UPDATES

കായികം

ബ്രസീലിനെ സമനിലയിൽ തളച്ച് പാനമ; അർജന്റീനയ്ക്കു പിന്നാലെ ബ്രസീലിനും നിരാശ

പാനമയാണ് ബ്രസീലിനെ 1–1 സമനിലയിൽ പിടിച്ചത്. കഴിഞ്ഞ ദിവസം അർജന്റീന വെനസ്വേലയോട് 1–3നും തോറ്റിരുന്നു.

അർജന്റീനയ്ക്കു പിന്നാലെ ബ്രസീലിനും നിരാശ. ലാറ്റിനമേരിക്കൻ സൗഹൃദ ഫുട്ബോൾ മൽ‌സരങ്ങളിലാണ് ഇരു വമ്പന്മാർക്കും തോൽവി ഏറ്റു വാങ്ങേണ്ടി വന്നത്. പാനമയാണ് ബ്രസീലിനെ 1–1 സമനിലയിൽ പിടിച്ചത്. കഴിഞ്ഞ ദിവസം അർജന്റീന വെനസ്വേലയോട് 1–3നും തോറ്റിരുന്നു.

32–ാം മിനിറ്റിൽ എസി മിലാൻ താരം ലൂക്കാസ് പക്വേറ്റ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും നാലു മിനിറ്റിനുള്ളിൽ അഡോൾഫോ മക്കാഡോ പാനമയെ ഒപ്പമെത്തിച്ചു. പിന്നീടു കിട്ടിയ അവസരങ്ങൾ ബ്രസീലിനു മുതലാക്കാനായില്ല. പാനമ ഗോൾകീപ്പർ മെജിയയുടെ ഉജ്വല സേവുകളും ബ്രസീലിനെ ത‍ടഞ്ഞു നിർത്തി. പരുക്കേറ്റ് ടീമിനു പുറത്തായിട്ടും മൽസരം കാണാൻ ബ്രസീൽ സൂപ്പർ താരം നെയ്മർ പോർച്ചുഗൽ നഗരമായ പോർട്ടോയിലെത്തിയിരുന്നു.

കുടീഞ്ഞോ, ഫിർമിനോ, കാസെമിറോ, ആർതുർ എന്നിവരെല്ലാം ബ്രസീലിന്റെ ആദ്യ ഇലവനിലുണ്ടായിരുന്നു. കാസെമിറോയുടെ നെടുനീളൻ ക്രോസിനെ ഗോളിലേക്കു തട്ടിയിട്ടാണ് 32–ാം മിനിറ്റിൽ പക്വേറ്റ ബ്രസീലിനെ മുന്നിലെത്തിച്ചത്. എന്നാൽ ക്യാപ്റ്റൻ മക്കാഡോ തന്നെ പാനമയെ ഒപ്പമെത്തിച്ചു. എറിക് ഡേവിസിന്റെ ഫ്രീകിക്കിൽ നിന്നുള്ള ഹെഡറിലായിരുന്നു ഗോൾ. ബ്രസീൽ ഗോൾകീപ്പർ എദേഴ്സൺ ഓഫ്സൈഡിനായി തർക്കിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു.

രണ്ടാം പകുതിൽ എവർട്ടൻ താരം റിച്ചാർലിസന്റെ ഷോട്ടും കാസെമിറോയുടെ ഹെഡറും ക്രോസ് ബാറിലിടിച്ചത് ബ്രസീലിനു നിർഭാഗ്യമായി. ചൊവ്വാഴ്ച ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മൽസരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍