UPDATES

കായികം

എന്താണ് ഡിവില്ലിയേഴ്‌സ് ഫാക്ടര്‍ അഥവ ദക്ഷിണാഫ്രിക്ക കാത്തിരിക്കുന്ന ആ പ്രത്യേക അവസരം?

പിങ്ക് ക്രിക്കറ്റെന്നാല്‍ ഡിവില്ലിയേഴ്‌സിന്റെ മത്സരം കൂടിയാണെന്നാണ് പറയപ്പെടുന്നത്

ഇന്ന് തങ്ങളുടെ പ്രത്യേക അവസരമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളും ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്. കഴിഞ്ഞ മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യയ്ക്ക് അടിയറവ് വച്ച് പരമ്പര നഷ്ടത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴും അവര്‍ ഇന്നത്തെ ദിവസം നൂറ് ശതമാനം ആത്മവിശ്വാസത്തില്‍ ഇറങ്ങുന്നതും ആ പ്രത്യേക അവസരത്തില്‍ വിശ്വസിച്ചാണ്.

ഇന്ന് മത്സരം ആരംഭിക്കുന്നതിന് മുമ്പ് ക്രിസ് മോറിസ് മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ഈ പ്രത്യേക അവസരത്തെ കുറിച്ചാണ് പറഞ്ഞത്. അത് മറ്റൊന്നുമല്ല എബി ഡിവില്ലിയേഴ്‌സ് ഫാക്ടര്‍ ആണെന്നും മോറിസ് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പരിക്ക് മൂലം കളിക്കാനിറങ്ങാതിരുന്ന ഡിവില്ലിയേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.

ന്യൂഇയര്‍ ടെസ്റ്റ് കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കലണ്ടറില്‍ ഏറ്റവും പ്രാധാന്യമുള്ളത് പിങ്ക് ഏകദിന മത്സരമാണ്. ഇത്തവണ പിങ്ക് ക്രിക്കറ്റ് ഏറെ വൈകിയെങ്കിലും ഇന്ന് ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന മത്സരം പിങ്ക് ഏകദിനമാണ്. സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ദക്ഷിണാഫ്രിക്ക പിങ്ക് ക്രിക്കറ്റ് കളിക്കുന്നത്. ഇന്നത്തെ ദിവസം ഗ്രൗണ്ട് ദക്ഷിണാഫ്രിക്കന്‍ കളിക്കാരുടെ ജേഴ്‌സിയുമെല്ലാം പിങ്ക് നിറത്തിലായിരിക്കുമെന്നതാണ് പിങ്ക് ക്രിക്കറ്റിനെ മറ്റ് മത്സരങ്ങളേക്കാള്‍ വ്യത്യസ്തമാക്കുന്നത്. 2011 മുതല്‍ വര്‍ഷത്തില്‍ ഒരു മത്സരം പിങ്ക് ക്രിക്കറ്റായാണ് കളിക്കുന്നത്. ഇതില്‍ നിന്നും ടീമിന് ലഭിക്കുന്ന വരുമാനം സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിന് ചെലവാക്കുകയും ചെയ്യും. അതിനാലാണ് ഈ മത്സരം അവര്‍ക്ക് പ്രധാനപ്പെട്ടതാകുന്നത്. കൂടാതെ കഴിഞ്ഞ ആറ് പിങ്ക് ക്രിക്കറ്റിലും തങ്ങള്‍ക്കൊപ്പമായിരുന്നു വിജയമെന്നതിനാല്‍ ഇന്നത്തെ മത്സരം അവര്‍ക്ക് അഭിമാന പോരാട്ടവുമാണ്.

ഇതിനേക്കാളെല്ലാമുപരി ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് എബി ഡിവില്ലിയേഴ്‌സ് ഫാക്ടര്‍ ആണ് ഇന്നത്തെ മത്സരത്തെ പ്രത്യേക അവസരമാക്കുന്നതെന്നാണ് മോറിസ് പറയുന്നത്. പിങ്ക് ക്രിക്കറ്റെന്നാല്‍ ഡിവില്ലിയേഴ്‌സിന്റെ മത്സരം കൂടിയാണെന്നാണ് പറയപ്പെടുന്നത്. 2015ല്‍ വെസ്റ്റിന്‍ഡീസിനെതിരെ എബി അതിവേഗ സെഞ്ചുറി നേടിയതും ഒരു പിങ്ക് ക്രിക്കറ്റ് മത്സരത്തിലാണ്. ഡിവില്ലിയേഴ്‌സ് ഫീല്‍ഡില്‍ എന്തുചെയ്യുന്നുവെന്നതിനേക്കാള്‍ ഫീല്‍ഡില്‍ ഉണ്ടെന്നത് തന്നെയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും മോറിസ് വ്യക്തമാക്കി. അദ്ദേഹം ഫീല്‍ഡില്‍ ഉണ്ടെങ്കില്‍ തന്നെ തങ്ങള്‍ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനാകും. അതിനെയാണ് മോറിസ് ഡിവില്ലിയേഴ്‌സ് ഫാക്ടര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും. ഈ ലോകക്രിക്കറ്ററുടെ തിരിച്ചുവരവാണ് തങ്ങള്‍ക്ക് ഇന്നത്തെ മത്സരത്തെ പ്രത്യേക അവസരമാക്കുന്നതെന്നും മോറിസ് പറയുന്നു.

ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ തറപറ്റിച്ച റിസ്റ്റ് ബൗളിംഗ് ഡിവില്ലിയേഴ്‌സിന് മുന്നില്‍ ഫലിക്കില്ലെന്നാണ് അവരുടെ ആരാധകരുടെ വിശ്വാസം. കാരണം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡാണ് ലോകറാങ്കിംഗില്‍ കോഹ്ലിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഡിവില്ലിയേഴ്‌സിനുള്ളത്. പിങ്ക് ക്രിക്കറ്റ് ആദ്യ പതിനഞ്ചോവര്‍ പിന്നിടുമ്പോള്‍ രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ടെങ്കിലും ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ബാറ്റ് വീശുന്നത്. എന്നാല്‍ ഡിവില്ലിയേഴ്‌സ് ഫാക്ടറെന്ന പ്രത്യേക അവസരം ദക്ഷിണാഫ്രിക്കയെ എത്രമാത്രം തുണയ്ക്കുമെന്ന് ഇന്ന് മത്സരം അവസാനിക്കുന്നതോടെ അറിയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍