UPDATES

ട്രെന്‍ഡിങ്ങ്

ഒരു ലാറ്റിനമേരിക്കന്‍ ത്രില്ലര്‍; പക്ഷെ സുവാരസ് മാജിക് മാത്രം കണ്ടില്ല: ഈദ് ദിനത്തില്‍ ഈജിപ്ത് വീണത് 89-ാം മിനിറ്റില്‍

മികച്ച പ്രതിരോധം തീര്‍ത്തെങ്കിലും ഈജിപ്ത് അവസാന നിമിഷം വീണു. കളിക്കിടെ കണ്ടത് മുഹമ്മദ് എല്‍ഷെനാവിയെന്ന ഈജിപ്ഷ്യന്‍ ഗോളിയുടെ അത്ഭുതകരമായ രക്ഷപ്പെടുത്തലുകള്‍

റഷ്യന്‍ ലോകകപ്പിന്റെ രണ്ടാമത്തെ മത്സരത്തില്‍ ഈജിപ്തിനെതിരെ യുറൂഗ്വയ്ക്ക് അവസാന നിമിഷം ജയം. സൂപ്പര്‍ താരങ്ങളായ സുവരേസും കവാനിയും ഒട്ടനവധി അവസരങ്ങള്‍ പാഴാക്കുകയും ഈജിപ്ത് ഗോളി മുഹമ്മദ് എല്‍ഷെനാവിയുടെ മികവിന് മുന്നില്‍ പലപ്പോഴും തലകുനിച്ചെങ്കിലും 89-ാം മിനിറ്റില്‍ ജോസെ ഗിമിനിയുടെ ഹെഡ്ഡറിലൂടെ യുറൂഗ്വ് ഈ ലോകകപ്പിലെ ആദ്യ ജയം നേടി.

കളിയില്‍ നടന്നത്

1. പരുക്കിനെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ ഇന്ന് കളത്തിലിറങ്ങില്ലെന്നത് ആരാധാകരെ നിരാശരാക്കി. എന്നാല്‍ യുറൂഗ്വന്‍ സൂപ്പര്‍ താരങ്ങളായ ലൂയി സുവാരസ്, എഡിസന്‍ കവാനി എന്നിവര്‍ കളത്തിലേക്ക്.

2. സലായുടെ അസാന്നിധ്യത്തിലും മത്സരത്തില്‍ ഇഞ്ചോടിഞ്ച് പൊരുതി ഈജിപ്ത് യുവനിര. സുവരേസിന്റെ പല മുന്നേറ്റങ്ങളും പരാജയപ്പെടുത്തി ഈജിപ്ഷ്യന്‍ പ്രതിരോധ നിര.

3. മത്സരം ആദ്യ 20 മിനിറ്റ് പിന്നിടുമ്പോഴും ഇരു ടീമുകള്‍ക്കും ഗോളുകളൊന്നുമില്ല. പന്തു കൈവശം വയ്ക്കുന്നതില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണെങ്കിലും ഈജിപ്തിന് വ്യക്തമായ മുന്‍തൂക്കം.

4. മത്സരം നാല്‍പ്പത് മിനിറ്റ് പൂര്‍ത്തിയാകുമ്പോഴേക്കും സുവരേസ് മൂന്ന് ഷോട്ടുകള്‍ ഉതിര്‍ത്തിരുവന്നു. ഈജിപ്ത് ടീം ഒന്നാകെ ഉതിര്‍ത്തത് രണ്ട് ഷോട്ടുകള്‍ മാത്രം. പന്ത് കൈയ്യടക്കുന്നതിലും പാസുകളിലും ആധിപത്യം നേടി യുറൂഗ്വേ.

5. ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ ആദ്യ പകുതി പൂര്‍ത്തിയാകുന്നു.

6. 46-ാം മിനിറ്റില്‍ ഈജിപ്ത് നിരയെ വിറപ്പിച്ച് സുവരേസ്. കവാനിയുടെ ഓവര്‍ ഹേഡ് പാസ് സുവരേസ് ഗോള്‍ വലയെ ലക്ഷ്യമാക്കി ഷൂട്ട് ചെയ്‌തെങ്കിലും ഈജിപ്ഷ്യന്‍ ഗോളി അതു കാല് കൊണ്ട് തട്ടിയകറ്റി.

7. 50-ാം മിനിറ്റില്‍ ഈജിപ്ത് താരിക് ഹമീദിനെ പിന്‍വലിച്ച് സാം മോര്‍സിയെ കളത്തിലിറക്കുന്നു. 58-ാം മിനിറ്റില്‍ കളിയിലാദ്യമായി യുറൂഗ്വയുടെ ചെയ്ഞ്ച്. നഹിതാന്‍ നന്ദേസിനെ പിന്‍വലിച്ച് കാര്‍ലോസ് ആന്ദ്രേ സാഞ്ചെസ് കളത്തിലേക്ക്. 59-ാം മിനിറ്റില്‍ വീണ്ടും യുറൂഗ്വയുടെ ചെയ്ഞ്ച്. ജോര്‍ജിയന്‍ ഡെ അരാസ്‌കറ്റയ്ക്ക് പകരം ക്രിസ്റ്റിയന്‍ റോഡ്രിഗ്വസ് കളത്തിലേക്ക്. 63-ാം മിനിറ്റില്‍ ഈജിപ്ത് നിരയില്‍ വീണ്ടും മാറ്റം. മാര്‍വന്‍ മഹ്‌സീന് പകരം കഹറബ കളത്തിലേക്ക്. ഒരു ചെയ്ഞ്ച് കൂടി മാത്രം ബാക്കിയുള്ളപ്പോഴും സാല റിസര്‍വ് ബഞ്ചില്‍ തന്നെ.

8. 70-ാം മിനിറ്റില്‍ ഈജിപ്തിന്റെ പെനാല്‍റ്റി ബോക്‌സില്‍ കവാനിയുടെ ഹാന്‍ഡ് ബോള്‍.

9. 71-ാം മിനിറ്റില്‍ യുറൂഗ്വന്‍ ഗോള്‍ മുഖത്ത് ഈജിപ്തിന്റെ ഉഗ്രന്‍ മുന്നേറ്റം. 72-ാം മിനിറ്റില്‍ യുറൂഗ്വയുടെ മറുപടി മുന്നേറ്റം. ഗോള്‍ മുഖത്ത് കവാനി ഒരുക്കിയ മികച്ച സുവര്‍ണാവസരം സുവാരസ് നഷ്ടപ്പെടുത്തി. 75-ാം കാര്‍ലോ സാഞ്ചസിന്റെ മുന്നേറ്റവും യുറൂഗ്വയ്ക്ക് ഗോളാക്കാനായില്ല. ഈ അവസരം നഷ്ടമാക്കിയതില്‍ സുവരാസ് എക്കാലവും ദുഃഖിക്കുമെന്ന് ഉറപ്പ്.

10. 82-ാം മിനിറ്റില്‍ ഈജിപ്തിന് വേണ്ടി മുഹമ്മദ് എല്‍നെനിയുടെ മുന്നേറ്റം. ഗോള്‍ വലയെ ലക്ഷ്യമാക്കി ഷൂട്ട് ചെയ്‌തെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്.

11. 83-ാം മിനിറ്റില്‍ സുവാരസില്‍ നിന്നും പാസ് സ്വീകരിച്ച കവാനിയുടെ ഉഗ്രന്‍ ഷോട്ട് ഈജിപ്ഷ്യന്‍ ഗോള്‍ വലയെ ഭേദിക്കുമെന്ന് തോന്നിക്കുന്നു. എന്നാല്‍ മുഹമ്മദ് എല്‍ഷെനാവിയെന്ന ഗോളി ഇത്തവണയും രക്ഷകനായി. ഷെനാവി പന്തിന് നേരെ ചെരിഞ്ഞ് ചാടിയപ്പോള്‍ അത്ഭുതകരമായ രക്ഷപ്പെടുത്തല്‍.

12- 88-ാം മിനിറ്റില്‍ യുറൂഗ്വ മൂന്നാമത്തെയും അവസാനത്തെയും ചെയ്ഞ്ച്. വെസിനോയ്ക്ക് പകരം ടോറിയേറ. തൊട്ടുപിന്നാലെ ലഭിച്ച ഫ്രീകിക്ക് കവാനി മികച്ച ഷോട്ട് എടുത്തെങ്കിലും ബാറില്‍ തട്ടി പുറത്തേക്ക്.

13. 89-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് യുറൂഗ്വയ്ക്ക് നഷ്ടമായില്ല. രണ്ട് ഈജിപ്ഷ്യന്‍ പ്രതിരോധ കളിക്കാര്‍ക്കിടയില്‍ നിന്നും ചാടി ജോസെ ഗിമിനെസ് ചെയ്ത ഹെഡ്ഡര്‍ പോസ്റ്റിലേക്ക്. ഷെനാവിയെയും മറ്റ് ഈജിപ്ഷ്യന്‍ പ്രതിരോധ താരങ്ങളെയും കാഴ്ചക്കാരാക്കി ഗിമിനെസിന്റെ ഗോള്‍.

14. അഞ്ച് മിനിറ്റ് ആഡ് ഓണ്‍ ടൈം ലഭിച്ചെങ്കിലും പിന്നീട് ഗോള്‍ അവസരങ്ങളൊന്നും ഇരു ടീമുകള്‍ക്കും ലഭിച്ചില്ല. ഈജിപ്ഷ്യന്‍ ഗോള്‍ കീപ്പര്‍ മുഹമ്മദ് എല്‍ഷെനാവി മാന്‍ ഓഫ് ദ മാച്ച്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍