രണ്ടാംപകുതി ആരംഭിച്ച് ആറാം മിനുറ്റില്‍ കോസ്റ്റയുടെ നാലാം ഗോള്‍
ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ സ്പാനിഷ് ശക്തികളെ തറപറ്റിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ്
ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരെ അത്‌ലറ്റിക്കോ ജയം നേടിയത്. സൂപ്പര്‍ പോരാട്ടത്തില്‍ നാലു ഗോളുകളും ചുവപ്പ് കാര്‍ഡുമായി ഡിയഗോ കോസ്റ്റ് താരമായി. ആദ്യ പകുതിയില്‍ 4 ഗോളുകളടിച്ച കോസ്റ്റ, രണ്ടാംപകുതിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
അത്‌ലറ്റിക്കോ മാഡ്രിഡിനായി ആദ്യ പകുതിയില്‍ തന്നെ കോസ്റ്റ ഹാട്രിക്ക് നേടിയിരുന്നു. കളി തുടങ്ങി ഒന്നാംമിനുറ്റില്‍ കോസ്റ്റയുടെ ഗോളില്‍ മാഡ്രിഡ് മുന്നിലെത്തിയിരുന്നു. പിന്നീട് എട്ടാം മിനുറ്റില്‍ ജാവോ ഫെലിക്‌സ് വീണ്ടും ലീഡുയര്‍ത്തി. പത്തൊന്‍പതാം മിനുറ്റില്‍ ഏഞ്ചല്‍ കൊറിയയും ഗോള്‍ നേടിയതോടെ അത്‌ലറ്റിക്കോ, കളിയില്‍ 3-0 ന് മുന്നിലെത്തി. 28-ം മിനുറ്റിലും, പിന്നീട് 45-ം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നും ഡിയഗോ കോസ്റ്റ വീണ്ടും വല കുലുക്കിയതോടെ ആദ്യ പകുതിയില്‍ത്തന്നെ അത്‌ലറ്റിക്കോ 5-0 ന് മുന്നിലെത്തി.
രണ്ടാംപകുതി ആരംഭിച്ച് ആറാം മിനുറ്റില്‍ കോസ്റ്റയുടെ നാലാം ഗോള്‍. ജാവോ ഫെലിക്‌സ് നല്‍കിയ ത്രൂ ബോള്‍ ബോക്‌സിന് മധ്യവശത്ത് നിന്ന് കോസ്റ്റ വലയിലെത്തിക്കുകയായിരുന്നു. അന്‍പത്തിയൊന്‍പതാം മിനുറ്റില്‍ റയല്‍ തങ്ങളുടെ ആദ്യ ഗോള്‍ കണ്ടെത്തി.നാച്ചോയുടെ ഇടം കാലനടിയാണ് ഗോള്‍ വലയില്‍പന്തെത്തിച്ചത് ഇതോടെ സ്‌കോര്‍ 1-6 ആയി. കളിയുടെ 65ആം മിനുട്ടില്‍ റയല്‍ താരം കാര്‍വഹാല്‍ നടത്തിയ ഒരു ഫൗള്‍ ചോദ്യം ചെയ്ത് സംഘര്‍ഷം ഉണ്ടാക്കിയതിനാണ് കോസ്റ്റയ്ക്ക് ചുവപ്പ് കിട്ടിയത്. ഒപ്പം കര്‍വാഹളിനും കിട്ടി ചുവപ്പ് കാര്‍ഡ്. പിന്നീട് ഇരു ടീമുകളും പത്ത് പേരായി ചുരുങ്ങി. 70-ം മിനുറ്റില്‍ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി വിറ്റോലോയും, 85, 89 മിനുറ്റുകളില്‍ റയലിനായി ബെന്‍സേമ, സാവി ഫെര്‍ണാണ്ടസ് എന്നിവരും ഗോള്‍ നേടി.