UPDATES

കുംബ്ലെയോടും കോഹ്‌ലിയോടും; നിങ്ങള്‍ കാരണം ഇന്ത്യന്‍ ക്രിക്കറ്റ് തോല്‍ക്കരുത്

ആരാണ് ഈ കളിയില്‍ അവസാനം വില്ലനാവുക, അങ്ങനെയല്ലാതെ തീര്‍ക്കാന്‍ ബിസിസിഐക്ക് കഴിയുമോ?

ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നവര്‍ അമാനുഷിക പരിവേഷമുള്ള നായകന്മാരാണ്. ഈ താരങ്ങളുടെ നിരയിലുള്ള പ്രഗത്ഭരില്‍ പലരും ക്ഷുദ്രമായ അഹംബോധത്തിന്റെ ഉടമകളുമാണ്. അനില്‍ കുംബ്ലെയും വിരാട് കോഹ്‌ലിയും ഒരു പോലെ പ്രഗത്ഭരായ കളിക്കാരും താരങ്ങളുമാണെന്നതില്‍ സംശയത്തിന് അവകാശമൊന്നുമില്ല.

ഇത്തരം ചക്കളത്തിപ്പോരുകളില്‍ ഒരു ഭാഗം തോല്‍ക്കുന്നു എന്ന വസ്തുത അവര്‍ ഒരിക്കലും മറക്കരുത്. ദൗര്‍ഭാഗ്യവശാല്‍ അത് അവര്‍ രണ്ടുപേരില്‍ ഒരാളല്ല. ഇന്ത്യന്‍ ക്രിക്കറ്റാണ്. കോച്ചും ക്യാപ്റ്റനും തമ്മിലുള്ള പോരാട്ടങ്ങളുടെ വിനാശകരമായ ആഘാതം അറിയണമെങ്കില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ് എന്ന ആത്മകഥാപരമായ സിനിമയിലെ ഗ്രേഗ് ചാപ്പല്‍ കാലഘട്ടത്തെ കുറിച്ചുള്ള ഭാഗം കണ്ടാല്‍ മതിയാകും. ആ കാലഘട്ടത്തില്‍ നടന്ന മറ്റെല്ലാ വിവാദങ്ങളെയും അദ്ദേഹം ഒഴിവാക്കുമ്പോഴും ചാപ്പലിന്റെ കാലഘട്ടത്തെ കുറിച്ച് തെണ്ടുല്‍ക്കര്‍ ക്രൂരമായ സത്യസന്ധത പുലര്‍ത്തുന്നു. വിവാദങ്ങളുടെ കളിത്തോഴനായിരുന്ന കോച്ചിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ടീം വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ഡ്രസിംഗ് റൂമിലെ അന്തരീക്ഷം മോശമാണെന്നും താന്‍ ബിസിസിഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി തെണ്ടുല്‍ക്കര്‍ പറയുന്നു. ‘ലോകകപ്പില്‍ (2007) ഈ ടീം മുന്നേറാനുള്ള സാധ്യത കുറവാണ്,’ എന്നും തെണ്ടുല്‍ക്കര്‍ പറയുന്നു.

ടീമിലുണ്ടായിരുന്നു അസ്വസ്ഥതകള്‍ കൊണ്ടു മാത്രമാണോ കരീബിയയില്‍ നടന്ന 2007ലെ ലോകകപ്പില്‍ നിന്നും ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ആദ്യ ഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്തായതെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍, ഡ്രസിംഗ് റൂമിലെ വിഭാഗീയതയും (വിഭജിച്ച് ഭരിക്കുന്നതിന്റെ ആശാനായിരുന്നു ചാപ്പല്‍) പരിശീലകനും നായകനും തമ്മിലുള്ള ശീതയുദ്ധവും നേരത്തെ ഉള്ള പുറത്താകലിന് അതിന്റെതായ സംഭാവനകള്‍ നല്‍കിയെന്ന് തെണ്ടുല്‍ക്കര്‍ തന്നെ സമ്മതിക്കുന്നു.

ചരിത്രം ആവര്‍ത്തിക്കുകയാണെന്ന് വേണം കരുതാന്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ടീം ഇപ്പോള്‍ ഇംഗ്ലണ്ടിലാണുള്ളത്. മൈതാനത്ത് നേരിടുന്ന വെല്ലുവിളികളെയും നേട്ടങ്ങളെയും കുറിച്ചുള്ള ശ്രദ്ധകള്‍ക്കപ്പുറം, 2007ലെ പോലെ ഡ്രസിംഗ് റൂമിലെ വിഭാഗീയതയിലേക്ക് ചര്‍ച്ചകളുടെ ഗതിമാറിയിരിക്കുന്നു.

"</p

റിപ്പോര്‍ട്ടുകള്‍ പ്രകാരം കുംബ്ലെയും കോഹ്‌ലിയും തമ്മില്‍ പൊരിഞ്ഞ യുദ്ധത്തിലാണ്. പുതിയ പരിശീലകന്‍ ‘ആധിപത്യസ്വഭാവം’ പുലര്‍ത്തുന്നതായി നായകന്‍ ബിസിസിഐയ്ക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോച്ചുമായി തങ്ങള്‍ നടത്തിയ ചില സംഭാഷണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുക വഴി ചില മുതിര്‍ന്ന താരങ്ങള്‍ക്ക് കുംബ്ലെയില്‍ വിശ്വാസം നഷ്ടമായതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതൊരു തന്‍പ്രമാണിത്ത പോരാട്ടമാണെന്നാണ് പ്രത്യക്ഷത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നത്. വൈകാരികമായി പ്രതികരിക്കുന്ന, ആക്രമണോത്സുകതയും മത്സരബുദ്ധിയുമുളള ഒരു കളിക്കാരനാണ് കോഹ്‌ലി. പുറത്താകുമ്പോഴൊക്കെ സ്വയം ശപിക്കുകയും എതിരാളികളുമായി ഉടക്കുകയും കൂവുന്ന ജനക്കൂട്ടത്തിനു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും പോലെയുള്ള കോഹ്‌ലിയുടെ മൈതാനത്തിലെ പ്രകടനങ്ങളില്‍ നിന്നുതന്നെ, അദ്ദേഹം വളരെ അഭിനിവേശത്തോടെ കളിയെ സമീപിക്കുന്ന, അത്ര വേഗം തോല്‍വി അംഗീകരിക്കാന്‍ മനസില്ലാത്ത ആളാണെന്ന് വ്യക്തമാണ്.

ഇപ്പോള്‍ കളിക്കുകയായിരുന്നെങ്കില്‍, കോഹ്‌ലിയുടെ മാന്യനായ പ്രതിബിംബമായിരിക്കുമായിരുന്നു കുംബ്ലെ. ഒരു പോരാളിയുടെ സഹജാവബോധവും ഒരിക്കലും വിട്ടുകൊടുക്കാന്‍ മനസില്ലാത്ത മനോഭാവവും പരാജയത്തോട് കോഹ്‌ലി പ്രകടിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുംബ്ലെയ്ക്കും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബൗളിംഗില്‍ ഒരു കാച്ച് വിട്ടുകളയുകയോ റണ്ണുകള്‍ അടിച്ചുകൂട്ടപ്പെടുകയോ ചെയ്യുമ്പോള്‍ അദ്ദേഹം മൈതാനത്ത് സ്ഥിരം പ്രകടിപ്പിക്കുന്ന നിരാശയില്‍ നിന്നും രോഷത്തില്‍ നിന്നും ഇത് വായിച്ചെടുക്കാവുന്നതാണ്.

തോല്‍വിയോടുള്ള വിരക്തിയും വിജയത്തോടുള്ള അഭിനിവേശവും തുല്യനിലയിലുള്ള രണ്ട് തീവ്രവ്യക്തികള്‍ക്ക് ഒരു സംയുക്ത ദൗത്യം നല്‍കുമ്പോള്‍, രണ്ട് ഫലങ്ങളെ സാധ്യമാകൂ. ഒന്നുകില്‍ അവരുടെ കൂട്ടായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഇരുവരുടെയും അഭിനിവേശത്തെയും ഉത്സാഹത്തെയും ശേഷിയെയും പരിപോഷിപ്പിക്കുന്നതിന് പരസ്പരം സംഭാവനകള്‍ ചെയ്യും. അല്ലെങ്കില്‍, തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുന്നതിന് സ്വന്തം ശേഷിയും പ്രതിബദ്ധതയും മതിയെന്ന തെറ്റിദ്ധാരണയില്‍ ഇരുവരും പരസ്പരം കലഹിക്കാന്‍ തുടങ്ങും. എതിരാളികളെ ആക്രമിക്കുന്നതിനുള്ള ഒരു പാരസ്പര്യം രൂപപ്പെടുത്തുന്നതിന് പകരം സ്വന്തം തട്ടകം സംരക്ഷിക്കുന്ന പോരാളികളായി കുംബ്ലെയും കോഹ്‌ലിയും മാറിയിരിക്കുകയാണ് എന്നു വേണം അനുമാനിക്കാന്‍.

കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റാണ് മറ്റെന്തിനും മുകളില്‍ എന്നത് പ്രസിദ്ധമാണ്. ഒരു രഞ്ജി ട്രോഫി മത്സരത്തിനിടയില്‍ സ്വന്തം പിതാവിന്റെ മരണം അറിഞ്ഞ ശേഷവും ബാറ്റിംഗ് തുടര്‍ന്ന കൗമാരക്കാരനായ കോഹ്‌ലിയുടെ ഹൃദയഭേദകമായ കഥ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലേക്കും സ്വഭാവത്തിലേക്കും കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്.

പക്ഷെ, കുംബ്ലെയുടെ പ്രതിജ്ഞാബദ്ധതയും ഐതീഹതുല്യമാണ്. പിന്നീട് വിവിയന്‍ റിച്ചാര്‍ഡ്‌സ് ചൂണ്ടിക്കാണിച്ചത് പോലെ, പൊട്ടിയ താടിയെല്ലുമായി കരീബിയന്‍ മണ്ണില്‍ പന്തെറിഞ്ഞ കുംബ്ലെയുടെ ദൃശ്യങ്ങളാണ് മൈതാനത്തെ ഏറ്റവും ധീരമായ സംഭവങ്ങളില്‍ ഒന്ന്. അന്ന് തുടര്‍ച്ചയായി 14 ഓവറുകളാണ് കുംബ്ലെ എറിഞ്ഞത്. ഇതിനിടയില്‍ ബ്രയാന്‍ ലാറയെ പുറത്താക്കുകയും ചെയ്തു. ‘കുറഞ്ഞപക്ഷം, ഞാന്‍ പരമാവധി ശ്രമിച്ചു എന്ന വിശ്വാസത്തോടെ എനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കും,’ എന്നാണ് ശസ്ത്രക്രിയയ്ക്കായി നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് കുംബ്ലെ പറഞ്ഞത്.

 

ഇതേ തൊഴില്‍ നൈതികത ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുവരാനാണ് കുംബ്ലെ ശ്രമിക്കുന്നത് എന്ന് വേണം കരുതാന്‍. പക്ഷെ അദ്ദേഹത്തിന്റെയും ഇന്ത്യന്‍ ക്രിക്കറ്റിന്റെയും നിര്‍ഭാഗ്യം എന്ന് പറയട്ടെ, കുംബ്ലെയെ ഒരു ഇതിഹാസമാക്കിയ മാറ്റിയ ഒരിക്കലും പിന്‍മാറാന്‍ മനസില്ലാത്ത ഊര്‍ജ്ജം ഇപ്പോള്‍ ഒരു ‘ഹെഡ്മാസ്റ്ററു’ടെ സ്വഭാവത്തിലേക്ക് മാറിയിരിക്കുന്നു എന്നാണ് സൂചനകള്‍. മനക്കരുത്ത് വര്‍ദ്ധിപ്പിക്കാനും ചെറിയ പരിക്കുകള്‍ അവഗണിക്കാനും നെറ്റിലെ പരിശീലനം കൂടുതല്‍ തീവ്രമാകാനും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുക വഴി കളിക്കാര്‍ക്കിടയില്‍ പരിശീലകന്‍ അപ്രിയനായി മാറി എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഒരു റിപ്പോര്‍ട്ട് പറയുന്നത്.

ഡ്രസിംഗില്‍ റൂമില്‍ ഉടലെടുത്തിരിക്കുന്ന ഇപ്പോഴത്തെ അസ്വസ്ഥത പരിഹരിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളാണുള്ളത്. പ്രതിഭാധനനും അതേ സമയം അക്ഷമനുമായ നായകന് പൂര്‍ണ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് ഒരു ശ്രുതിലയമധുര ഗായകസംഘമായി അതിനെ മാറ്റുക. അല്ലെങ്കില്‍, ലാ ലാ ലാന്റില്‍ റിയാന്‍ ഗോസ്ലിംഗ് പറയുന്നത് പോലെ, വിവിധ ആളുകളുടെ പ്രകടനങ്ങളെ സംയോജിപ്പിച്ചുകൊണ്ട് മനോഹര സംഗീതം പൊഴിക്കുന്ന ഒരു ജാസ് സംഗീതസംഘമായി അതിനെ മാറ്റുക. ഗോസ്ലിംഗിന്റെ സെബാസ്റ്റ്യനെ ഉദ്ധരിക്കുകയാണെങ്കില്‍, ‘ഇതൊരു സ്വപ്‌നമാണ്! ഇത് സംഘര്‍ഷവും അതേ സമയം അനുരഞ്ജനവുമാണ്. പക്ഷെ ഇത് വളരെ വളരെ ആവേശകരമാണ്!’

ഇതൊരു വലിയ മാധ്യമ സര്‍ക്കസായി മാറിയിരുന്നില്ലെങ്കില്‍ ബിസിസിഐക്ക് ഇത് കൈകാര്യം ചെയ്യാന്‍ കൂടുതല്‍ എളുപ്പമായിരുന്നേനെ. പക്ഷെ ചോര്‍ത്തിക്കൊടുക്കലുകളിലൂടെയും വാര്‍ത്തകള്‍ സ്ഥാപിച്ചെടുക്കുന്നതിലൂടെയും ഡ്രസിംഗ് റൂമിലെ വഴക്കുകളുടെ ചെറിയ വിശദാംശങ്ങള്‍ പോലും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തില്‍, സൗഹൃദപരമല്ലാത്ത ഏതൊരു പരിഹാരവും ഒരു ഭാഗത്തിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടുകയും കുംബ്ലെ അല്ലെങ്കില്‍ കോഹ്‌ലി ഇവരില്‍ ഒരാള്‍ വില്ലനും തെറ്റ് ചെയ്ത ആളുമായി തീരുകയും ചെയ്യും. അത്തരം ഒരു അറ്റകൈ പ്രയോഗം ഇല്ലാതെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിനെ മെച്ചപ്പെടുത്താന്‍ സാധിച്ചേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍