UPDATES

കായികം

ചാമ്പ്യന്‍സ് ലീഗ് : ലിവര്‍പൂളിന് അപ്രതീക്ഷിത തോല്‍വി, ബാഴ്‌സയ്ക്കും പിഎസ്ജിക്കും സമനില

കളിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ചിട്ടും ലിവര്‍പൂളിന് ഗോള്‍ മടക്കാനായില്ല. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരോട് തോറ്റ ലിവര്‍പൂള്‍ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.

ചാമ്പ്യന്‍സ് ലീഗില്‍ വിജയ കുതിപ്പ് തുടരാമെന്ന ആത്മവിശ്വാസത്തിലിറങ്ങിയ ലിവര്‍പൂളിന് തിരിച്ചടി. കരുത്തരായ ലിവര്‍പൂളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ് പരാജയപ്പെടുത്തിയത്. 22,29 മിനുട്ടുകളില്‍ മിലന്‍ പാവ്‌കോവാണ് റെഡ്സ്റ്റാറിനായി ഗോള്‍ നേടിയത്. കളിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ചിട്ടും ലിവര്‍പൂളിന് ഗോള്‍ മടക്കാനായില്ല.  ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരോട് തോറ്റ ലിവര്‍പൂള്‍ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.

അതേസമയം, ഗ്രൂപ്പ് ബിയിലെ വന്‍ ശക്തികളുടെ പോരില്‍ ബാഴ്‌സലോണയും ഇന്റര്‍മിലാനും സമനിലയില്‍ പിരിഞ്ഞു. നിശ്ചിത സമയത്ത് ഇരുടീമിനും ഓരോ ഗോള്‍ വീതം നേടാനേ ആയുള്ളൂ. കളിയില്‍ ഉടനീളം ആധിപത്യം കാട്ടിയ ബാഴ്‌സലോണയ്ക്ക് വേണ്ടി 83-ാം മിനിറ്റില്‍ മാല്‍കമാണ് ഗോളടിച്ചത്. എന്നാല്‍ കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കേ ഇന്റര്‍ മിലാന് വേണ്ടി ക്യാപ്റ്റന്‍ മൗറോ ഇകാര്‍ഡി സമനില ഗോള്‍ നേടി. 10 പോയിന്റുള്ള ബാഴ്‌സ തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ഇന്ററിന് ഏഴ് പോയിന്റുണ്ട്.

മറ്റൊരു മത്സരത്തില്‍ പിഎസ്ജിയും നാപോളിയും തമ്മിലുള്ള പോരാട്ടവും സമനിലയില്‍ അവസാനിച്ചു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ജുവാന്‍ ബെര്‍ണാഡാണ് പിഎസ്ജിക്കായി ഗോള്‍ നേടിയത്. 63-ാം മിനിറ്റില്‍ പ്രതിരോധ താരം തിയാഗോ സില്‍വയുടെ പിഴവിന് ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ചു ലോറന്‍സോ ഇന്‍സൈന്‍ നാപ്പോളിക്ക് സമനില നല്‍കി. ഇതോടെ ഗ്രൂപ്പ് സിയില്‍ ആറ് പോയിന്റുമായി നപോളി ഒന്നാമതെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍