UPDATES

കായികം

ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യക്ക് വേണ്ടി 45 ലക്ഷം പേര്‍ കളിക്കും: ഇവാന്‍ റാക്കിറ്റിച്ച്

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കളിയാണ് നടക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ തല ഉയര്‍ത്തിപ്പിടിച്ച് തന്നെ മടങ്ങും.

ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യക്ക് വേണ്ടി ഗ്രൗണ്ടിലിറങ്ങുന്നത് 45 ലക്ഷം പേരായിരിക്കുമെന്ന് ക്രൊയേഷ്യയുടെ ശ്രദ്ധേയ താരങ്ങളിലൊരാളായ ഇവാന്‍ റാക്കിറ്റിച്ച്. ഇത് ചരിത്രം കുറിക്കുന്ന കളിയാണ്. ഞങ്ങളുടെ സ്‌ക്വാഡില 13, 14 കളിക്കാരെ സംബന്ധിച്ച് മാത്രമല്ല, മുഴുവന്‍ ക്രൊയേഷ്യക്കാരെ സംബന്ധിച്ചും – റാക്കിറ്റിച്ച് മാധ്യമങ്ങളോട് പറഞ്ഞു. ക്രൊയേഷ്യക്ക് വേണ്ടി കളിക്കാന്‍ 45 ലക്ഷം വരുന്ന ക്രൊയേഷ്യന്‍ ജനത ഗ്രൗണ്ടിലിറങ്ങും.

കഴിഞ്ഞ ഒരുമാസമായി ക്രൊയേഷ്യയില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ അവിടെ നിന്നുള്ള വീഡിയോ ഫൂട്ടേജ് കാണൂ. ഈ സന്തോഷം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. ഈ കൂട്ടായ്മ, അഭിമാനം, ഐക്യം – ഇതെല്ലാം അപാരമാണ്. 45 ലക്ഷം വരുന്ന മനുഷ്യരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന ഒരു സ്റ്റേഡിയമുണ്ടെങ്കില്‍ അത് നിറയുമായിരുന്നു – ക്രൊയേഷ്യക്ക് വേണ്ടി 15 മത്സരങ്ങളും ബാഴ്‌സലോണയ്ക്ക് വേണ്ടി 55 മത്സരങ്ങളും കളിച്ചിട്ടുള്ള റാക്കിറ്റിച്ച് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തിന് തലേദിവസം രാത്രി റാക്കിറ്റിച്ചിന് പനി ബാധിച്ചിരുന്നു. എന്നാല്‍ കളിയുടെ സമയമായപ്പോളേക്കും പനിയെല്ലാം പോയി. തുടര്‍ച്ചയായ മത്സരങ്ങള്‍ താരങ്ങള്‍ക്കുണ്ടാക്കുന്ന തളര്‍ച്ച ക്രൊയേഷ്യയെ ബാധിച്ചിട്ടില്ലെന്ന് റാക്കിറ്റിച്ച് പറയുന്നു. റഷ്യ ലോകകപ്പില്‍ ഏറ്റവുമധികം സമയം കളിച്ച ടീം ക്രൊയേഷ്യയാണ്. ഫൈനലില്‍ കുടുതല്‍ ഊര്‍ജ്ജവും കൂടുതല്‍ കരുത്തുമായാണ് ഞങ്ങളിറങ്ങുക. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കളിയാണ് നടക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ തല ഉയര്‍ത്തിപ്പിടിച്ച് തന്നെ മടങ്ങും. അതിന് വേണ്ട എല്ലാം ചെയ്യും. കുറച്ച് ഭാഗ്യവും ചേര്‍ന്നാല്‍ ലക്ഷ്യം പൂര്‍ണമാകും – റാക്കിറ്റിച്ച് പറഞ്ഞു.

ടീമിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ചും അസ്വാരസ്യങ്ങളെക്കുറിച്ചും റാക്കിറ്റിച്ച് പ്രതികരിച്ചു. സെമി ഫൈനലിന് തൊട്ടുമുമ്പാണ് ക്രൊയേഷ്യ കോച്ചിനെ പുറത്താക്കിയതായി വാര്‍ത്ത വന്നത്. ക്രൊയേഷ്യല്‍ ഫുട്‌ബോളിലെ വലിയ സ്വാധീന ശക്തിയായ ഡ്രാവ്‌കോ മാമിച്ചിനെതിരെ വന്ന കേസില്‍ ടീം ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചും ഉള്‍പ്പെട്ടിരുന്നു. ഡിഫന്‍ഡര്‍ ദെജാന്‍ ലോവ്‌റെനും കേസില്‍ അന്വേഷണം നേരിടുകയാണ്. ക്രൊയേഷ്യന്‍ ആരാധകര്‍ മോഡ്രിച്ചിനോട് പുലര്‍ത്തുന്ന സമീപനം പരസ്പരവിരുദ്ധമാണ്. ഗോള്‍ഡന്‍ ബോള്‍ നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് ലൂക്ക മോഡ്രിച്ച്. ലോകകപ്പ് ഫൈനലിലെത്താന്‍ കഴിഞ്ഞത് ടീമിനെ ഭിന്നതളെ ഒരുപരിധി വരെ ഒതുക്കിനിര്‍ത്താന്‍ സഹായകമായിട്ടുണ്ടെന്ന സൂചനയാണ് റാക്കിറ്റിച്ച് നല്‍കിയത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയെ തോല്‍പ്പിച്ച ശേഷം “ഉക്രൈന് സ്തുതി” എന്ന് ഡിഫന്‍ഡര്‍ ദോമഗോജ് വിദ ഉറക്കെവിളിച്ചുപറഞ്ഞത് വിവാദമായിരുന്നു. “ഈ വിജയം ഡൈനാമോയ്ക്കും ഉക്രെയ്‌നും” എന്ന് വിളിച്ചുപറഞ്ഞ, സ്‌ക്വാഡിന്റെ ഭാഗമായ ഓഗ്നെന്‍ വുകുജെവിച്ചിനെ ക്രൊയേഷ്യ തിരിച്ചയയ്ക്കുകയും ഈ സംഭവത്തില്‍ ടീം മാപ്പ് പറയുകയും ചെയ്തിരുന്നു. സെമിഫൈനലില്‍ വിദയുടെ കാലില്‍ പന്തെത്തിയപ്പോളെല്ലാം ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ റഷ്യന്‍ കാണികള്‍ കൂവി വിളിച്ചു. ഉക്രെയ്‌നുമായി നിരന്തര സംഘര്‍ത്തിലാണ് റഷ്യ. അതേസമയം തങ്ങള്‍ റഷ്യയിലെത്തിയിരിക്കുന്നത് ഒരു വലിയ ലക്ഷ്യത്തിന് വേണ്ടിയാണെന്നും ഇത്തരം വിവാദങ്ങളൊന്നും ടീമിനെ ബാധിച്ചിട്ടില്ലെന്നും റാക്കിറ്റിച്ച് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍