UPDATES

കായികം

ദിവ്യ ദേശ്മുഖ്: വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ഇന്ത്യയുടെ വലിയ പ്രതീക്ഷയോ?

നാല് ദേശീയ കിരീടങ്ങളും നിരവധി അന്താരാഷ്ട്ര മെഡലുകളും ഇതിനകം തന്നെ ഈ കൊച്ചുമിടുക്കി നേടിയിട്ടുണ്ട്.

വിശ്വനാഥന്‍ ആനന്ദിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ചെസിന്റെ പതാകയേന്താന്‍ നാഗ്പൂരില്‍ നിന്നുള്ള ഒരു പതിനൊന്നുകാരി. ഈയിടെ ബ്രസീലില്‍ നടന്ന അണ്ടര്‍-12 ലോക കെഡറ്റ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിക്കൊണ്ട് തന്നെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയിരിക്കുകയാണ് നാഗ്പൂരിലെ ഭവന്‍സ് വിദ്യാമന്ദിറില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന ദിവ്യ ദേശ്മുഖ്. ചെസ് രംഗത്തെ പ്രമുഖമായ ഈ ടുര്‍ണമെന്റില്‍ ദിവ്യ നേരത്തെ രണ്ട് വീതം സ്വര്‍ണ, ഓട്ടുമെഡലുകള്‍ നേടിയിട്ടുണ്ട്.

അഞ്ചാം വയസുമുതല്‍ ചെസ് പരിശീലിക്കുന്ന ദിവ്യ, 2013ല്‍ ഏറ്റവും പ്രായം കുറഞ്ഞ വനിത ഫിഡെ മാസ്റ്ററായിരുന്നു. നാല് ദേശീയ കിരീടങ്ങളും നിരവധി അന്താരാഷ്ട്ര മെഡലുകളും ഇതിനകം തന്നെ ഈ കൊച്ചുമിടുക്കി നേടിയിട്ടുണ്ട്. അഞ്ചാം വയസുമുതല്‍ ചെസ് പരിശീലിക്കുന്ന ദിവ്യയ്ക്ക് പക്ഷെ തുടക്കത്തില്‍ കളിയോട് വലിയ താല്‍പര്യമില്ലായിരുന്നുവെന്ന് ഗൈനക്കോളജിസ്റ്റായ അമ്മ നര്‍മദ ദേശ്മുഖ് പറയുന്നു. എന്നാല്‍ ഏഴ് മാസങ്ങള്‍ക്ക് ശേഷം ഒരു പ്രാദേശിക ടൂര്‍ണമെന്റ് വിജയിച്ചതോടെ കളിയോടുള്ള ദിവ്യയുടെ സമീപനത്തില്‍ മാറ്റം വന്നു.

ദിവസം ആറ് മണിക്കൂറോളം പരിശീലനത്തിനായി ദിവ്യ ഇപ്പോള്‍ ചിലവഴിക്കുന്നുണ്ട്. ചെന്നൈയില്‍ ചെസ് ഗുരുകുലം നടത്തുന്ന ഗ്രാന്റ്മാസ്റ്റര്‍ ആര്‍ബി രമേഷിന്റെ കീഴിലാണ് ദിവ്യ ഇപ്പോള്‍ പരിശീലിക്കുന്നത്. മാസത്തില്‍ ഒരിക്കല്‍ ചെന്നൈയില്‍ എത്തുന്ന ദിവ്യ അവിടുത്തെ പാഠങ്ങള്‍ വീട്ടിലെത്തിയ ശേഷം പരിശീലിക്കുന്നു. വലിയ പ്രതിഭയുള്ള കഠിനാദ്ധ്വാനിയായ കുട്ടിയാണ് ദിവ്യയെന്ന് രമേഷ് പറയുന്നു.
വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ വച്ചുകൊണ്ട് സഞ്ചരിക്കുന്ന രീതിയല്ല ദിവ്യയ്ക്ക്. അടുത്ത രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ആയേക്കാം എന്നതാണ് ഇത് സംബന്ധിച്ച ദിവ്യയുടെ വിശദീകരണം. മകളെ അമിത സമ്മര്‍ദത്തിലാക്കുന്നതിന് മാതാപിതാക്കളും എതിരാണ്.

കളി ആസ്വദിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് അവര്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ ലക്ഷ്യങ്ങള്‍ക്ക് ഒരു സമയക്രമം നിശ്ചയിക്കാറില്ലെന്ന് മാതാവ് നര്‍മദയും പിതാവ് ജിതേന്ദ്രയും പറയുന്നു. ടൂര്‍ണമെന്റുകള്‍ക്ക് പോകുമ്പോള്‍ ജയിക്കുക എന്നതിനപ്പുറം ഒരു സമ്മര്‍ദവും അവര്‍ ദിവ്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല.
ഈ സമീപനം വളരെ നല്ലതാണെന്നാണ് കോച്ച് രമേഷിന്റെയും അഭിപ്രായം. കുട്ടിയുടെ പ്രതിഭയെ കത്തിച്ചുകളായാന്‍ അവര്‍ തയ്യാറാവുന്നില്ല എന്നത് തന്നെയാണ് ഏറ്റവും അനുകൂലമായ കാര്യമെന്ന് അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍