UPDATES

കായികം

തിരിച്ചുവരവ് ഗംഭീരമാക്കി സ്റ്റീവ് സ്മിത്ത്; ‘അവനെ ആജീവനാന്തം വിലക്കണമായിരുന്നു’വെന്ന് ഇംഗ്ലീഷ് ടാബ്ലോയിഡുകള്‍

ചില പത്രങ്ങള്‍ സ്മിത്തിന്റെ ഇന്നിങ്സിനെ പുകഴ്ത്തിയെഴുതിയപ്പോള്‍ മറ്റു ചിലര്‍ക്ക് സ്മിത്തിനെ ആജീവനാന്തം വിലക്കണമായിരുന്നു എന്ന നിലപാടാണ്.

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് മാറി തിരിച്ചത്തിയ ഓസീസ് താരം സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയോടെ തിരിച്ച് വരവ് ആഘോഷമാക്കിയിരിക്കുകയാണ്. സെഞ്ച്വറി നേടിയ സ്മിത്തും പത്താമന്‍ പീറ്റര്‍ സിഡിലും (44) ചേര്‍ന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസിസിന് രക്ഷയായത്.

പന്തുചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് ഒരുവര്‍ഷത്തെ വിലക്കു കഴിഞ്ഞെത്തിയ സ്മിത്തിന്റെ പ്രകടനം ഇംഗ്ലീഷ് ആരാധകര്‍ക്കുള്ള മറുപടി ആയിരുന്നു. കഴിഞ്ഞവര്‍ഷം പന്തുചുരണ്ടല്‍ വിവാദത്തില്‍പെട്ട ശേഷം നിരാശനായി പൊട്ടിക്കരയുന്ന സ്മിത്തിന്റെ ചിത്രം മുഖാവരണമായി ധരിച്ചാണ് ഒരുസംഘം ഇംഗ്ലണ്ട് ആരാധകര്‍ കളി കാണാനെത്തിയത്. അവര്‍ക്കുള്ള മറുപടി ആയിരുന്നു സ്മിത്ത് കുറിച്ച 24 ാം സെഞ്ച്വറി. 219 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്സും പറത്തിയ സ്മിത്ത് 144 റണ്‍സെടുത്ത് അവസാനമാണ് പുറത്തായത്. എന്നാല്‍ തന്നെ പരിഹസിക്കാനെത്തിയ ഇംഗ്ലീഷ് ആരാധകരോട് ബാറ്റുകൊണ്ട് മറുപടി പറയുകയായിരുന്നു സ്മിത്ത്. സ്മിത്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിനും വീരോചിത സെഞ്ച്വറിക്കും സോഷ്യല്‍ മീഡിയയില്‍ നിറയെ കൈയടികളാണെങ്കിലും ഇംഗ്ലീഷ് ടാബ്ലോയിഡുകള്‍ക്കും ഇംഗ്ലീഷ് ആരാധകര്‍ക്കും ഇത് തീരെ പിടിച്ചമട്ടില്ല.

ചില പത്രങ്ങള്‍ സ്മിത്തിന്റെ ഇന്നിങ്സിനെ പുകഴ്ത്തിയെഴുതിയപ്പോള്‍ മറ്റു ചിലര്‍ക്ക് സ്മിത്തിനെ ആജീവനാന്തം വിലക്കണമായിരുന്നു എന്ന നിലപാടാണ്. ദ ഡെയ്ലി സ്റ്റാര്‍, മെട്രോ, ഡെയ്ലി എക്സ്പ്രസ് എന്നിവര്‍ സ്മിത്തിന്റെ ഇന്നിങ്സിനെ പുകഴ്ത്തിയപ്പോള്‍ ആജീവനാന്തം വിലക്കണമായിരുന്നു എന്ന കടുത്ത നിലപാടായിരുന്നു ദ സണ്ണിന്റേത്. ആഷസിന്റെ ആദ്യ ദിനത്തില്‍ അഞ്ചു വിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡും മൂന്നു വിക്കറ്റെടുത്ത ക്രിസ് വോക്സും ആഞ്ഞടിച്ചപ്പോഴായിരുന്നു സ്മിത്തിന്റെ കരുത്തുറ്റ ഇന്നിംഗ്‌സ് പിറന്നത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റേത് മോശം തുടക്കമായിരുന്നു. കാമറോണ്‍ ബാന്‍ക്രോഫ്റ്റ് (8), ഡേവിഡ് വാര്‍ണര്‍ (2), ഉസ്മാന്‍ ഖവാജ (13) എന്നിവര്‍ 35 റണ്‍സിനിടെ മടങ്ങി. ട്രാവിഡ് ഹെഡുമൊത്ത് (35) നാലാം വിക്കറ്റില്‍ സ്മിത്ത് 64 റണ്‍സ് ചേര്‍ത്തു. പിന്നാലെ വീണ്ടും തകര്‍ച്ച. മാത്യു വെയ്ഡ് (1), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (5), ജെയിംസ് പാറ്റിന്‍സണ്‍ (0), പാറ്റ് കമ്മിന്‍സ് (5) എന്നിവര്‍ പുറത്താകുമ്പോള്‍ ഓസീസ് എട്ടിന് 122 റണ്‍സ്. പിന്നീട് ഒമ്പതാം വിക്കറ്റില്‍ പീറ്റര്‍ സിഡിലിനൊപ്പം (44) 88 റണ്‍സും പത്താം വിക്കറ്റില്‍ നേഥന്‍ ലയണിനെ (12*) കൂട്ടുപിടിച്ച് 74 റണ്‍സും ചേര്‍ത്ത സ്മിത്താണ് ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ 284-ല്‍ എത്തിച്ചത്. അവസാന രണ്ടുവിക്കറ്റില്‍ അവര്‍ 162 റണ്‍സാണ് അവര്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍