UPDATES

ട്രെന്‍ഡിങ്ങ്

അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ജയത്തോടെ ആഷസ് പരമ്പര സമനിലയില്‍; പക്ഷെ കപ്പ് ഓസ്‌ട്രേലിയ കൊണ്ടുപോകും

18 വര്‍ഷത്തിന് ഇംഗ്ലീഷ് മണ്ണില്‍ ആഷസ് നേടാമെന്ന ഓസീസിന്റെ സ്വപ്‌നങ്ങള്‍ തല്ലിത്തകര്‍ത്താണ് ഇന്നലെ ഇംഗ്ലണ്ട് ജയിച്ചത്

ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇംഗ്ലണ്ടിന് 135 റണ്‍സിന്റെ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 399 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ നാലാം ദിവസം അവസാന സെഷനില്‍ 263 റണ്‍സിന് പുറത്തായതോടെയാണ് പരമ്പര അവസാനിച്ചത്. ഇതോടെ സ്വന്തം മണ്ണില്‍ നടന്ന അഞ്ച് മത്സര ആഷസ് പരമ്പര ഇംഗ്ലണ്ട് 2-2ന് സമനിലയിലാക്കി.

ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റെടുത്ത ഇംഗ്ലീഷ് പേസര്‍ ജൊഫ്ര ആര്‍ച്ചറാണ് കളിയിലെ താരം. പരമ്പരയിലാകെ 774 റണ്‍സെടുത്ത ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, 441 റണ്‍സും എട്ട് വിക്കറ്റുമെടുത്ത ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ പരമ്പരയിലെ താരങ്ങളുമായി. 18 വര്‍ഷത്തിന് ഇംഗ്ലീഷ് മണ്ണില്‍ ആഷസ് നേടാമെന്ന ഓസീസിന്റെ സ്വപ്‌നങ്ങള്‍ തല്ലിത്തകര്‍ത്താണ് ഇന്നലെ ഇംഗ്ലണ്ട് ജയിച്ചത്. ജയിച്ച രണ്ട് കളികളിലെയും വിജയ ശില്‍പ്പിയായ സ്മിത്തിന്റെ നേരത്തെയുള്ള പുറത്താകലാണ് അവസാന മത്സരത്തില്‍ ഓസീസിന് തിരിച്ചടിയായത്. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയാണ് സ്മിത്ത് ടീമിനെ വിജയിപ്പിച്ചത്. സ്മിത്തിന് പരിക്കേറ്റ രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. മൂന്നാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ്(137 നോട്ടൗട്ട്) ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കി. നാലാം ടെസ്റ്റില്‍ സ്മിത്ത് മടങ്ങിയെത്തി ആദ്യ ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറിയും(211) രണ്ടാം ഇന്നിംഗ്‌സില്‍ 82 റണ്‍സും അടിച്ച് ടീമിനെ വിജയിപ്പിച്ചു. അവസാന മത്സരം സമനിലയിലായാല്‍ പോലും ഓസ്‌ട്രേലിയയ്ക്ക് ചരിത്ര വിജയം കുറിക്കാമായിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ 80 റണ്‍സ് അടിച്ച സ്മിത്ത് രണ്ടാം ഇന്നിംഗ്‌സില്‍ 23 റണ്‍സിന് പുറത്തായതോടെ ആ സ്വപ്‌നങ്ങള്‍ തകര്‍ന്നു.

399 റണ്‍സ് എന്ന വലിയ ലക്ഷ്യത്തിലേക്ക് പതര്‍ച്ചയോടെയാണ് ഓസീസ് ബാറ്റ് വീശിയത്. സ്‌കോര്‍ 16ല്‍ എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ മാര്‍ക് ഹാരിസന്റെ ലെഗ് സ്റ്റംപ് ബ്രോഡിന്റെ പന്തില്‍ തെറിച്ചു. മൂന്ന് റണ്‍സിന് ശേഷം വാര്‍ണറെയും മൂന്നാം സ്ലിപ്പില്‍ ഡെന്‍ലിയുടെ കൈകളിലെത്തിച്ച് ബ്രോഡ് തന്നെ മടക്കി. പരമ്പരയിലുടനീളം സ്ഥിരത കാത്തുസൂക്ഷിച്ച ലെബുഷെയ്‌നെ ലീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബ്രെയര്‍‌സ്റ്റോ സ്റ്റംപ് ചെയ്തതോടെ ഇംഗ്ലണ്ടിന് പ്രതീക്ഷകളായി. അടുത്ത ഊഴം സ്മിത്തിന്റേതായിരുന്നു. ബ്രോഡിന്റെ പന്തില്‍ ലെഗ് സ്ലിപ്പില്‍ ബെന്‍സ്റ്റോക്‌സ് എടുത്ത തകര്‍പ്പന്‍ ക്യാച്ചാണ് സ്മിത്തിനെ മടക്കിയത്.

അതോടെ ഓസീസ് 4ന് 80 എന്ന നിലയില്‍ പരുങ്ങാന്‍ തുടങ്ങി. 146ല്‍ മിച്ചല്‍ മാര്‍ഷിനെയും 200ല്‍ ടിം പെയ്‌നെയും 244ല്‍ പാറ്റ് കമിന്‍സിനെയും നഷ്ടമായി. അഞ്ചാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ മാത്യു വെയ്ഡിന്റെ(117) ഊഴമായിരുന്നു അടുത്തേത്. വെയ്ഡ് കൂടി പുറത്തായതോടെ ഓസീസ് തകര്‍ച്ച പൂര്‍ത്തിയായി. തൊട്ടടുത്ത ഓവറില്‍ ലിയോണിനെയും ഹസില്‍വുഡിനെയും അടുത്തടുത്ത പന്തുകളില്‍ ജാക്ക് ലീഷ് മടക്കുകയും ചെയ്തു. വെയ്ഡ് കഴിഞ്ഞാല്‍ 24 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഓസീസ് സ്‌കോര്‍ ബോര്‍ഡിലെ രണ്ടാമന്‍ എന്നതില്‍ നിന്നു തന്നെ അവരുടെ ബാറ്റിംഗിന്റെ തകര്‍ച്ചയുടെ ആഴം വ്യക്തമാകും. ഇംഗ്ലണ്ടിന് വേണ്ടി ലീഷ് 49 റണ്‍സിനും ബ്രോഡ് 62 റണ്‍സിനും നാല് വിക്കറ്റ് വീതം നേടി. ജോ റൂട്ട് രണ്ട് വിക്കറ്റും നേടി.

നേരത്തെ 8ന് 313 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗില്‍ 16 റണ്‍സ് കൂടി മാത്രമാണ് അധികമായി എത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ നേടിയ 69 റണ്‍സിന്റെ ലീഡില്‍ ഓസീസ് ലക്ഷ്യം 399 ആയി. ഓസീസിന് വേണ്ടി നേഥന്‍ ലയണ്‍ 69ന് 4 വിക്കറ്റെടുത്തു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയില്‍ വിജയിച്ച ഓസ്‌ട്രേലിയയ്ക്ക് ആഷസ് ഈ വര്‍ഷവും കൈവശം വയ്ക്കാം.

also read:പത്തു വര്‍ഷത്തിനുള്ളില്‍ അപകടത്തില്‍ പെട്ട് മരിച്ചത് 223 പേര്‍, പേടിസ്വപ്നമായി കുതിരാന്‍; അന്ത്യശാസനങ്ങള്‍ കാറ്റില്‍ പറത്തി ‘പാപ്പര്‍’ കമ്പനിയും ദേശീയ പാത അതോറിറ്റിയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍