UPDATES

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ തരിപ്പണമാക്കി ലിവര്‍പൂളിന് ത്രസിപ്പിക്കുന്ന ജയം; ഫൈനല്‍ പ്രവേശനം

മത്സരത്തിലുട നീളം ലിവര്‍പൂള്‍ നിര ആക്രമണ ഫുട്‌ബോള്‍ കളിച്ചപ്പോള്‍ ബാഴ്‌സ പിഴവുകള്‍ ആവര്‍ത്തിച്ചു.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാംപാദ സെമിഫൈനലില്‍ ആന്‍ഫീല്‍ഡിലെ ഗാലറികളില്‍ നിന്ന് അലറി വിളിച്ച ആരാധകര്‍ക്ക് വിജയ മധുരം. സ്വന്തം തട്ടകത്തിലെ തീപാറും പോരാട്ടത്തില്‍ ലിവര്‍ പൂളിന് ത്രസിപ്പിക്കുന്ന ജയം. മെസി ഉള്‍പ്പെടെയുള്ള താരനിരയെ കാഴ്ച്ചക്കാരാക്കിയാണ് ക്ലോപ്പിന്റെ ചെമ്പട ബാഴ്‌സയെ ഗോള്‍ മഴയില്‍ മുക്കിയത്. സലയില്ല, ഫര്‍മീനോയില്ല ജയം ബാഴ്‌സലോണയ്ക്ക് എന്ന് പറഞ്ഞവര്‍ക്ക് തെറ്റി. ആദ്യ പാദത്തിലെ തോല്‍വിക്ക് പകരമായി ലിവര്‍പൂള്‍ ബാഴ്‌സയെ തറപറ്റിച്ചു. ആദ്യ പാദത്തിലെ മൂന്ന് ഗോളിന്റെ ലീഡ് മറികടന്ന്  4-0ന്റെ വിജയവുമായി ലിവര്‍പൂള്‍ ഫൈനലില്‍ കടന്നു.

മത്സരത്തിലുട നീളം ലിവര്‍പൂള്‍ നിര ആക്രമണ ഫുട്‌ബോള്‍ കളിച്ചപ്പോള്‍ ബാഴ്‌സ പിഴവുകള്‍ ആവര്‍ത്തിച്ചു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇത് പ്രകടമായിരുന്നു. ഏഴാം മിനുട്ടില്‍ അബദ്ധം പറ്റിയത് ജോര്‍ദി ആല്‍ബയ്ക്ക് തന്നെയായിരുന്നു. പന്ത് കിട്ടിയത് ഹെന്‍ഡേഴ്‌സനും. ഹെന്‍ഡേഴ്‌സന്റെ ഗോളെന്ന് ഉറച്ച ഷോട്ട് ടെര്‍‌സ്റ്റേഗന്‍ തട്ടി അകറ്റി. പക്ഷെ ചെന്ന് വീണത് ഒറിഗിയുടെ കാലില്‍. ഒറിഗിയുടെ ഹോള്‍ ശ്രമം തടയാന്‍ ഗോള്‍ പോസ്റ്റില്‍ ആരും ഉണ്ടായിരുന്നില്ല. ലിവര്‍പൂള്‍ 1-0 ക്ക് മുന്നില്‍. ആദ്യ പകുതിയില്‍ പിന്നെ ഇരു ടീമുകളും സ്‌കോര്‍ ചെയ്തില്ല.

സൂപ്പര്‍ താരം മെസിയെ മാത്രം ആശ്രയിക്കുന്നതിന്റെയും അക്രമിച്ച് കളിക്കാതെ ഗോള്‍ വഴങ്ങാതിരിക്കാന്‍ ശ്രമിച്ചതിന്റെയും പ്രശ്‌നം ബാഴ്‌സയുടെ കളിയിലുടനീളം പ്രകടമായിരുന്നു. ആദ്യ പകുതിക്കിടെ പരിക്കേറ്റ റോബേര്‍ട്‌സണ് പകരം എത്തിയ വൈനാല്‍ഡം 54 ാം മിനുട്ടിലും 56 ാം മിനിറ്റിലും തകര്‍പ്പന്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു. സ്‌കോര്‍ 3-0, മൂന്നു ഗോളുകള്‍ നേടിയ ലിവര്‍പുളിനെ ആക്രമിക്കാന്‍ പോലും മെസിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല. ഒരു ഘട്ടത്തില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് എത്തുമെന്ന് തോന്നിച്ചെങ്കിലും 79ആം മിനുട്ടില്‍ ലിവര്‍പൂളിനായി വിജയ ഗോള്‍ പിറന്നു.

തങ്ങള്‍ക്ക് അനുകൂലമായി കിട്ടിയ കോര്‍ണര്‍ അവര്‍ നന്നായി ഉപയോഗിച്ചു. അര്‍നോള്‍ഡ് കോര്‍ണര്‍ എടുക്കാന്‍ നില്‍ക്കുമ്പോള്‍ ബാഴ്‌സ ആരാധകരുടെ മുഖത്ത് പരാജയ ഭീതി നിറഞ്ഞു. അതിവേഗത്തിലുള്ള ക്രോസ് ഒരു വലങ്കാലിലൂടെ തട്ടി ഒറിഗി വലയിലാക്കി ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍