UPDATES

കായികം

സൗഹൃദ മത്സരങ്ങളിൽ അര്‍ജന്റീനക്കും ബ്രസീലിനും വിജയം : നെയ്മറിന് പരിക്ക്

ഉറുഗ്വായ്‌ക്കെതിരായ മത്സരത്തിനിടെ പി.എസ്.ജിയുടെ തന്നെ സൂപ്പര്‍ താരം കെയ്ലിയന്‍ എംബാപ്പക്ക് പരിക്കേറ്റിരുന്നു.
പി.എസ്.ജിക്ക് ഇരുതാരങ്ങളുടെയും പരിക്ക് തിരിച്ചടിയായി

സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍  അര്‍ജന്റീനക്കും ബ്രസീലിനും ജയം. അര്‍ജന്റീന മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ കാമറൂണിനെതിരെ ബ്രസീലിന്റെ ജയം എതിരില്ലാത്ത ഒരു ഗോളിനായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് മെക്സിക്കോയെ അര്‍ജന്റീന നേരിടുന്നത്. ഇതിന് മുമ്പ് നടന്ന മത്സരത്തിലും ജയം അര്‍ജന്റീനക്കൊപ്പമായിരുന്നു. കളി തുടങ്ങി രണ്ടാം മിനുറ്റില്‍ തന്നെ മൗറോ ഇക്കാര്‍ഡിയിലൂടെ അര്‍ജന്റീന ഗോള്‍ നേടി. എന്നാല്‍ രണ്ടാം ഗോള്‍ വന്നത് കളി തീരാനിരിക്കെ 87ാം മിനുറ്റില്‍ ഡിബാലയിലൂടെയും. ഇതോടെ അര്‍ജന്റീന ജയമുറപ്പിച്ചു.

ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ച ബ്രസിലീനായി റിച്ചാര്‍ലിസണാണ് ഗോള്‍ നേടിയത്. 45ാം മിനുറ്റില്‍ തകര്‍പ്പനൊരു ഹെഡറിലൂടെയായിരുന്നു റിച്ചാര്‍ലിസണിന്റെ ഗോള്‍. പരിക്കേറ്റ് മടങ്ങിയ സൂപ്പര്‍ താരം നെയ്മര്‍ക്ക് പകരമായിരുന്നു റിച്ചാര്‍ലിസണ്‍ കളത്തിലെത്തിയത്. മത്സരത്തില്‍ ആദ്യ ഏഴു മിനിറ്റ് മാത്രമെ നെയ്മര്‍ക്ക് കളിക്കാന്‍ കഴിഞ്ഞുള്ളു. മത്സരത്തില്‍ ഗോള്‍ നേടാവുന്ന നിരവധി അവസരങ്ങള്‍ നെയ്മറുടെ അഭാവത്തില്‍ ബ്രസീലിന് പാഴായി. മസിലിനേറ്റ പരുക്കാണ് നെയ്മര്‍ക്ക് വില്ലനായത്. ഗോള്‍ വല ലക്ഷ്യമാക്കി തൊടുത്ത ഷോട്ടോടെയാണ് താരം പരുക്കേറ്റ് മൈതാനം വിട്ടത്. കാമറൂണ്‍ ഗോള്‍കീപ്പറുടെ ചില സേവുകളും അവര്‍ക്ക് തുണയായി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ബ്രസീല്‍ 1-0 എന്ന സ്‌കോറിന് ജയിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഉറുഗ്വേക്ക് എതിരെയും അതിന് മുമ്പ് അര്‍ജന്റീനക്ക് എതിരെയും ഇതേ സ്‌കോറിനായിരുന്നു ബ്രസീല്‍ ജയിച്ചത്.

ഉറുഗ്വായ്‌ക്കെതിരായ മത്സരത്തിനിടെ പി.എസ്.ജിയുടെ തന്നെ സൂപ്പര്‍ താരം കെയ്ലിയന്‍ എംബാപ്പക്ക് പരിക്കേറ്റിരുന്നു.  ചാമ്പ്യന്‍സ് ലീഗില്‍ അടുത്ത ആഴ്ച ലിവര്‍പൂളിനെതിരെ നിര്‍ണായക മത്സരത്തിനിറങ്ങുന്ന പി.എസ്.ജിക്ക് ഇരുതാരങ്ങളുടെയും പരിക്ക് തിരിച്ചടിയായി. ഉറുഗ്വായ്‌ക്കെതിരെ ഫ്രാന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍