UPDATES

ട്രെന്‍ഡിങ്ങ്

ലോകകപ്പിലെ ആദ്യ ഹാട്രിക് റൊണാള്‍ഡോയ്ക്ക്…. എന്തു സാധ്യമല്ല ഈ മനുഷ്യന്..!

പോര്‍ട്ടുഗലിന്റെ നെടുംതൂണായി റൊണാള്‍ഡോ മാറിയപ്പോള്‍ ടിക്കി ടാക്കയുടെ മാസ്മരികത കൈമോശം വന്നിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് സ്പെയിനും

ലോകം മുഴുവൻ ഉറ്റു നോക്കുന്ന മത്സരത്തിനാണ് റഷ്യയിലെ സോചി സ്റ്റേഡിയം ഇന്ന് സാക്ഷിയായത്. ലോകഫുട്ബാളിലെ അതികായകരായ സ്പെയിനും പോർച്ചുഗലും നേർക്ക് നേർ. എന്നാൽ ഒരർത്ഥത്തിൽ റൊണാൾഡോ വേഴ്‌സസ് സ്‌പെയിൻ എന്ന് പറയുന്നതാവും ശരി, റഷ്യ ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മിന്നുന്ന ഫോമിന്റെ ബലത്തിൽ സ്പെയിനിനെ 3-3 നു പോർച്ചുഗൽ സമനിലയിൽ പിടിച്ചു കെട്ടി.

ആർത്തലയ്ക്കുന്ന കാണികളെ ആവേശത്തിലാക്കി കൊണ്ട് കളിയുടെ രണ്ടാം മിനുട്ടിൽ പെനൽറ്റി ഗോളിലൂടെ പോർച്ചുഗൽ മുന്നിലെത്തി. ബോക്സിനുള്ളിൽ റൊണാൾഡോയെ നാച്ചോ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത റൊണാൾഡോ പിഴവുകളില്ലാതെ ലക്ഷ്യത്തിലെത്തിച്ചു. നാല് ലോകകപ്പിലും ഗോൾ നേടുന്ന ആദ്യ പോർച്ചുഗീസ് താരം എന്ന റെക്കോഡും ഈ ഗോളോടെ റൊണാൾഡോ സ്വന്തമാക്കി. എന്നാൽ പറങ്കിപ്പടയുടെ ആഹ്ലാദത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല ഗോൾ വീണതോടെ ആക്രമിച്ചു കളിച്ച സ്‌പെയിൻ വളരെ വേഗത്തിൽ ലക്‌ഷ്യം കണ്ടു. പോർച്ചുഗലിന്റെ മൂന്നു ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ചു കൊണ്ട് 24–ാം മിനിറ്റിൽ ഡീഗോ കോസ്റ്റ നേടിയ ഗോൾ ടൂർണമെന്റിലെ ഇത് വരെയുള്ള ഏറ്റവും മികച്ചതായിരുന്നു ഫലം 1-1
പന്തു കൈവശം വച്ച് പൊസഷൻ ഫുട്ബോളിലെ കളി വരുതിയിലാക്കാനുള്ള സ്പെയിനിന്റെ തന്ത്രം ഫലം കണ്ടു വരുമ്പോഴായിരുന്നു റൊണാൾഡോയുടെ വക അടുത്ത പ്രഹരം. കളിയുടെ 44 –ാം മിനുട്ടിൽ ഗോൺസാലോ ഗ്വിഡെസിന്റെ പാസിൽ റൊണാൾഡോയുടെ കിടിലൻ ഷോട്ട്. സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഗിയയുടെ കൈകളിൽത്തട്ടി പന്ത് വലയിൽ. ആദ്യ പകുതി സമാപിക്കുമ്പോൾ പോർച്ചുഗൽ 2–1ന് മുന്നിൽ.

ജെല്ലിക്കെട്ടിനെത്തിയ പറങ്കിപ്പട രണ്ടാം പകുതിയിൽ വിയർക്കുന്ന കാഴ്ചയാണ് കണ്ടത്. ഇനിയേസ്റ്റയും, സിൽവയും ആക്രമണം ശക്തമാക്കിയപ്പോൾ പോർച്ചുഗൽ ഡിഫന്ഡര്മാര് സമ്മർദ്ദത്തിലായി. കളിയുടെ 55 ആം മിനുട്ടിൽ സ്പാനിഷ് ആക്രമണത്തിന് ഫലം കണ്ടു. ബോക്സിനു വെളിയിൽ സ്പെയിനിന് ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം, ഡേവിഡ് സിൽവ ഉയർത്തിവിട്ട പന്ത് ബുസ്കെറ്റ്സ് തലകൊണ്ടു കുത്തി പോർച്ചുഗൽ പോസ്റ്റിനു മുന്നിലേ‍ക്കു മറിച്ചു, ഓടിയെത്തിയ കോസ്റ്റയുടെ ഷോട്ട് കൃത്യമായി പോർച്ചുഗൽ വലയിൽ തുളച്ചു കയറി സ്കോർ 2-2 സമനില ഗോളിന്റെ ആഘാതം മാറും മുൻപ് പോർച്ചുഗലിന്റെ മറി കടന്നു സ്പെയിൻ ലീഡ് നേടി. ആദ്യ ഗോളിന് കാരണമായ പെനൽറ്റിക്ക് വഴിയൊരുക്കിയ നാച്ചോ ഇക്കുറി ഗോൾ നേടി പ്രാശ്ചിത്തം ചെയ്തു. 58–ാം മിനിറ്റിൽ പോർച്ചുഗൽ ബോക്സിനു സമീപം ലഭിച്ച പന്തിനെ ഹാഫ് വോളിയിലൂടെ വലയിലെത്തിച്ച് നാച്ചോ സ്പാനിഷ് കരുത്തന്മാർക്കു നിർണായക ലീഡ് സമ്മാനിച്ചു.

ബ്രൂണോ ഫെര്ണാണ്ടസിന് പകരം മരിയ ഇറങ്ങിയാതോടെ പോർച്ചുഗലിന്റെ ആക്രമണങ്ങൾക്കു ശക്തി കൂടി, 80 മിനിട്ടുകൾക്ക് ശേഷം പൊസഷൻ ഗെയിമിലൂടെ മൽസരം വരുതിയിലാക്കാനുള്ള സ്പെയിനിന്റെ ശ്രമങ്ങൾക്ക് കൗണ്ടർ അറ്റാക്കുകളിലൂടെ പോർച്ചുഗൽ മറുപടി നൽകി, കളി അവസാനിക്കാൻ മിനുട്ടുകൾ ശേഷിക്കെ സ്റ്റേഡിയത്തെ സ്തബ്ധമാക്കി കൊണ്ട് റൊണാൾഡോ ഗോൾ നേടി, 88–ാം മിനിറ്റിൽ ബോക്സിനു തൊട്ടുവെളിയിൽനിന്നും ട്രേഡ് മാർക്ക് ശൈലിയിലുള്ള ഫ്രീകിക്ക് ഗോളിലൂടെയാണ് റൊണാൾഡോ ഹാട്രിക് തികച്ചു. സ്പാനിഷ്ലി ഗോളിക്ക് കാഴ്ചക്കാരന്റെ ജോലി മാത്രമേ ഉണ്ടായിരുന്നുള്ളു …സ്കോർ 3–3.

എന്തായാലും മൽസരക്രമം പ്രഖ്യാപിച്ചതുമുതൽ ആവേശത്തോടെ കാത്തിരുന്ന കാൽപ്പന്താരാധകരെ സ്പെയിനും പോർച്ചുഗലും നിരാശരാക്കിയില്ല എന്ന് തന്നെ പറയാം. സോച്ചിയില്‍ കണ്ടത് തുല്യ ശക്തികളുടെ പോരാട്ടം. ഇത്തവണത്തെ ലോകകപ്പുയര്‍ത്താന്‍ തങ്ങള്‍ രണ്ടു പേരും അര്‍ഹര്‍ എന്നു കളിയുടെ ഓരോ മിനുറ്റിലും പറഞ്ഞുകൊണ്ടിരുന്നു. പോര്‍ട്ടുഗലിന്റെ നെടുംതൂണായി റൊണാള്‍ഡോ മാറിയപ്പോള്‍ ടിക്കി ടാക്കയുടെ മാസ്മരികത കൈമോശം വന്നിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് സ്പെയിനും.

കളിയിലെ പ്രധാന സംഭവങ്ങള്‍

1. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഫൌള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റി നാലാം മീനുട്ടില്‍ ഗോള്‍. മൽസരത്തിന്റെ രണ്ടാം മിനിറ്റിൽ ബോക്സിനുള്ളിൽ റൊണാൾഡോയെ നാച്ചോ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. ഈ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
റൊണാള്‍ഡോയുടെ 82-ആം ഗോള്‍.

2. പതിനേഴാം മിനിറ്റില്‍ ആദ്യ മഞ്ഞ കാര്‍ഡ്, സ്പെയിനിനെതിരെ

3. ഇരുപത്തിനാലാം മിനുട്ടില്‍ ഡീഗോ കോസ്റ്റയുടെ ഗോള്‍.

4. ഇരുപത്തിയാറാം മിനുട്ടില്‍ ഇസ്കോയുടെ ഷോട്ട് ബാറില്‍ തട്ടി തെറിക്കുന്നു. ഗോള്‍ ലൈന്‍ ടെക്നോളജി അനുസരിച്ചു ഗോളാണെന്ന് സ്പെയിന്‍ കരീതിയെങ്കിലും അല്ലെന്ന് റഫറി വിധിച്ചു.

5. മുപ്പത്തിനാലാം മിനുട്ടില്‍ ഇനിയേസ്റ്റയുടെ നീക്കം. തൊട്ടടുത്ത് ഡീഗോ കോസ്റ്റ. ഇനിയേസ്റ്റയുടെ അത്ര ശക്തമല്ലാത്ത ഒരു അടി ഗോളിയെ നോക്കുക്കുത്തിയാക്കി ഗോള്‍ വലകുലുക്കും എന്നു കരുതിയെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ല്‍ പുറത്തേക്ക്.

6. നാല്‍പ്പത്തിനാലാം മിനുട്ടില്‍ ഗോൺസാലോ ഗ്വിഡെസിന്റെ പാസിൽ റൊണാൾഡോയുടെ പവര്‍ഫുള്‍ ഷോട്ട്. ഗോള്‍കീപ്പര്‍ ഡേവിഡ് ഡിഗിയയുടെ പിഴവില്‍ റൊണാള്‍ഡോയുടെ 83-ആം ഗോള്‍.

7. അന്‍പത്തിയഞ്ചാം മിനുട്ടില്‍ ഡീഗോ കോസ്റ്റയുടെ രണ്ടാം ഗോള്‍. ഡേവിഡ് സിൽവ ഉയർത്തിവിട്ട ഫ്രീ കിക്ക് ബുസ്കെറ്റ്സ് തലകൊണ്ടു കുത്തി പോസ്റ്റിനു മുന്നിലേ‍ക്കു ഇട്ടുകൊടുത്തത് വിദഗ്ദമായി കോസ്റ്റ വലയിലാക്കി.

8. അന്‍പത്തിയെട്ടാം മിനുട്ടില്‍ നാചോയുടെ തകര്‍പ്പന്‍ ഗോളില്‍ സ്പെയിന്‍ മുന്നില്‍.

9. എണ്‍പത്തിയെട്ടാം മിനിറ്റില്‍ റൊണാള്‍ഡോ വീണ്ടും. ഫ്രീ കിക്ക് ഗോള്‍. കരിയറിലെ അന്‍പത്തിയൊന്‍പത്താമത്തെ ഹാട്രിക്.

10. റൊണാള്‍ഡോ മാന്‍ ഓഫ് ദി മാച്ച്

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍