിന്നും വിരമിച്ച അവര്‍ ബിബിസിയ്ക്ക് വേണ്ടി കളികള്‍ വിവരിച്ചു. യുഎസിലെ ഫ്‌ളോറിഡയില്‍ ജീവിച്ചിരുന്ന അവര്‍ 2010ല്‍ ചെക് റിപബ്ലിക്കിലെ ജന്മസ്ഥലമായ ബ്രനോയിലേക്ക് മടങ്ങി. തനിക്ക് കാന്‍സര്‍ രോഗമാണെന്ന് അവര്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ അറിയിച്ചുള്ളു. അവരുടെ ഓര്‍മ്മകള്‍ ജന്മം കൊണ്ട് നാട്ടുകാരിയായ മാര്‍ട്ടിന നവരത്തിലോവയെ വല്ലാതെ വേദനിപ്പിക്കുന്നു. 2010 നവരത്തിലോവയ്ക്ക് സ്തനാര്‍ബുദം ബാധിച്ചപ്പോള്‍ അവര്‍ പിന്തുണയും ധൈര്യവും നല്‍കി യാന കൂടെയുണ്ടായിരുന്നു. ‘അവരുടെ മരണം ടെന്നീസ് ലോകത്തെ ഞെട്ടിച്ചു. യാനയെ കുറിച്ച് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. യഥാര്‍ത്ഥ സുഹൃത്തും കരുത്തുറ്റ സ്ത്രീയുമായിരുന്നു അവര്‍,’ എന്ന് മാര്‍ട്ടിന നവരത്തിലോവ അനുസ്മരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍