UPDATES

കായികം

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വെല്ലുവിളിക്ക് മെസിയുടെ മറുപടി എത്തി

റയല്‍ വിട്ട് യുവന്റസിലെത്തിയ റൊണാള്‍ഡോ മെസിയെ ഇറ്റാലിയന്‍ സീരി എയിലേക്ക് ക്ഷണിച്ചിരുന്നു.

ലയണല്‍ മെസി ആരാധകരും ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആരാധകരും തമ്മിലുളള ഫുട്‌ബോള്‍ ലോകത്തെ തര്‍ക്കം അവസാനിക്കുന്നില്ല. ക്ലബ്  ഫുട്‌ബോളില്‍ മിന്നും പ്രകടനം മെസി കാഴ്ച വെയ്ക്കുമ്പോള്‍ രാജ്യത്തിനായി കളിക്കുമ്പോഴും ക്ലബ് മത്സരങ്ങളിലും റൊണാള്‍ഡോ മികവ്  തെളിയിക്കുന്നു. സ്പാനിഷ് ലീഗിലെ റയല്‍ ബാഴ്സ എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലെ പ്രധാന ആവേശങ്ങളിലൊന്ന് ഈ രണ്ട് താരങ്ങളും നേര്‍ക്കു നേര്‍വരുമെന്നതായിരുന്നു. ക്രിസ്റ്റ്യാനോ റയല്‍ വിട്ടതോടെ ഇരുവരുടെയും ആരാധകരും നിരാശരായിരുന്നു. എന്നാല്‍ നേര്‍ക്കുനേര്‍ എത്തിയില്ലെങ്കിലും ഇരുതാരങ്ങളും തമ്മിലുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കുകയാണ് ഫുട്‌ബോള്‍ ലോകം. റൊണാള്‍ഡോ നടത്തിയ വെല്ലുവിളിക്ക് മെസിയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

റയല്‍ വിട്ട് യുവന്റസിലെത്തിയ റൊണാള്‍ഡോ മെസിയെ ഇറ്റാലിയന്‍ സീരി എയിലേക്ക് ക്ഷണിച്ചിരുന്നു. പുതിയ വെല്ലുവിളികള്‍ മെസി സ്വീകരിക്കുമെന്നാണ് കരുതുന്നുവെന്ന രീതിയിലായിരുന്നു റൊണാള്‍ഡോയുടെ പരാമര്‍ശം. ‘ ഇംഗ്ലണ്ടിലും സ്പെയിനിലും ഇറ്റലിയിലും ദേശീയ ടീമിനായി പോര്‍ച്ചുഗലിലുമൊക്കെ ഞാന്‍ കളിക്കുമ്പോള്‍ മെസി സ്പെയിനില്‍ തന്നെയായിരുന്നു. ഒരു ദിവസം മെസി ഇറ്റാലിയന്‍ ലീഗിലേക്ക് വരുമെന്നാണ് പ്രതീക്ഷ. എന്നെപ്പോലെ തന്നെ വെല്ലുവിളികളെ മെസിക്കും ഇഷ്ടമാണെന്നാണ് കരുതുന്നത്. ഇനി അദ്ദേഹം സ്പെയിനില്‍ തൃപ്തനാണെങ്കില്‍ അതിനോട് ബഹുമാനമേയുള്ളൂ ‘ – എന്നായിരുന്നു ക്രിസ്റ്റിയാനോയുടെ പരാമര്‍ശം. എന്നാല്‍ ഇപ്പോള്‍ സ്പാനിഷ് മാധ്യമമായ മാര്‍ക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോയുടെ വെല്ലുവിളിക്ക് മെസി മറുപടി പറഞ്ഞിരിക്കുന്നത്.

‘എന്തെങ്കിലും മാറ്റം വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച ക്ലബിന്റെ താരമാണ് ഞാന്‍. ഓരോ വര്‍ഷവും പുതിയപുതിയ വെല്ലുവിളികളാണ് എനിക്ക് മുന്നിലുള്ളത്. പുതിയ വെല്ലുവിളികള്‍ക്കുവേണ്ടി ക്ലബ് മാറണമെന്ന അഭിപ്രായമില്ല’ എന്നായിരുന്നു മെസി പറഞ്ഞത്. അതേസമയം ക്രിസ്റ്റ്യാനോയുമായുള്ള ആരോഗ്യകരമായ മത്സരം ആസ്വദിക്കുന്നുവെന്നും മെസി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍