UPDATES

ട്രെന്‍ഡിങ്ങ്

ജയം മാത്രം ലക്ഷ്യമിട്ട് ബ്രസീല്‍; കരുത്തു കാട്ടാന്‍ സ്വിറ്റ്സര്‍ലന്‍ഡ്

കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയ്ക്കെതിരായ 7-1ന്റെ നാണംകെടുത്തുന്ന തോല്‍വിയ്ക്ക് ശേഷം ആദ്യമായിറങ്ങുന്ന ലോകകപ്പ് മത്സരം കാനറികള്‍ക്ക് ആശങ്കകളുടേതാണ്

Avatar

അമീന്‍

ഐസ്‌ലന്റിനെതിരായ അര്‍ജന്റീനയുടെ തോല്‍വിയോളം പോന്ന സമനില ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അലട്ടുന്നത് ബ്രസീലിനെയാകും. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയ്ക്കെതിരായ 7-1ന്റെ നാണംകെടുത്തുന്ന തോല്‍വിയ്ക്ക് ശേഷം ആദ്യമായിറങ്ങുന്ന ലോകകപ്പ് മത്സരം കാനറികള്‍ക്ക് ആശങ്കകളുടേതാണ്. ഫിഫ റാങ്കിങില്‍ രണ്ടാംസ്ഥാനക്കാരാണ് ബ്രസീലെങ്കിലും ആറാമതുള്ള സ്വിസ് ടീമും ഒട്ടും മോശക്കാരല്ല. ഗ്രൂപ്പ് ഇ യിലെ ഏറ്റവും ശക്തമായ പോരാട്ടമാകും രാത്രി 11.30ന് (ഇന്ത്യന്‍ സമയം) റോസ്റ്റോവ് അറീനയില്‍ അരങ്ങേറുക.

ഈ ലോകകപ്പില്‍ അവസാന നാലിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ബ്രസീല്‍. നെയ്മറുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഒരു ചാമ്പ്യന്‍ ടീമിന് വേണ്ട വിഭവങ്ങളെല്ലാമുണ്ട്. ഏറ്റവും കൂടുതല്‍ തവണ ലോകചാമ്പ്യന്‍മാരായിട്ടുള്ള, എല്ലാ ലോകകപ്പിലും കളിച്ചിട്ടുള്ള ഏക ടീമായ ബ്രസീലിന് ലോകകപ്പ് പാരമ്പര്യത്തിനും കുറവില്ല. 20 ലോകകപ്പുകളില്‍ പതിനാറിലും അവര്‍ ആദ്യ മത്സരത്തില്‍ ജയിച്ചിട്ടുണ്ട്. രണ്ടുതവണ സമനിലയും രണ്ടുതവണ തോല്‍വിയും. അതില്‍തന്നെ 1938 മുതല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഒരിക്കല്‍ പോലും തോറ്റിട്ടുമില്ല കാനറികള്‍.

കഴിഞ്ഞ ലോകകപ്പിന് ശേഷം പുതിയ പരിശീലകന്‍ ടിറ്റെയുടെ കീഴില്‍ ഉയിര്‍ത്തെഴുന്നേറ്റ ടീമുമായാണ് ബ്രസീല്‍ ഇക്കുറിയെത്തുന്നത്. യോഗ്യതാ റൗണ്ടില്‍ ചാമ്പ്യന്‍മാരായാണ് ബ്രസീല്‍ ലോകകപ്പിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിലെ 18 മത്സരങ്ങളില്‍ ആദ്യത്തേത് മാത്രമാണവര്‍ തോറ്റത്. അര്‍ജന്റീന ഉള്‍പ്പെടെയുള്ള ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് ടിറ്റെയുടെ സംഘം റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുന്ന ആദ്യ രാജ്യമായത്.

നെയ്മറിനൊപ്പം ഗബ്രിയേല്‍ ജീസസും ഡഗ്ലസ് കോസ്റ്റയും റോബര്‍ട്ടോ ഫിര്‍മിനേദായുമൊക്കെ ചേരുന്ന ബ്രസീല്‍ മുന്നേറ്റ നിര ഈ ലോകകപ്പിലെ തന്നെ ഏറ്റവും ആക്രമണോത്സുകരായ മുന്നേറ്റക്കാരാണ്. വില്യന്‍, ഫിലിപ്പ് കുട്ടീന്യോ, പൗലിന്യോ, തിയാഗോ സില്‍വ, മിറാന്‍ഡ.. ബ്രസീല്‍ ടീമിലെ പ്രതിഭാധനരുടെ നിര നീളുന്നു. താരങ്ങളുടെ ശക്തി കളത്തിലും പ്രകടമായാല്‍ ബ്രസീലിനെ പിടിച്ചുകെട്ടുക എളുപ്പമാകില്ല.

സാധ്യതാ ടീം: അലിസണ്‍, ഡാനിലോ, സില്‍വ, മിറാന്‍ഡ, മാര്‍സെലോ, കാസെമിറൊ, പൗളീന്യോ, കുട്ടീന്യോ, വല്യന്‍, ജീസസ്, നെയ്മര്‍.

പ്രതിരോധത്തിലൂന്നിയ കളികൊണ്ട് എതിരാളികളെ കുഴക്കുന്ന ടീമാണ് സ്വിറ്റ്സര്‍ലന്‍ഡ്. ലോകകപ്പില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ പുറത്തായ ചരിത്രവും അവര്‍ക്കുണ്ട്. 2006-ല്‍ മത്സരത്തിനിടെ ഗോളുകളൊന്നും വഴങ്ങാതിരുന്ന സ്വിസ് ടീം പ്രീക്വാര്‍ട്ടറില്‍ യുക്രൈനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് പുറത്താവുകയായിരുന്നു. 2010-ലെ ആദ്യ മത്സരത്തില്‍, ചാമ്പ്യന്‍മാരായ സ്പെയിനിനെ തോല്‍പിച്ചതും ബ്രസീലിനെതിരെ ഇറങ്ങുമ്പോള്‍ അവരുടെ മനസ്സിലുണ്ടാകും.

1934-ല്‍ ആദ്യ ലോകകപ്പ് യോഗ്യത നേടിയ സ്വിറ്റ്സര്‍ലന്‍ഡ് ഇതിനു മുമ്പ് പത്തു തവണ ലോകകപ്പിനെത്തിയിട്ടുണ്ട്. അതില്‍ ആറു തവണയും നോക്കൗട്ട് റൗണ്ടിലെത്തി. അതില്‍ മൂന്നുതവണ ക്വാര്‍ട്ടറിലും. കഴിഞ്ഞ വര്‍ഷം റൗണ്ട് ഓഫ് 16-ല്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയോട് അധികസമയത്ത് ഒരു ഗോളിന് തോറ്റാണ് സ്വിറ്റ്സര്‍ലന്‍ഡ് പുറത്തുപോയത്.

ലോകകപ്പ് യോഗ്യതാ റൗണ്ടിലും ഉജ്ജ്വല പ്രകടനമാണ് സ്വിറ്റ്സര്‍ലന്‍ഡ് കാഴ്ചവെച്ചത്. യുവേഫ ഗ്രൂപ്പ് ബിയില്‍ 10 മത്സരങ്ങളില്‍ ഒമ്പതിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള പോര്‍ച്ചുഗലിനൊപ്പമെത്തിയെങ്കിലും ഗോള്‍ ശരാശതിയില്‍ പോര്‍ച്ചുഗല്‍ നേരിട്ട് പ്രവേശനം നേടുകയായിരുന്നു. ബെസ്റ്റ് റണ്ണേഴ്സ് അപ്പുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടാണ് സ്വിസ് ടീം റഷ്യയിലെത്തുന്നത്. സന്നാഹ മത്സരങ്ങളില്‍ സ്പെയിനിനെ സമനിലയില്‍ തളച്ചും ജപ്പാനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പിച്ചും ആത്മവിശ്വാസമുയര്‍ത്തിയാണ് വ്ലാദിമിര്‍ പെറ്റ്കോവിറ്റിന്റെ ശിഷ്യന്‍മാര്‍ ബ്രസീലിനെ നേരിടാനിറങ്ങുന്നത്.

സ്റ്റോക്ക് സിറ്റി താരം ഷെദ്രാന്‍ ഷാഖിരിയെ ചുറ്റിപ്പറ്റിയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ പ്രതീക്ഷകള്‍. തന്ത്രങ്ങള്‍ മെനയാനും അതിവേഗ നീക്കങ്ങള്‍ കൊണ്ട് ഞെട്ടിക്കാനും കഴിവുള്ളയാള്‍. യോഗ്യതാ റൗണ്ടില്‍ നാലു ഗോളടിച്ച ഹാരിസ് സെഫറോവികും ശ്രദ്ധിക്കേണ്ട താരമാണ്.

സാധ്യതാ ടീം: യാന്‍ സോമെര്‍, സ്റ്റീഫന്‍ ലിച്ചന്‍സ്റ്റെയ്നര്‍, ഫാബിയന്‍ ഷാര്‍, മാനുവല്‍ അകാന്‍ജി, റോഡ്രിഗസ്, ബെഹ്റാമി, ഗ്രാനിറ്റ് ഷാക്ക, ഷാഖിരി, സെമൈലി, സൂബര്‍, സെഫറോവിക്.

ലോകകപ്പില്‍ ഇതിനുമുമ്പ് ബ്രസീലും സ്വിറ്റ്സര്‍ലാന്റും തമ്മില്‍ എട്ടു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ബ്രസീല്‍ മൂന്നു വട്ടവും സ്വിറ്റ്സര്‍ലാന്റ് രണ്ടു വട്ടവും ജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ കലാശിച്ചു.

 

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍