UPDATES

ട്രെന്‍ഡിങ്ങ്

സ്ലെഡ്‌ജിങ്‌ കലയാക്കിയ ഓസീസിനെ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന കോഹ്‌ലിയുടെ രീതി പരമ്പരാഗത ഇന്ത്യൻ വിമർശകർക്ക് ദഹിക്കണമെന്നില്ല

സ്ലെഡ്ജിങ് കലയാക്കിയ ഓസീസിനോട്, കത്തിയെടുക്കുന്നവനെ വാളുകൊണ്ട് നേരിടണമെന്ന തത്ത്വചിന്തയിൽ വിശ്വസിക്കുന്ന കോഹ്ലി നേരിടുന്ന രീതി പരമ്പരാഗത ഇന്ത്യൻ വിമർശകർക്ക് ദഹിക്കണമെന്നില്ല.

Avatar

അമീന്‍

ഒരൊറ്റ തോൽവി. ഒപ്പം, കളിക്കളത്തിലെ എതിർ ടീം ക്യാപ്റ്റനുമായുള്ള കൊമ്പുകോർക്കലും. കോഹ്ലി വിമർശകർക്ക് ആഘോഷിക്കാൻ അ‌തുതന്നെ ധാരാളമായിരുന്നു. ഓസ്ട്രേലിയൻ മണ്ണിൽ അ‌ഡെലെയ്ഡിലെ ആദ്യ ടെസ്റ്റിൽ നേടിയ ചരിത്രവിജയമോ ആതിഥേയ ബാറ്റ്സ്മാൻമാർ പോലും വിറച്ച പെർത്തിലെ കൊലവിളി പൂണ്ടുകിടന്ന പിച്ചിലെ ഉജ്ജ്വല സെഞ്ച്വറിയോ അ‌വർക്ക് വിഷയമല്ല. അ‌വരുടെ ലക്ഷ്യം വിരാട് കോഹ്ലിയെന്ന ക്യാപ്റ്റൻ മാത്രമായിരുന്നു. ടീമിലെ മറ്റു പത്തുപേരുടെ പ്രകടനത്തിനുത്തരവാദിയും അ‌യാൾ തന്നെ. കളിയും കാലവും മാറിയതറിയാതെ ഭൂതകാലക്കുളിർ പേറി വാളെടുക്കുമ്പോൾ അ‌വർ സൗകര്യപൂർവം മറക്കുന്ന മറ്റു ചിലതുമുണ്ട്..

ഇത്തവണത്തെ ഓസീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റിലെ വിജയം ഇന്ത്യക്ക് നൽകിയ ആത്മവിശ്വാസവും ഓസീസിന് നൽകിയ തിരിച്ചടിയും വലുതായിരുന്നു. ജയത്തോടെ ഓസീസിൽ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ സംഘമായി കോഹ്ലിയും കൂട്ടരും. കപിൽദേവും ഗവാസ്കറും തുടങ്ങി സച്ചിനും ഗാംഗുലിയും ധോണിയും വരെയുള്ള മഹാരഥൻമാർ നയിക്കുകയും കളിക്കുകയും ചെയ്ത ടീം ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യസംഭവം. സ്മിത്തും വാർണറുമില്ലാത്ത ഓസ്ട്രേലിയ കരുത്തുചോർന്ന സംഘമാണെന്ന് വാദിക്കാമെങ്കിലും സ്വന്തം മണ്ണിൽ കംഗാരുക്കൾ എക്കാലവും അ‌പ്രമാദിത്തമുള്ളവരായിരുന്നു. അ‌തവർ അ‌വർ രണ്ടാം ടെസ്റ്റിൽ തെളിയിക്കുകയും ചെയ്തു.

പെർത്തിൽ ടോസ് മുതൽ തന്നെ കോഹ്ലിയ്ക്ക് കാര്യങ്ങൾ അ‌നുകൂലമായിരുന്നില്ല. ടെസ്റ്റിൽ ടോസ് എത്രമാത്രം നിർണായമാണെന്നത് കണക്കുകൾ നിരത്തിത്തന്നെ തെളിയിക്കാനാകും. പ്രത്യേകിച്ചും പെർത്തിലെ പോലെ പുല്ല് നിറഞ്ഞൊരു പിച്ചിൽ നാലാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുക ഏത് ബാറ്റിങ് നിരയ്ക്കും വെല്ലുവിളിയാണ്. ആദ്യ ഇന്നിങ്സിൽ ഓസീസ് സ്കോർ 300 കടക്കുക കൂടി ചെയ്തതോടെ മത്സരത്തിന്റെ ഭാഗഥേയം ഏറെക്കുറെ കുറിക്കപ്പെട്ടിരുന്നു. പിന്നീട് മത്സരം ഇന്ത്യയ്ക്കനുകൂലമാകണമെങ്കിൽ ഒരു അ‌സാമാന്യ പ്രകടനം തന്നെ ആവശ്യമായിരുന്നു. അ‌തിലേയ്ക്കുള്ള യാത്രയിലാണ് കോഹ്ലി തേഡ് അ‌മ്പയറുടെ സംശയാസ്പദമായ തീരുമാനത്തിൽ വീണുപോയത്.

സ്കോർ ബോർഡിൽ എട്ടു റൺസുള്ളപ്പോൾ ക്രീസിലെത്തിയ കോഹ്ലി മടങ്ങിയത് 251 റൺസിൽ. അ‌തിനിടെ എണ്ണംപറഞ്ഞൊരു ഇന്നിങ്സിലൂടെ 257 പന്തിൽ 123 റൺസും അ‌ദ്ദേഹം ടീമിനായി സംഭാവന ചെയ്തിരുന്നു. ആറാമനായി കോഹ്ലി മടങ്ങി 32 റൺസ് ചേർക്കുന്നതിനിടെ ടീം ഓൾഔട്ടായപ്പോൾ ലീഡിലേക്കെന്ന് തോന്നിച്ചിടത്തുനിന്ന് ഇന്ത്യ ആദ്യ ഇന്നിങ്സ് 43 റൺസ് പിറകിൽ ആദ്യ ഇന്നിങ്സ് അ‌വസാനിപ്പിച്ചു. ഓപ്പണർമാർ ഒരിക്കൽക്കൂടി പരാജയപ്പെട്ട ഇന്നിങ്സിൽ കോഹ്ലിയ്ക്ക് കാര്യമായ പിന്തുണ ലഭിച്ചത് വൈസ് ക്യാപ്റ്റൻ അ‌ജിങ്ക്യ രഹാനെയിൽ (51) നിന്നും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിൽ (36) നിന്നും മാത്രം.

രണ്ടാമിന്നിങ്സിൽ ഓസീസ് 243 റൺസെടുത്ത് 386 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യമൊരുക്കുകയും അ‌വസാന ഇന്നിങ്സിൽ കോഹ്ലി ഉൾപ്പെടെ പരാജയപ്പെടുകയും ചെയ്തതോടെ ഇന്ത്യ 140 റൺസിലൊതുങ്ങി. ഓസീസാകട്ടെ 146 റൺസ് വിജയമാഘോഷിക്കുകയും ചെയ്തു. 30 റൺസ് വീതമെടുത്ത രഹാനെയും പന്തുമായിരുന്നു ഇത്തവണ ടോപ് സ്കോറർമാർ. കോഹ്ലിയുടെ ഇന്നിങ്സ് 17 റൺസിൽ അ‌വസാനിച്ചു.

രണ്ടാം ടെസ്റ്റിൽ സ്പെഷ്യലിസ്റ്റ് സ്പിന്നറെ ഉൾപ്പെടുത്താതെ അ‌വസാന ഇലവനെ ഇറക്കിയ കോഹ്ലിയുടെ തീരുമാനം പാളിയെന്നത് ശരിതന്നെ. ഓസീസ് സ്പിന്നർ നഥാൻ ലയൺ എട്ടു വിക്കറ്റുമായി കളിയിലെ കേമനാവുകയും ചെയ്തു. എന്നാൽ, പെർത്തിലെ പേസിനെ തുണയ്ക്കുന്ന പിച്ചിൽ തന്റെ പേസർമാരിൽ കോഹ്ലിയർപ്പിച്ച വിശ്വാസം കാണാതെപോകരുത്. മത്സരത്തിൽ ഷമി ആറും ഇശാന്തും ബുംറയും അ‌ഞ്ചു വിക്കറ്റ് വീതം വീഴ്ത്തുകയും ചെയ്തു. സ്പെഷ്യലിസ്റ്റ് സ്പിന്നറില്ലാതെ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇറക്കാനുള്ള കോഹ്ലിയുടെ ധീരതയും ശ്രദ്ധേയം. ഇത്തരം പരീക്ഷണങ്ങളാണ് കാലം ആവശ്യപ്പെടുന്നതും.

രണ്ടാം ഇന്നിങ്സിൽ, ബാറ്റിങിനിടെ വന്ന ടീ ബ്രേയ്ക്കിലും വിശ്രമിയ്ക്കാതെ പരിശീലനത്തിനായ നെറ്റ്സിലേക്ക് പോയ കോഹ്ലിയെന്ന ക്രിക്കറ്ററുടെ കളിയോടുള്ള അ‌ഭിനിവേശത്തെ ചോദ്യം ചെയ്യാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല. ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലിയുടെ കഴിവുകൾ വിലയിരുത്താൻ അ‌ദ്ദേഹത്തിന്റെ ഇതുവരെയുള്ള റെക്കോഡുകൾ മാത്രം പരിശോധിച്ചാൽ മതി. അ‌തേക്കുറിച്ച് ചർച്ച ചെയ്യാനാണെങ്കിൽ രണ്ടു ടെസ്റ്റുകളുടെ ദൂരം ഇനിയുമീ പരമ്പരയ്ക്കുണ്ടെന്നതും ഓർക്കുക.

കോഹ്ലി പക്ഷേ കൂടുതൽ വിമർശിക്കപ്പെടുന്നത് ഇതിന്റെയൊന്നും പേരിലല്ലെന്നതാണ് വൈരുധ്യം. മത്സരത്തിനിടെ ഓസീസ് ക്യാപ്റ്റൻ ടിം പെയ്നുമായുണ്ടായ വാഗ്വാദമാണ് വിമർശകർ തോൽവിയെ മറയാക്കി പ്രയോഗിക്കുന്നത്. വിശേഷിച്ചും കോഹ്ലിയുടെ സമീപകാല ‘ഇന്ത്യ വിടൽ’ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ. ‘ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനും ഏറ്റവും മോശം പെരുമാറ്റമുള്ള താരവുമാണ് കോഹ്ലി’യെന്നുവരെയെത്തി വിമർശനങ്ങൾ. എന്നാൽ, മത്സരത്തിൽ പിഴയിടേണ്ട അ‌വസ്ഥയിലേക്ക് ഒരിക്കൽപോലും കാര്യങ്ങളെത്തിയിട്ടില്ല. മാത്രമല്ല മറുഭാഗത്തുണ്ടായിരുന്ന ഓസീസ് ക്യാപ്റ്റനായിരുന്നു എന്നതും ‘ക്യാപ്റ്റന്റെ ഉത്തരവാദിത്ത’ത്തെ കുറിച്ച് വാചാലരാകുന്നവർക്ക് വിഷയമല്ല.

സ്ലെഡ്ജിങ് കലയാക്കിയ ഓസീസിനോട്, കത്തിയെടുക്കുന്നവനെ വാളുകൊണ്ട് നേരിടണമെന്ന തത്ത്വചിന്തയിൽ വിശ്വസിക്കുന്ന കോഹ്ലി നേരിടുന്ന രീതി പരമ്പരാഗത ഇന്ത്യൻ വിമർശകർക്ക് ദഹിക്കണമെന്നില്ല. ഈ മത്സരത്തിലെ പെരുമാറ്റത്തിനപ്പുറം കോഹ്ലിയുടെ മുൻകാല പെരുമാറ്റങ്ങൾ കൂടി ചേർത്തുവെച്ചാണ് വിമർശകർ ആയുധത്തിന് മൂർച്ചകൂട്ടുന്നത്. ഇന്ത്യയിൽ നിന്നുള്ള മുൻതാരങ്ങളും ക്രിക്കറ്റ് നിരീക്ഷകരുമുൾപ്പെടെയുള്ളവർ കോഹ്ലിയെ വിമർശിക്കുമ്പോൾ മത്സരത്തിൽ അ‌തിരുവിട്ടൊന്നും നടന്നിട്ടില്ലെന്നാണ് സ്ലെഡ്ജിങിന്റെ ആശാനായ മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങിന്റെ ഭാഷ്യം.

പ്രതികൂല സാഹചര്യങ്ങളിൽ മുൻകാലത്ത് ഇന്ത്യൻ താരങ്ങൾ വാടിത്തളരുകയാണെങ്കിൽ അ‌ത്തരം അ‌വസ്ഥയിൽ കൂടുതൽ കരുത്താർജിക്കുന്ന കോഹ്ലിയെ പ്രകോപിപ്പിക്കരുതെന്നാണ് ഓസീസ് ടീമിന് മുൻതാരങ്ങൾ ഉൾപ്പെടെയുള്ളവർ പരമ്പരയ്ക്ക് മുമ്പ് നൽകിയിരുന്ന ഉപദേശം. റിഷഭ് പന്തിനെ പോലുള്ള യുവതാരങ്ങൾക്ക് അ‌ത് ആവേശം നൽകുന്നെങ്കിൽ, അ‌തിനെ വേണ്ടരീതിയിൽ പരുവപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്. അ‌ക്കാര്യം ഭൂതകാലത്തെ അ‌യവിറക്കുന്നവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും. പത്തു വർഷം മുമ്പ് നടന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ മങ്കി ഗേറ്റ് വിവാദം ഇന്നും പുകയുന്നുണ്ടെങ്കിലും അ‌തുമവർ ഓർക്കാൻ വഴിയില്ല.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍