UPDATES

കായികം

ശബരിമല അയ്യപ്പന് ബാഴ്‌സയില്‍ എന്താ കാര്യം!

ബാഴ്‌സയുടെ പേജില്‍ മുഴുവന്‍ മലയാളികളുടെ ശരണം വിളിയാണ്

പകല്‍ മുഴുവന്‍ പറമ്പിലും ഗ്രൗണ്ടിലും ഫുട്‌ബോള്‍ കളി. രാത്രി ഉറക്കമിളച്ചിരുന്ന് മാച്ച് കാണല്‍. വഴക്ക് പറഞ്ഞ് മടുത്ത ഫുട്‌ബോള്‍ ഭ്രാന്തന്‍മാരുടെ മാതാപിതാക്കളൊക്കെ ഇന്ന് ഭയങ്കര സന്തോഷത്തിലാണത്രെ. മക്കളുടെ ഫോണിലും കമ്പ്യൂട്ടറിലുമൊക്കെ റിപ്പീറ്റ് മോഡില്‍ ശരണം വിളി! ഫുട്‌ബോളും സ്വാമി അയ്യപ്പനും തമ്മില്‍ എന്ത് എന്നായിരിക്കും.

മലയാളി ട്രോളന്‍മാരുടേയും ഫുട്‌ബോള്‍ ആരാധകരുടേയും ഇന്നത്തെ ഹരം ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ ബാഴ്‌സലോണ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ്. ഈ വീഡിയോയുടെ പശ്ചാത്തലത്തില്‍ ‘സ്വാമിയേ അയ്യപ്പാ… അയ്യപ്പാ സ്വാമിയേ ശരണം വിളിയോട് സാമ്യമുള്ള ശബ്ദം കേള്‍ക്കാം…

‘പള്ളിക്കെട്ട് ശബരിമലക്ക്’ എന്ന് തുടങ്ങുന്ന പ്രശസ്തമായ തമിഴ് ഭക്തി ഗാനത്തിലാണ് ഈ വീഡിയോയിലെ പാട്ടിനോട് സാമ്യമുള്ള ശരണം വിളിയുള്ളത്. കെ. വീരമണി പാടിയ ഈ ഗാനം ലോകത്താകമാനമുള്ള അയപ്പഭക്തര്‍ക്ക് പ്രിയപ്പെട്ടതാണ്.

ഈയാഴ്ച സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയില്‍ ഒരു പുതിയ താരമെത്തിയിരുന്നു. ബ്രസ്സീലിയന്‍ കളിക്കാരന്‍ ഫിലിപ് കുട്ടീന്യോ. ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍ പൂളില്‍ നിന്ന് 142 ദശലക്ഷം മുടക്കിയാണ് കുട്ടീന്യോയെ ബാഴ്‌സലോണ സ്വന്തമാക്കിയത്. താരത്തെ അവതരിപ്പിച്ചു കൊണ്ട് ക്ലബ്ബിന്റെ ട്വിറ്റര്‍ അകൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ശരണം വിളി. ചൊവ്വാഴ്ച രാവിലെ വീഡിയോ അപ്ലോഡ് ചെയ്ത ഉടനെ തന്നെ മലയാളികള്‍ തങ്ങള്‍ക്ക് സുപരിചിതമായ ശരണം വിളി തിരിച്ചറിഞ്ഞ് അതിനെ വൈറലാക്കി കഴിഞ്ഞു.

ട്രോളന്‍മാര്‍ ബാഴ്‌സലോണയും അയ്യപ്പനും തമ്മിലുള്ള ബന്ധത്തെ ചികഞ്ഞ് തമാശകളുടെ കെട്ടഴിക്കുകയാണ്. ബാഴ്‌സലോണയുടെ പോസ്റ്റിലും ഇതിനെ കുറിച്ചുള്ള ആരാധക കമന്റുകളുടെ പ്രളയം തന്നെ. എന്നാല്‍ ഇത് ശരണ വിളിയാണോ മറ്റെന്തെങ്കിലും സംഗീതമാണോ എന്ന കാര്യത്തില്‍ ബാഴ്‌സലോണയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍